പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് ഡി.ഡി. എന്ന പേരിൽ അറിയപ്പെടുന്ന ദിവ്യദർശിനി. തമിഴ് ടി.വി. ഷോകളിലൂടെ പ്രശസ്തയായ ദിവ്യദർശിനി തന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിനേക്കുറിച്ചാണ് ഡി.ഡി. പോസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് കാൽമുട്ടിന് വലിയ ശസ്ത്രക്രിയ നടന്നുവെന്നും കാൽമുട്ട് മുഴുവനായും മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് നടന്നതെന്നും ഡി.ഡി. കുറിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇത് തന്റെ വലതുകാൽമുട്ടിൽ നടത്തുന്ന നാലാമത്തെ സർജറിയാണെന്നും ഡി.ഡി. പറയുന്നു. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഈ സർജറി അവസാനത്തേതായിരിക്കണമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും ഡി.ഡി കുറിച്ചു. അതിനുശേഷം വളരെ ബുദ്ധിമുട്ടുള്ള ദിനങ്ങളിലൂടെയാണ് കടന്നുപോയത്. തന്നെ ഓൺസ്ക്രീനിൽ സ്നേഹിച്ചവർക്കുവേണ്ടിയാണ് സർജറി കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ഈ പോസ്റ്റ് പങ്കുവെക്കുന്നത്. ഇത്രയധികം നിസ്വാർഥ സ്നേഹം ലഭിക്കാൻ താൻ എന്താണ് ചെയ്തതെന്ന് അത്ഭുതപ്പെടുന്നു. തന്നെ ഇക്കാലമത്രയും പിന്തുണച്ച എല്ലാവർക്കും തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നുവെന്നും ദിവ്യദർശിനി കുറിച്ചു. കരുത്തയായി തിരിച്ചുവരുമെന്നു കുറിച്ച ഡി.ഡി. ശസ്ത്രക്രിയാസമയത്ത് താങ്ങായ എല്ലാ ഡോക്ടർമാർക്കും നന്ദി അറിയിക്കുന്നുമുണ്ട്.
കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവരുന്നതെപ്പോൾ?
മരുന്ന് ചികിത്സ, വ്യായാമം തുടങ്ങിയവകൊണ്ടൊന്നും മുട്ട് തേയ്മാനത്തിന് ആശ്വാസം കിട്ടാതെ വരുക, മുട്ടിന്റെ പ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുക, മുട്ടിന് രൂപവ്യത്യാസങ്ങള്‍ വരുക തുടങ്ങിയ ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ് കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരിഗണിക്കുന്നത്.
അതായത് മുട്ടുതേയ്മാനം അതിന്റെ നാലാം സ്റ്റേജിലേക്ക് എത്തിയിരിക്കും. ഈ ഘട്ടത്തില്‍ നടക്കാനും ഇരിക്കാനും സ്റ്റെപ്പ് കയറാനുമെല്ലാം പ്രയാസം നേരിടും. തേയ്മാനം കാരണം മുട്ടുസന്ധിയിലെ എല്ലുകള്‍ തമ്മില്‍ ഉരയുന്ന ഘട്ടം എത്തുകയും ചെയ്യും. തേയ്മാനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മരുന്നുചികിത്സയും പേശികള്‍ക്ക് ബലം നല്‍കുന്ന വ്യായാമങ്ങളുമാണ് നല്‍കുന്നത്.
