നാൽപ്പത്തിയഞ്ചു ശതമാനം ഡിമെൻഷ്യയും പ്രതിരോധിക്കാവുന്നതോ വൈകിപ്പിക്കാവുന്നതാണോ ആണെന്ന് ലോകാരോഗ്യസംഘടന. ഡിമെൻഷ്യക്ക് പരിഹാരമില്ലെങ്കിലും അപകടസാധ്യതാ ഘടകങ്ങളിൽ മാറ്റംവരുത്തുന്നതിലൂടെ ഡിമെൻഷ്യ സാധ്യത കുറയ്ക്കാനാവുമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.
പുകയില, മദ്യപാനം, സാമൂഹിക ഒറ്റപ്പെടൽ, വ്യായാമം ഇല്ലാതിരിക്കൽ, വായുമലിനീകരണം തുടങ്ങിയവ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ഡിമെൻഷ്യ സാധ്യതയും കുറയ്ക്കാനാവുമെന്നാണ് കണ്ടെത്തൽ. വരും ദശകങ്ങളിൽ ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിനായി അവബോധവും ഇടപെടലും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ലോകാരോഗ്യസംഘടന പറയുന്നു. 65 വയസ്സിന് ശേഷം ഡിമെൻഷ്യ കൂടുതൽ സാധാരണമാണെങ്കിലും വാർധക്യത്തിൽ ഈ രോഗം വരണമെന്ന് നിർബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന ഊന്നിപ്പറഞ്ഞു.
ഡിമെൻഷ്യക്ക് ചികിത്സയില്ലാത്തതുകൊണ്ടും കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും ഏറ്റവും ഫലപ്രദമായ തന്ത്രം പ്രതിരോധം തന്നെയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിക്കുന്നത് ഗുണംചെയ്യുമെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർക്കുന്നു.
എന്താണ് ഡിമെൻഷ്യ?
ലോകത്താകമാനം 55 ദശലക്ഷം ആളുകളാണ് ഡിമെൻഷ്യാബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽസ്ഹൈമേഴ്സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽസ്ഹൈമേഴ്സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്. ഈ രോഗത്തിന് ശാരീരികവും മാനസികയും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
Content Highlights: 45% of dementia cases are potentially preventable or delayable., Key risk factors include smoking, alcohol, inactivity, and air pollution., Managing hypertension, diabetes, and cholesterol is crucial for brain health
Published: 16 Jul 2026, 08:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented