ലോക്ഡൗണില്‍ കുടുങ്ങി കേരളത്തില്‍ രക്തദാനത്തില്‍ വന്‍കുറവ്. കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ദാതാക്കളില്‍ ചിലര്‍ മടിച്ചുനില്‍ക്കുന്നതും രക്തസംഭരണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

To advertise here,

രക്തംകിട്ടാത്തതിനാല്‍ സര്‍ക്കാര്‍ആശുപത്രികളിലടക്കം ശസ്ത്രക്രിയകള്‍ മുടങ്ങി. ബ്ലഡ്ബാങ്കുകളിലേക്കുള്ള രക്തവരവിന്റെ പ്രധാന സ്രോതസ്സായ രക്തദാന ക്യാമ്പുകള്‍ മുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഐ.എം.എ.യുടെ ബ്ലഡ് ബാങ്കുകളിലും പലയിടങ്ങളിലും ആവശ്യത്തിന് രക്തംകിട്ടാതായിട്ടുണ്ട്.

സാധാരണഗതിയില്‍ രണ്ടുതരത്തിലാണ് ബ്ലഡ് ബാങ്കുകളിലേക്ക് രക്തസംഭരണം നടത്താറുള്ളത്. ബ്ലഡ്ബാങ്കുകളില്‍ നേരിട്ടെത്തി രക്തദാനം നടത്തുന്നവര്‍ ഇപ്പോഴും മിക്കയിടങ്ങളിലും അതിന് തയ്യാറാകുന്നുണ്ട്. എന്നാല്‍, വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകള്‍ ലോക്ഡൗണ്‍മൂലം ഇപ്പോള്‍ ഒരിടത്തും നടക്കുന്നില്ല.

മിക്ക ക്യാമ്പുകളില്‍നിന്നും ശരാശരി 50-ഓളം പേരുടെ രക്തം ശേഖരിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഐ.എം.എ.യുടെ കണക്ക്.

ആ സ്ഥാനത്ത് ഇപ്പോള്‍ ഒരാളുടെപോലും രക്തംകിട്ടാത്തത് സംഭരണത്തെ ബാധിച്ചു. അപൂര്‍വ രക്തഗ്രൂപ്പുകള്‍ ലഭിച്ചിരുന്നതും പുറത്ത് നടത്തിയിരുന്ന ക്യാമ്പുകളിലൂടെയായിരുന്നു.

ക്യാമ്പുകള്‍ പുനരാരംഭിക്കാന്‍ ശ്രമം
രക്തദാന ക്യാമ്പുകള്‍ അടുത്തയാഴ്ചയോടെ പുനരാരംഭിക്കാനാണ് ഐ.എം.എ. അടക്കമുള്ള ബ്ലഡ് ബാങ്കുകള്‍ ശ്രമിക്കുന്നത്. ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുകൂല മറുപടിയുണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും ഐ.എം.എ. പറയുന്നു. കോവിഡ്കാലത്തെ പ്രതിരോധമാര്‍ഗങ്ങളും സാമൂഹികഅകലം അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാകും ക്യാമ്പുകള്‍ പുനരാരംഭിക്കുന്നത്.

പരിശോധനകളിലും മാറ്റം
രക്തദാനത്തിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്ന പരിശോധനകള്‍ നടത്തിയ ശേഷമാകും രക്തദാതാക്കളെ പ്രവേശിപ്പിക്കുക. താപനില അളന്നശേഷമേ ഒരാളെ അകത്തുപോലും പ്രവേശിപ്പിക്കൂ. അതിനുശേഷമാകും പ്രഷര്‍, പള്‍സ്, ഭാരം തുടങ്ങിയ പതിവുപരിശോധനകള്‍. ദാതാവ് സമീപകാലത്ത് സംസ്ഥാനത്തിനുപുറത്തോ വിദേശത്തോ പോയിട്ടുണ്ടോയെന്നതടക്കമുള്ള അന്വേഷണങ്ങളും നടത്തും.

തെറ്റിദ്ധാരണകള്‍ ഏറി
തെറ്റിദ്ധാരണകള്‍ ഏറിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോവിഡ്ഭീതിയില്‍ നാടുനില്‍ക്കുമ്പോള്‍ രക്തം ദാനംചെയ്യുന്നത് കുഴപ്പമാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്. സ്ഥിരം ദാതാക്കള്‍പോലും ആശങ്കകള്‍ പങ്കുവെച്ചിരുന്നു. എല്ലാവരോടും പറയാനുള്ളത് ഒരു കാര്യമാണ്, എല്ലാവിധ ആരോഗ്യപരിശോധനകളും പൂര്‍ത്തിയാക്കിയേ ദാതാക്കളില്‍നിന്ന് രക്തം സ്വീകരിക്കൂ.

-ഡോ. എബ്രഹാം വര്‍ഗീസ്
ഐ.എം.എ. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍

Content Highlights: CoronaVirus Covid19 Lockdown badly affected Blood donation camps, Health