എന്നാല്‍ ഇതുകൊണ്ടൊന്നും ഫലം കിട്ടാത്ത ഘട്ടത്തില്‍ സര്‍ജറി ആവശ്യമായിവരും. മുട്ടുതേയ്മാനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന് പ്രായാധിക്യമാണ്. 55 വയസ്സിന് മുകളിലുള്ളവര്‍ക്കാണ്് ഈ പ്രശ്നം കൂടുതലായി കാണുന്നത്. അമിത ശരീരഭാരം ഉള്ളവരില്‍ പലര്‍ക്കും മുട്ടുതേയ്മാനം നേരത്തെ തന്നെ വരുന്നതായി കാണുന്നുണ്ട്. വാതസംബന്ധമായ അസുഖങ്ങളും തേയ്മാനത്തിന് കാരണമാകും. ഇതിന് പുറമേ ചെറുപ്പകാലത്ത് ഉണ്ടാകുന്ന പരിക്കുകളും തകരാറുകളും കൃത്യമായി ചികിത്സിക്കാതെ അവഗണിക്കുന്നതും ഭാവിയില്‍ തേയ്മാനത്തിന് കാരണമാകാം.
പിന്നീടാവാം എന്ന് കരുതിയാല്‍
മുട്ടുമാറ്റിവയ്ക്കല്‍ സര്‍ജറി പലരും നീട്ടിവയ്ക്കാറുണ്ട്. പരമാവധി മുന്നോട്ട് പോകാം, തീരേ വയ്യാതാകുമ്പോള്‍ സര്‍ജറി ചെയ്താല്‍ മതിയല്ലോ എന്ന് കരുതും. എന്നാല്‍ സര്‍ജറി ആവശ്യമായ ഘട്ടത്തിലാണ് തേയ്മാനം എത്തിനില്‍ക്കുന്നത് എന്ന് കണ്ടെത്തിയാല്‍ പിന്നെ നീട്ടിവയ്ക്കുന്നത് ഗുണകരമാകില്ല. കാരണം നീട്ടിവയ്ക്കുന്തോറും തേയ്മാനവും കൂടിക്കൊണ്ടിരിക്കും. കാലക്രമേണ തേയ്മാനം വളരെ കൂടുകയും മുട്ടിന് ചുറ്റുമുള്ള ലിഗമെന്റുകളും പേശികളും ഉറച്ചുപോകുകയും ചെയ്യും. മുട്ടിലുണ്ടായ രൂപമാറ്റങ്ങള്‍ ഇതുകാരണം നിലനില്‍ക്കും. ഇതെല്ലാം സര്‍ജറിയുടെ ഫലം കുറയാന്‍ കാരണമാകും. മാത്രമല്ല പ്രായം കൂടുന്തോറും സര്‍ജറി ചെയ്യുന്നതിനുള്ള പൊതുവായ റിസ്‌കും കൂടുതലാണ്.
ഒരു മുട്ടിന് മാത്രമാണ് തേയ്മാനം ഉണ്ടായതെന്ന് കരുതുക. അത് ചികിത്സിക്കാതെ മുന്നോട്ട് പോകുമ്പോള്‍ മറ്റേമുട്ടിനും വളരെ വേഗം തേയ്മാനം രൂപപ്പെടും. അതുവരെ തേയ്മാനമുണ്ടായിട്ടില്ലാത്ത കാലിന് കൂടുതല്‍ ഭാരം താങ്ങേണ്ടിവരുന്ന രീതിയിലായി മാറും നില്‍പ്പും നടപ്പുമെല്ലാം. ഒരു മുട്ടുമാത്രം മാറ്റിവെക്കേണ്ടിയിരുന്ന ആള്‍ക്ക് രണ്ട് മുട്ടും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്താം.
സര്‍ജറിക്ക് ഒരുങ്ങുമ്പോള്‍
മറ്റ് ഏത് സര്‍ജറിക്കും എന്നതുപോലെതന്നെ മുട്ടുമാറ്റിവയ്ക്കല്‍ സര്‍ജറിയിലും പൊതുവായ ആരോഗ്യം വിലയിരുത്തും. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കില്‍ അത് പരിഹരിക്കും. ഷുഗര്‍നില സാധാരണ നിലയിലാണോ എന്ന് വിലയിരുത്തും.
പരിശോധന
തേയ്മാനം കണ്ടെത്താന്‍ രോഗിയുടെ നിന്നിട്ടുള്ള എക്‌സറേ മാത്രം മതി. രോഗിക്ക് കഠിനവേദനയുണ്ട്. എന്നാല്‍ എക്സറേയില്‍ അതിന് മാത്രം തേയ്മാനം കാണുന്നുമില്ല എന്ന അവസ്ഥയുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം എം.ആര്‍.ഐ. സ്‌കാനിങ്ങും ആവശ്യമായി വരാം.
സര്‍ജറി എങ്ങനെ
മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ജനറല്‍ അനസ്തേഷ്യ ആവശ്യമില്ല. ആ ഭാഗം മാത്രം തരിപ്പിച്ചാണ് സര്‍ജറി പൂര്‍ത്തിയാക്കുക.
തുടയെല്ലിന്റെ താഴെ ഭാഗവും കണങ്കാല്‍ എല്ലിന്റെ മുകള്‍ഭാഗവുമാണ് മുട്ടുസന്ധിയില്‍ ചേര്‍ന്നുവരുന്നത്. ഈ രണ്ട് എല്ലുകളുടെയും അറ്റം തരുണാസ്ഥികള്‍ (കാര്‍ട്ടിലേജ്) കൊണ്ട് പൊതിഞ്ഞിരിക്കും. കൃത്രിമമുട്ട് പിടിപ്പിക്കാനായി ഈ രണ്ട് എല്ലുകളുടെയും തരുണാസ്ഥി ഉള്‍പ്പെടുന്ന ഭാഗം അഞ്ചോ ആറോ മില്ലീമീറ്റര്‍ നീക്കം ചെയ്യും. അതിനുശേഷം തുടയെല്ലിന്റെ കീഴ്ഭാഗവും കണങ്കാല്‍ എല്ലിന്റെ മുകള്‍ ഭാഗവും കൃത്യമായ രീതിയില്‍ ഷെയ്പ്പ് ചെയ്‌തെടുക്കണം. ഇത് വളരെ സൂക്ഷ്മമായി ചെയ്യേണ്ട കാര്യമാണ്. ഇവിടേക്കാണ് ലോഹസങ്കരംകൊണ്ട് നിര്‍മിച്ച കൃത്രിമ മുട്ട് വെച്ച്പിടിപ്പിക്കേണ്ടത്. സര്‍ജറിയുടെ വിജയം ഇതിനെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.
ടൈറ്റാനിയം, കോബാള്‍ട്ട്, ക്രോമിയം തുടങ്ങിയവയുടെ സങ്കരംകൊണ്ടാണ് കൃത്രിമമുട്ട് നിര്‍മിച്ചിരിക്കുന്നത്. ഈ ലോഹസങ്കരംകൊണ്ട് നിര്‍മിച്ച ഭാഗം എല്ലുകളുമായി ഘടിപ്പിക്കും. ഇതോടൊപ്പം അള്‍ട്രാ ഹൈ മോളിക്കുലാര്‍ വെയ്റ്റ് പോളിഎത്തിലിന്‍കൊണ്ട് നിര്‍മിച്ച പാളിയുമുണ്ടാകും. ഇതാണ് കാര്‍ട്ടിലേജായി പ്രവര്‍ത്തിക്കുന്നത്. മുട്ട് ഘടിപ്പിക്കുന്നതിനുവേണ്ടി മുട്ടില്‍ 10 മുതല്‍ 12 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവ് വേണ്ടിവരും. ഒരു മണിക്കൂര്‍ മുതല്‍ ഒന്നരമണിക്കൂര്‍കൊണ്ട് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
സര്‍ജറിക്കുശേഷം
മുട്ട് മാറ്റിവെച്ചതിനുശേഷം മൂന്നോ നാലോ ദിവസം ആശുപത്രിവാസം വേണം. സര്‍ജറി കഴിഞ്ഞ ദിവസം വൈകീട്ടുതന്നെ രോഗിക്ക് വാക്കറിന്റെ സഹായത്തോടെ നടക്കാനാകും. പേശികളുടെ ബലവും പ്രായവുമെല്ലാം അനുസരിച്ച് അഞ്ച് മുതല്‍ 15 ദിവസം വരെ വാക്കര്‍ ഉപയോഗിക്കേണ്ടിവരാം. അതിന് ശേഷം വാക്കര്‍ ഇല്ലാതെ തന്നെ നടക്കാനും കഴിയും. നാലോ അഞ്ചോ പടവുകള്‍ കയറാനാകും.
മൂന്ന് മുതല്‍ അഞ്ച് മാസംവരെ മുട്ടില്‍ ചെറിയ വേദന അനുഭവപ്പെടാം. അത് കഴിയുന്നതോടെ പൂര്‍ണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകും. സര്‍ജറിക്ക് ശേഷം ചിലര്‍ക്ക് ഇന്ത്യന്‍ ക്ലോസറ്റില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്.
മുട്ട് മാറ്റിവെച്ചതിനുശേഷം അഞ്ചോ ആറോ മാസം ഡോക്ടര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യണം. തേയ്മാനം കൂടുതലുള്ളവര്‍ക്ക് ഈ വ്യായാമങ്ങള്‍ ഒരു വര്‍ഷം വരെ തുടരേണ്ടിവരും. ഇത് വീട്ടില്‍വെച്ചുതന്നെ ചെയ്യാം. ദിവസവും 15 മുതല്‍ 20 മിനിറ്റ് വരെ ചെയ്യാവുന്നതാണ്.
അണുബാധകള്‍ക്കെതിരെ കരുതല്‍ വേണം. മൂത്രത്തിലുള്ള പഴുപ്പ്, ന്യുമോണിയ ഇങ്ങനെയുള്ള അണുബാധകള്‍ അവഗണിക്കരുത്. അത് യഥാസമയം ചികിത്സിക്കണം. പല്ല് എടുക്കുകയാണെങ്കില്‍ മുട്ട് മാറ്റിവെച്ചതിന് ശേഷം മൂന്നോ നാലോ മാസംകഴിഞ്ഞ് മതി.
വിജയസാധ്യത
സര്‍ജറിയുടെ വിജയം തീരുമാനിക്കുന്നത് എത്ര കൃത്യതയോടെയാണ് ഇംപ്ലാന്റ് മുട്ടിനുള്ളില്‍ സ്ഥാപിക്കുന്നത് എന്നതിന് അനുസരിച്ചാണ്. തേഞ്ഞുപോയ ഭാഗവും കുറച്ച് നോര്‍മല്‍ ഭാഗവും നീക്കം ചെയ്താണ് മുട്ട് മാറ്റിവയ്ക്കുന്നത്. അപ്പോള്‍ എത്രമാത്രം തേയ്മാനം ഉണ്ടായിട്ടുണ്ട് എന്ന് കണക്കാക്കി കൃത്യമായി അത് നീക്കം ചെയ്താല്‍ മാത്രമേ ഇംപ്ലാന്റ് ശരിയായ രീതിയില്‍ മുട്ടുസന്ധിയില്‍ നിലനില്‍ക്കുകയുള്ളൂ. പലപ്പോഴും സര്‍ജറി ചെയ്യുമ്പോള്‍, മുട്ടിന് വളവ് കാണാറുണ്ട്. മുട്ടിന്റെ വളവ് നിവര്‍ത്തണം. മുട്ടിന് ചുറ്റുമുള്ള പേശികളുടെ ബലം എത്രമാത്രം നിലനിര്‍ത്താനാകുന്നു എന്നതും സര്‍ജറിയുടെ വിജയസാധ്യതയെ സ്വാധീനിക്കുന്നു. വളരെ വിജയകരമായി നടത്തിയ മുട്ട് മാറ്റിവെയ്ക്കല്‍ 20 മുതല്‍ 25 വര്‍ഷം വരെ മികച്ച ഫലം നല്‍കും.
