കൊതുകുകളെ തുരത്താനായി അഗർബത്തികളും വിവിധതരം കൊതുകുതിരികളുമൊക്കെ പുകയ്ക്കുന്നവരുണ്ട്. കൊതുകിനെ തുരത്താനാവുമെങ്കിലും സംഗതി ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ എച്ച്ഐസിഎ(Home Insect Control Association) നടത്തിയ പഠനത്തിലും സമാന കണ്ടെത്തലാണുള്ളത്. ഗുണനിലവാരമില്ലാത്തതും നിയമവിരുദ്ധമായി പുറത്തിറക്കുന്നതുമായ പല അഗർബത്തികളും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം പറയുന്നു.

To advertise here,

അനധികൃതമായി പുറത്തിറക്കുന്ന കൊതുകുതിരികളിൽ അനുവദനീയമല്ലാത്ത കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുണ്ടാകുമെന്നും ഇവ സിഗരറ്റ് വലിക്കുന്നതിനോളം ദോഷംചെയ്യുമെന്നും പഠനം പറയുന്നു. പഠനത്തിന്റെ ഭാഗമായി 12 നഗരങ്ങളിൽ നിന്നുള്ള 1264 വീടുകളിലും 405 ഡോക്ടർമാർക്കിടയിലും സർവേ നടത്തി. ഇന്ത്യയിലെ കൊതുകുതിരി വിപണിയിൽ ഏറെയും സർക്കാർ അനുമതിയിലാത്ത, സെൻട്രൽ ഇൻസെക്റ്റിസൈഡ്സ് രജിസ്ട്രേഷന്റെ ലേബലോ ഇല്ലാത്തവയാണെന്നും സർവേയിൽ കണ്ടെത്തി.

59ശതമാനംപേരും ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുവെന്നും പകുതിയോളംപേർ മൂന്നുവർഷത്തോളമായി ദിവസവും ഇവ ഉപയോഗിക്കുന്നുണ്ടെന്നും സർവേയിൽ കണ്ടെത്തി. ദീർഘകാലമായി ഗുണനിലവാരമില്ലാത്ത ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാരും പറയുന്നു. ഇവ സ്ഥിരമായി ഉപയോഗിക്കുന്ന വീടുകളിലെ അംഗങ്ങൾക്ക് അലർജി പ്രശ്നങ്ങളും ശ്വാസകോശ പ്രശ്നങ്ങളും സ്ഥിരമാണ്. കുട്ടികൾ, മുതിർന്നവർ, ആസ്ത്മ രോഗികൾ, സി.ഒ.പി.ഡി. ഉള്ളവർ തുടങ്ങിയവരിൽ ഇത്തരം അഗർബത്തികളിൽ നിന്നുള്ള പുക കൂടുതൽ സങ്കീർണമാക്കുകയും ചുമ, ശ്വാസതടസ്സം തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യും.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറക്കുന്നവ മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു. വിലക്കുറവിൽ കിട്ടുന്നുവെന്നുകരുതി അവ സ്ഥിരമായി ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സുരക്ഷിതമെന്ന് കരുതുന്ന ചന്ദനത്തിരിയിൽ നിന്നുള്ള പുകയും സ്ഥിരമായി ശ്വസിക്കുന്നത് പ്രശ്നമാകുമെന്ന് അടുത്തിടെ ഒരു പൾമണോളജിസ്റ്റ് പങ്കുവെച്ചിരുന്നു. ദീർഘകാലം ഇവയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കുമെന്നാണ് ദെഹ്റാദൂണിൽ നിന്നുള്ള പൾമണോളജിസ്റ്റായ ഡോ. ഗോയൽ പറഞ്ഞത്. ഇത് പാസീവ് സ്മോക്കിങ് മൂലമുള്ള പ്രത്യാഘാതങ്ങളോളം വരുമെന്നും അവർ പറയുന്നു. ശ്വാസകോശത്തെ സംബന്ധിച്ച് സ്ലോ പോയ്സൺ എന്ന രീതിയിൽ പ്രവർത്തിക്കുന്ന വസ്തുവാണ് ചന്ദനത്തിരിയെന്നും ഡോ.സോണിയ പറഞ്ഞിരുന്നു.

2021-ൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പുറത്തുവിട്ട പഠനം പ്രകാരം ചന്ദനത്തിരികളിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പറയുന്നുണ്ട്. കൂടാതെ ശരീരത്തിൽ വീക്കമുണ്ടാവാനും കാരണമാകുമെന്ന് പഠനം പറയുന്നു. സുഗന്ധം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് പ്രശ്നകാരികളാകുന്നതെന്നും വിദഗ്ധർ പറയുന്നുണ്ട്.