ഹോങ്കോങ്: കോവിഡ് മ​ഹാമാരി നാലാംവർഷത്തിലേക്ക് കടക്കുമ്പോഴും ലോകത്തെ പല രാജ്യങ്ങളിലും രോഗബാധ ദിനംപ്രതി ഉയരുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ‍് തീവ്രവ്യാപനമാണുള്ളത്. കോവിഡ് പോസിറ്റീവായവർക്കും ജോലിക്ക് പോകാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈനയിലെ അധികൃതർ. 

To advertise here,

മറ്റൊരു അടച്ചിടലിലൂടെ വീണ്ടും സാമ്പത്തികാവസ്ഥ തകിടംമറിയാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് പറയപ്പെടുന്നത്. നിലവിൽ ദിവസവും പത്തുലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അടച്ചിടൽ അഭികാമ്യമല്ലെന്നാണ് അധികൃതർ കരുതുന്നത്. 

ലക്ഷണങ്ങൾ ഇല്ലാത്തിടത്തോളം കോവിഡ് പോസിറ്റീവായവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാമെന്നാണ് ഷിജിയാങ് പ്രവിശ്യയിലെ അധികൃതർ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയത്. എന്നാൽ ഒരുപടികൂടി മുന്നോട്ടു പോയ തീരുമാനമാണ് ചൈനയിലെ വലിയ ന​ഗരങ്ങളിലൊന്നായ ചോങ് കിങ്ങിലെ അധികൃതർ കൈക്കൊണ്ടത്. ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്കും ടെസ്റ്റ് ചെയ്യാതെ ജോലിയിൽ പ്രവേശിക്കാമെന്ന് അധികൃതർ പറയുന്നു.

വീടുകളിൽ ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോ​ഗികൾ, പനി ഇല്ലാത്തിടത്തോളം ടെസ്റ്റ് ചെയ്യാതെ ജോലിയിൽ പ്രവേശിക്കാമെന്ന് ബെയ്ജിങ്ങിലെ അധികൃതരും വ്യക്തമാക്കി. നേരത്തേ ഐസൊലേഷനിലുള്ളവർ തിരികെ ഓഫീസുകളിൽ പ്രവേശിക്കുംമുമ്പ് നെ​ഗറ്റീവ് ഫലം ലഭ്യമാക്കണമായിരുന്നു. 

വീണ്ടും കോവിഡ് തീവ്രവ്യാപനം ഉണ്ടായതോടെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയ ചൈനയിലെ പല പ്രദേശങ്ങളിലും ജോലിക്ക് തിരികെ പ്രവേശിക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ നൽകിയിരിക്കുകയാണ്. 

കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളുള്ള സീറോകോവിഡ് പോളിസി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ചൈനയിൽ വീണ്ടും കേസുകൾ കുതിച്ചുയർന്നത്. ആശുപത്രികളിൽ രോ​ഗികൾ നിറഞ്ഞുകവിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.