കൃത്രിമ മുട്ട് പൊട്ടിപ്പോകുമോ
മുട്ട് മാറ്റിവെച്ചാല്‍ ചെറിയതോതില്‍ മുട്ട് എവിടെയെങ്കിലും ഇടിച്ചുപോയാല്‍ അത് പൊട്ടിപ്പോകുമോ എന്ന ആശങ്കയുണ്ടാകാം. എന്നാല്‍ അതിന്റെ ആവശ്യമില്ല. സാധാരണ ഒരാള്‍ക്ക് വീഴ്ചയില്‍ പറ്റുന്ന അപകടങ്ങള്‍ മാത്രമേ കൃത്രിമ മുട്ട് വെച്ച ആള്‍ക്കും സംഭവിക്കുകയുള്ളൂ.
രണ്ടുമുട്ടും ഒരേസമയം മാറ്റിവയ്ക്കാം
രണ്ട് കാല്‍മുട്ടിനും തേയ്മാനമുള്ളയാള്‍ക്ക് ഒറ്റത്തവണ തന്നെ രണ്ടും മാറ്റിവയ്ക്കാന്‍ കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ പ്രായവും മറ്റും പ്രധാന ഘടകമാണ്.
70 വയസ്സിന് താഴെ പ്രായമുള്ളയാള്‍ക്ക് കാര്യമായ ഹൃദയസംബന്ധ തകരാറുകള്‍ ഒന്നുമില്ലെങ്കില്‍ ഒറ്റ സര്‍ജറിയില്‍ തന്നെ രണ്ട് മുട്ടും മാറ്റിവയ്ക്കാം. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓരോ മുട്ടുകളായി രണ്ട് ഘട്ടങ്ങളില്‍ മാറ്റിവയ്ക്കുന്നതാണ് അഭികാമ്യം.
ഒരേസമയം തന്നെ രണ്ട് മുട്ടും മാറ്റിവയ്ക്കുമ്പോള്‍ രണ്ട് തവണയായുള്ള ആശുപത്രിവാസവും മറ്റും ഒഴിവാക്കാം. വളഞ്ഞുപോയ രണ്ട് മുട്ടുകളും ഒരേസമയം നേരെയാകുന്നതിലൂടെ നടക്കാനും മറ്റും കൂടുതല്‍ എളുപ്പമാകും.
ഭാഗികമായി മുട്ട് മാറ്റിവയ്ക്കാനാകുമോ
മുട്ടിനകത്ത് മൂന്ന് അറകളുണ്ട്. ഇന്നര്‍ കംപാര്‍ട്ട്‌മെന്റ് (Medial compartment), ഔട്ടര്‍ കംപാര്‍ട്ട്‌മെന്റ് (Lateral compartment), മുട്ട്ചിരട്ടയുടെ ഭാഗം(Patellofemoral compartment). പലപ്പോഴും തേയ്മാനം തുടങ്ങുന്നത് ഇന്നര്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നായിരിക്കും. തേയ്മാനം അവിടെ മാത്രമാണെങ്കില്‍, പേശികളും ലിഗമെന്റുകളുമെല്ലാം നോര്‍മലാണെങ്കില്‍ തേഞ്ഞുപോയ ഇന്നര്‍ കംപാര്‍ട്ട്‌മെന്റ് മാത്രമായി മാറ്റിവയ്ക്കാം. അത്തരം സര്‍ജറികള്‍ വളരെ കൃത്യതയോടെ ചെയ്താല്‍ മാത്രമേ വിജയം നേടാനാകൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ റോബോട്ടിക് സര്‍ജറി കൂടുതല്‍ ഗുണം ചെയ്യും.
ഭാഗികമായ മുട്ട് മാറ്റിവയ്ക്കലിനുശേഷം സ്വാഭാവിക മുട്ട് പോലെതന്നെയാണ് അനുഭവപ്പെടുക. ഭാഗികമായ മൂട്ട് മാറ്റിവയ്ക്കല്‍ സര്‍ജറിക്കുശേഷം പിറ്റേന്നുതന്നെ ആശുപത്രി വിടാം. വാക്കറിന്റെ സഹായമില്ലാതെ നടക്കാനും രണ്ട് മൂന്ന് ആഴ്ചയ്ക്കകം ചെറിയ ജോലികളെല്ലാം ചെയ്യാനും സാധിക്കും. രണ്ടുമാസംകൊണ്ട് പൂര്‍ണമായും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാം. ഈ സര്‍ജറിയില്‍, തേഞ്ഞുപോയ തരുണാസ്ഥി മാത്രമേ മാറ്റേണ്ടതുള്ളൂ. കാര്‍ട്ടിലേജിന് താഴെയുള്ള ഒരു മില്ലീമീറ്റര്‍ അസ്ഥി മാത്രമാണ് നീക്കേണ്ടത്. 15 മുതല്‍ 20 വരെ വര്‍ഷം ഇത് ഫലം നല്‍കുന്നുണ്ട്.
ചെലവേറിയ ചികിത്സയാണോ
സാധാരണമായി രണ്ടുലക്ഷം മുതല്‍ രണ്ടരലക്ഷം വരെ ചെലവ് വരുന്നതാണിത്. വിദേശനിര്‍മിത ഇംപ്ലാന്റുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.
തുടര്‍പരിശോധന
ഡിസ്ചാര്‍ജിനുശേഷം രണ്ടാഴ്ച എത്തുമ്പോള്‍ ആശുപത്രിയില്‍ വരണം. പിന്നീട് രണ്ടുമാസം എത്തുമ്പോഴാണ് പരിശോധന വേണ്ടിവരുന്നത്. പിന്നീട് ഒരു വര്‍ഷമെത്തുമ്പോഴും അതിനുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞും പരിശോധനയ്ക്ക് എത്തണം.
റോബോട്ടിക് നീ റീപ്ലേസ്‌മെന്റ് സര്‍ജറി
മുട്ടിനുള്ളിലെ എത്രഭാഗങ്ങള്‍ തേയ്മാനം വന്ന് നഷ്ടമായിട്ടുണ്ടെന്ന് മനസ്സിലാക്കാനും അതിസൂക്ഷ്മതയോടെ മുട്ട് മാറ്റിവയ്ക്കാനും റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കുന്നു. തേയ്മാനം കാരണം മുട്ടിന് എത്രമാത്രം വളവ് വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാനും ചുറ്റുമുള്ള പേശികളുടെ സ്ട്രച്ചിങ് കപ്പാസിറ്റി എത്രയുണ്ടെന്ന് മനസ്സിലാക്കി അതിന് അനുസരിച്ച് കൃത്യമായി കൃത്രിമമുട്ട് ഉറപ്പിക്കാനും കഴിയും. അങ്ങനെയാകുമ്പോള്‍ കൃത്രിമമുട്ട് ദീര്‍ഘകാലം നിലനില്‍ക്കും. മുറിവിന്റെ വലുപ്പം വളരെ കുറവ്, ആശുപത്രി വാസം കുറയ്ക്കാം, വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയും, രക്തനഷ്ടം കുറവായിരിക്കും തുടങ്ങിയ മെച്ചങ്ങളും റോബോട്ടിക് നീ റീപ്ലേസ്‌മെന്റ് സര്‍ജറിക്കുണ്ട്.
മുട്ടുതേയ്മാനം സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സമീര്‍ അലി പറവത്ത്
ജോയ്ന്റ് റീപ്ലേസ്‌മെന്റ് & ആര്‍ത്രോസ്‌കോപ്പി വിഭാഗം കണ്‍സള്‍ട്ടന്റ്, ഹെഡ്
മേയ്ത്ര ഹോസ്പിറ്റൽ
Content Highlights: dd shares knee replacement surgery update
Published: 12 Sept 2024, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented