മൂന്നാംതവണയും അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ടെന്നീസ് ഇതിഹാസം ക്രിസ് എവെർട്ട്. ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചുവെന്നും സി.ടി. സ്കാൻ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നുവെന്നും എഴുപത്തിയൊന്നുകാരിയായ ക്രിസ് പറഞ്ഞു.
വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ക്രിസ് തുറന്നുപറച്ചിൽ നടത്തിയത്. സി.ടി, പെറ്റ് സ്കാനുകൾക്ക് ശേഷം അണ്ഡാശയ കാൻസർ തിരികെ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയെന്ന് ക്രിസ് പറഞ്ഞു. ഇതിനോടകം ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും അടുത്ത ആഴ്ചയോടെ കീമോതെറാപ്പി ആരംഭിക്കുമെന്നും ക്രിസ് പറഞ്ഞു. ഈ വർഷത്തെ വിംബിൾഡണിൽ പങ്കെടുക്കുന്നില്ലെന്നും അടുത്ത ഏതാനും മാസങ്ങൾ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും ക്രിസ് വ്യക്തമാക്കി.
അണ്ഡാശയ കാൻസർ വിടാതെ പിന്തുടരുകയാണ്. ഈ പോരാട്ടത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടും. തൻ്റെ മെഡിക്കൽ ടീമും കുടുംബവും സുഹൃത്തുക്കളും സദാ പിന്തുണയുമായി കൂടെയുണ്ട്. -ക്രിസ് പറഞ്ഞു.
2021-ലാണ് ക്രിസിന് ആദ്യമായി സ്റ്റേജ് 1 അണ്ഡാശയ കാൻസർ സ്ഥിരീകരിക്കുന്നത്. 2023-ൻ്റെ തുടക്കത്തിൽ താൻ രോഗമുക്തയായതായി ക്രിസ് പ്രഖ്യാപിച്ചു, എന്നാൽ ആ വർഷാവസാനം കാൻസർ വീണ്ടും തിരികെ വന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. രോഗം സംബന്ധിച്ച് അവേബാധം പകരുന്നതിനായാണ് താൻ തുറന്നുപറയുന്നതെന്നും ക്രിസ് വ്യക്തമാക്കി. നേരത്തേ രോഗം തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കും. കാൻസർ വിനയമുള്ളവരാക്കുമെന്നും ആർക്കും വരാവുന്ന ഭയാനകമായ രോഗമാണിതെന്നും ക്രിസ് പറഞ്ഞു. ശരീരത്തിൽ എന്തെങ്കിലും വ്യത്യാസം തോന്നിയാൽ ഒട്ടുംവൈകാതെ ഉടൻതന്നെ അതിന് പരിഹാരം കാണണമെന്നും ക്രിസ് കൂട്ടിച്ചേർത്തു.
എന്താണ് ഒവേറിയൻ കാൻസർ?
സ്ത്രീകളുടെ പെൽവിസിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്ന ചെറിയ അവയവങ്ങളാണ് അണ്ഡാശയങ്ങൾ. അവ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ആർത്തവചക്രം നിയന്ത്രിക്കുകയും അണ്ഡങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അണ്ഡാശയങ്ങളിൽ ഏതെങ്കിലും ഒന്നിനോ രണ്ടിലുമോ ഉണ്ടാകുന്ന കാൻസർ ആണ് അണ്ഡാശയ കാൻസർ അഥവാ ഒവേറിയൻ കാൻസർ.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
രോഗത്തിന്റെ ആദ്യഘട്ടത്തിൽ വളരെ കുറച്ച് ലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ.
- അടിവയറ്റിൽ വലിയ മുഴ പോലെ ഭാരം അനുഭവപ്പെടുക
- ഭാരക്കുറവ്
- ഓക്കാനം
- മൂത്രസഞ്ചിയിലും മലാശയത്തിലും മർദം അനുഭവപ്പെടുക
- മൂത്രശങ്ക
- പുറംവേദന
- ക്ഷീണം
- വിശപ്പില്ലായ്മ
- വയറു വീർക്കുക
- വയറു നിറഞ്ഞതായി അനുഭവപ്പെടുക
- അമിതവണ്ണം
Content Highlights: Tennis legend Chris Evert diagnosed with ovarian cancer for the third time., Undergoing surgery and scheduled for chemotherapy., Emphasizes the critical importance of early symptom detection.
Published: 26 Jun 2026, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented