ദിവസേന കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് മികച്ചതെന്ന് പഠനം. ഒരു ദിവസം നാലോ അഞ്ചോ കാപ്പി കുടിച്ചാലും പ്രശ്നമില്ലെന്നും കരൾ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കാനാവുമെന്നുമാണ് പഠനം പറയുന്നത്. ക്ലിനിക്കൽ ഗ്യാസ്ട്രോഎന്ററോളജി ആൻഡ് ഹെപ്പറ്റോളജി എന്ന ജേണലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

To advertise here,

3,54,000-ലധികം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഒരു ദശകത്തിലേറെയായി നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തലിലെത്തിയത്. ലോസ് ആഞ്ചലീസിലെ സെഡാർസ്-സിനായ് മെഡിക്കൽ സെന്ററിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കാപ്പി കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് സംബന്ധിച്ചുള്ള സമഗ്രമായ പഠനമാണ് ഇതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

കാപ്പി കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനു പിന്നിൽ കഫീനല്ലെന്നും കോഫിയുടെ ആന്റിഓക്സിഡന്റ് ഘടകങ്ങൾ മൂലമാവാമെന്നും സെഡാർസ്-സിനായ് മെഡിക്കൽ സെന്ററിലെ ട്രാൻസ്പ്ലാൻ്റ് ഹെപ്പറ്റോളജിസ്റ്റും പഠനത്തിൽ പങ്കാളിയുമായ ഡോ. ഹ്യൂൻസ്യോക് കിം പറഞ്ഞു.

ലിവർ സിറോസിസ്, ഫാറ്റി ലിവർ, വൈറൽ ഹെപ്പറ്റൈറ്റിസ്, മദ്യവുമായി ബന്ധപ്പെട്ട കരൾരോഗം തുടങ്ങിയ വിവിധ കരൾരോഗങ്ങൾ സ്ഥിരീകരിക്കപ്പെടുന്നതിന്റെ എണ്ണവും ഗവേഷകർ പരിശോധിച്ചു. ലോകമെമ്പാടും 58 ദശലക്ഷത്തിലധികം ആളുകളെ ലിവർ സിറോസിസ് ബാധിക്കുന്നുവെന്നും പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം ആളുകൾ മരണപ്പെടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന ഏറ്റവും സാധാരണമായ കരൾ കാൻസറിനേക്കുറിച്ചും പരിശോധിച്ചു. ലോകമെമ്പാടും പ്രതിവർഷം ഏകദേശം 6,85,000 കേസുകളും 5,97,000-ൽ അധികം മരണങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്.

എത്രത്തോളം കാപ്പി കുടിക്കുന്നോ അതിനനുസരിച്ച് കരളിന്റെ ആരോഗ്യവും മെച്ചപ്പെടുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നതിലൂടെ ലിവർ സിറോസിസ് വരാനുള്ള സാധ്യത 20%-വും കരൾ കാൻസറിനുള്ള സാധ്യത 24%-വും കരൾ സംബന്ധമായ മരണത്തിനുള്ള സാധ്യത 31%-വും കുറയുമെന്ന് ഗവേഷകർ പറയുന്നു. ദിവസവും മൂന്നോ നാലോ കപ്പ് കുടിക്കുന്നതിലൂടെ ലിവർ സിറോസിസ്, കരൾ കാൻസർ എന്നിവയുടെ അപകടസാധ്യത 35%-വും കരൾ സംബന്ധമായ മരണത്തിനുള്ള സാധ്യത 41%-വും കുറയും. അഞ്ചോ അതിലധികമോ കപ്പ് കാപ്പി കുടിക്കുകഴി ലിവർ സിറോസിസിൻ്റെ അപകടസാധ്യത 32%-വും കരൾ കാൻസറിനുള്ള അപകടസാധ്യത 47%-വും കരൾ സംബന്ധമായ മരണത്തിനുള്ള സാധ്യത 42%-വും കുറവാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

അതേസമയം, പഞ്ചസാരയോ മറ്റ് മധുരം നൽകുന്ന ഘടകങ്ങളോ ഉപയോഗിച്ച് കാപ്പി കുടിച്ചാൽ ഇത്രത്തോളം ഫലപ്രദമാകണമെന്നില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. പഞ്ചസാര, കൃത്രിമ മധുരപലഹാരങ്ങൾ എന്നിവയുടെ ഉപയോഗത്തിൽ കരുതൽ വേണം. മധുരം ധാരാളം ഉപയോഗിച്ചവരിൽ കരൾ വീക്കത്തിൻ്റെ സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ഇത് ക്രമേണ ഫാറ്റി ലിവർ രോഗത്തിലേക്കും നയിക്കും.

കാപ്പിയിലെ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ സാധാരണ ഉറങ്ങുന്നതിന് കുറഞ്ഞത് ആറുമണിക്കൂർ മുമ്പെങ്കിലും കാപ്പി കുടിക്കുന്നത് നിർത്തണമെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം കഫീൻ ഒഴിവാക്കുന്നതാണ് നല്ലതെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.