തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗത്തോടു ചേർന്നുകിടക്കുന്ന ഫ്രഞ്ച് അധിനിവേശപ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു. ലോകാരോഗ്യസംഘടന വിദഗ്ധരുടെ യോഗംവിളിച്ച് സ്ഥിതി വിലയിരുത്തിവരുകയാണ്. ഇതേത്തുടർന്ന് സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശംനൽകി.

To advertise here,

റീയൂണിയൻ ദ്വീപുകളിൽ നിലവിൽ പതിനയ്യായിരത്തോളംപേർക്ക് അവിടെ ചിക്കുൻഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്. നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

2006-2007 കാലഘട്ടത്തിൽ റീയൂണിയൻ ദ്വീപുകളിൽ വ്യാപിച്ച ചിക്കുൻഗുനിയ ഏഷ്യൻരാജ്യങ്ങളിലേക്ക് പടർന്നിരുന്നു.

മുൻപ്‌ ചിക്കുൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്തിയുണ്ടാകാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നു. അതിനാൽ ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതൽ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽത്തന്നെ കിടത്താൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

1952-ൽ ടാൻസാനിയയിലാണ് ചിക്കൻഗുനിയ ആദ്യമായി റിപ്പോർട്ടുചെയ്തത്. സംസ്ഥാനത്ത് ഈമാസം രണ്ടുപേർക്ക് ചിക്കുൻഗുനിയ സ്ഥിരീകരിച്ചിരുന്നു.

കൊതുകുപരത്തുന്ന രോഗം

ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. പകൽ കടിക്കുന്ന ഈ കൊതുകിനെതിരേ അതിരാവിലെയും വൈകുന്നേരവും കൂടുതൽ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടർത്തുന്നത് ഈ കൊതുകുകളാണ്.

കൊതുകുനശീകരണപ്രവൃത്തികൾ ഊർജിതമാക്കുകയും വ്യക്തിഗത സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുകയുംചെയ്യണം.

സ്വയംചികിത്സ വേണ്ട

നാലുമുതൽ എട്ടുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പെട്ടെന്നുള്ള കഠിനമായപനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) വേദന, പേശിവേദന, തലവേദന, ക്ഷീണം, ചിലരിൽ ചർമത്തിൽ തടിപ്പുകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇവകണ്ടാൽ ഉടൻ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല.