ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്. ചർമത്തിലെ അഴുക്കുകൊണ്ടാണ് താരൻ ഉണ്ടാകുന്നതെന്ന് പലരും കരുതുന്നു. എന്നാൽ നമ്മുടെ ശീലങ്ങൾ, തലയോട്ടിയുടെ ആരോഗ്യം, നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നതെല്ലാം ഈ അവസ്ഥയെ ബാധിക്കുന്നു. താരന്റെ മൂലകാരണം മനസ്സിലാക്കുന്നത് പ്രശ്നത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. താരൻ വീണ്ടും വരാൻ കാരണമാകുന്ന നാല് കാരണങ്ങളെക്കുറിച്ചും റിപ്പോർട്ട് വ്യക്തമാക്കുന്നു.

To advertise here,

ചികിത്സ നേരത്തെ നിർത്തുന്നത്

ചർമത്തിലെ ചൊറിച്ചിൽ കുറഞ്ഞുതുടങ്ങുമ്പോൾ പലരും ചികിത്സ നിർത്തുന്നു. താരൻ ഒരു രോഗമാണ്. അതിന് സ്ഥിരമായ ശ്രദ്ധ ആവശ്യമാണ്. വളരെ നേരത്തെ ചികിത്സ നിർത്തുന്നത് താരൻ വീണ്ടും വരാൻ ഇടയാക്കിയേക്കും. തലയോട്ടിയുടെ അടിസ്ഥാന പ്രശ്നം കണ്ടെത്തി പൂർണമായി സുഖപ്പെടുന്നതുവരെ ചികിത്സ നിർത്താൻ പാടില്ല.

ഷാംപൂ ആവശ്യത്തിന് തേക്കാതെ ഇരിക്കുന്നത്

താരനെ പ്രതിരോധിക്കുന്ന ഷാംപൂകൾ പ്രവർത്തിക്കാൻ സമയമെടുക്കും. ആവശ്യത്തിന് തേച്ച് സമയമെടുത്ത് വേണം ഷാംപൂ കഴുകിക്കളയാൻ. കുറഞ്ഞത് 4-5 മിനിറ്റെങ്കിലും തലയിൽ വെച്ചതിന് ശേഷംവേണം അവ കഴുകിക്കളയാൻ. ഇത് ഫംഗസ് കുറയ്ക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്നു.

അമിതമായ എണ്ണ ഉപയോഗം

മുടിയിൽ എണ്ണ തേക്കുന്നത് വലിയ പ്രശ്നമുണ്ടാക്കുന്ന കാര്യമല്ല. എന്നാൽ, അത് തെറ്റായ രീതിയിൽ ചെയ്യുന്നത് താരൻ വർധിക്കാൻ ഇടയാക്കും. രാത്രി മുഴുവൻ തലയോട്ടിയിൽ എണ്ണ പുരട്ടി വയ്ക്കുന്നതുപോലത്തെ ശീലം പൊടി അടിഞ്ഞുകൂടുന്നതിനും സെബം ഉത്പാദനം വർധിപ്പിക്കാനും കാരണമാകും. കഴുകുന്നതിന് 2-3 മണിക്കൂർ മുമ്പ് മുടിയിൽ എണ്ണ തേക്കുന്നതാണ് ശരിയായ രീതി.

ആരോഗ്യപരമായ അവസ്ഥകൾ

താരൻ വേഗത്തിൽ പടരുകയോ കഠിനമായ ചൊറിച്ചിലിന് കാരണമാകുകയോ ചെയ്താൽ ശ്രദ്ധവേണം. ഇത് seborrhoeic dermatitis, eczema, psoriasis പോലുള്ള അവസ്ഥയാകാൻ സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അടിസ്ഥാനപരമായ കാരണം കണ്ടെത്താനും ഫലപ്രദമായ ചികിത്യ്ക്കും ഒരു ഡോക്ടറെ കാണേണ്ടതാണ്.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)