കോഴിക്കോട്: എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധന്‍ ഡോ.പി.പി. വേണുഗോപാലന്റെ പേരില്‍ വാട്‌സ്അപ്പില്‍ വ്യാജ സന്ദേശം. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചാണ് ഡോക്ടറുടെ പേരില്‍ വ്യാജ സന്ദേശം ഷെയര്‍ ചെയ്യുന്നത്. ഈ സന്ദേശം തെറ്റാണെന്നും ഇത്തരമൊരു സന്ദേശം താന്‍ നല്‍കിയിട്ടില്ലെന്നും ആരും അവ ഷെയര്‍ ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു. 'എന്റെ പേരും സ്ഥാപനത്തിന്റെ പേരും ഉപയോഗിച്ച് വാട്‌സാപ്പില്‍ കോവിഡിന്റെ മൂന്നാം തരംഗത്തപറ്റി തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട, അത് വൈറലാണ്. ഇതിലുള്ള കാര്യങ്ങളൊന്നും ശാസ്ത്രീയമായ അടിത്തറയുള്ളവയല്ല.  ഈ സന്ദേശം പരത്തുന്നവര്‍ എന്റെയും സ്ഥാപനത്തിന്റെയും പേര് ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വ്യാജമാണ്.' അദ്ദേഹം പറയുന്നു. 

മൂന്നാം തരംഗം അപ്‌ഡേറ്റ് എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. ചുമയോ പനിയോ ഇല്ലെന്നും മരണനിരക്ക് കൂടുമെന്നും പരിശോധനയില്‍ അറിയാന്‍ കഴിയില്ലെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. 

കേരളത്തില്‍ ദിവസവും 30000 ത്തോളം കോവിഡ് കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ആളുകളുടെ ഇടയില്‍ ആവശ്യമില്ലാത്ത ഒരു ഭീതിയും മറ്റും പരത്താന്‍ ഈ മെസേജുകള്‍ ഇടയാക്കുമെന്നും ഡോക്ടര്‍ അറിയിച്ചു. മൂന്നാം തരംഗം തുടങ്ങിയോ എന്നതുപോലും ഉറപ്പായിട്ടില്ലെന്നും, ഇപ്പോഴും രണ്ടാം തരംഗം തന്നെയാണ് തുടരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. സന്ദേശത്തിനെതിരെ സൈബര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. കൊറോണയെ നേരിടാന്‍ ആദ്യം മുതലേ വിദഗ്ധര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോഴും സ്വീകരിക്കേണ്ടത് എന്നും ഡോ. വേണുഗോപാലന്‍. വാക്‌സിന്‍ സ്വീകരിക്കുക, പിന്നെ ആദ്യം മുതലേ നിര്‍ദേശിച്ചിരിക്കുന്ന സാമൂഹിക അകലം, മാസ്‌ക്, കൈകഴുകല്‍ എന്നിവ പാലിക്കുക എന്നിവയാണ് അത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയാണ് ഡോ.പി.പി വേണുഗോപാലന്‍. 

Content Highlights: Covid 19 Dr. Venugopalan P. P file complaint against false information