
ചെന്നൈ: ചെന്നൈയിൽ നൂറുകണക്കിന് കാക്കകളെ വെള്ളിയാഴ്ച ചത്ത നിലയിൽ കണ്ടെത്തി. പക്ഷിപ്പനിയാണ് കാരണം. പരിശോധനയിൽ എച്ച്5എൻ1 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിവരുന്നുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചത്ത കാക്കകളുടേയും കോഴികളുടേയും അവശിഷ്ടങ്ങൾ ഒന്നുകിൽ കത്തിച്ചുകളയാനും അല്ലെങ്കിൽ ആഴത്തിൽ കുഴിച്ചുമൂടാനും അധികൃതർ നിർദേശം നൽകി. ചത്ത പക്ഷികളെ തൊടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പക്ഷികളെ ചത്ത നിലയിൽ കണ്ടാൽ ഉടൻതന്നെ പ്രാദേശിക അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
ചെന്നൈയിൽ അഡയാർ, ഗാന്ധി നഗർ, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാൺമിയൂർ പ്രദേശങ്ങളിലും ഇ.സി.ആർ., ഒ.എം.ആർ. പാതയോരങ്ങളിലുമാണ് കാക്കകൾ ചത്തുവീഴുന്നതായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കാക്കകളെമാത്രം ബാധിക്കുന്ന വകഭേദമാണ് ഇപ്പോൾ പടർന്നുപിടിച്ചിട്ടുള്ളതെന്നാണ് കരുതുന്നതെന്ന് ചെന്നൈ നഗരസഭയിലെ ആരോഗ്യവിഭാഗം അറിയിച്ചു. പക്ഷികളുടെ ജഡങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ആരോഗ്യക്യാമ്പുകൾ നടത്തുന്നുണ്ട്.
ആശങ്ക വേണ്ട; കരുതൽ വേണം
ഇൻഫ്ളുവൻസ എ വൈറസ് കാരണം പക്ഷികളിലുണ്ടാകുന്ന പകർച്ചവ്യാധിയാണ് ‘ഏവിയൻ ഇൻഫ്ളുവൻസ’ അഥവാ പക്ഷിപ്പനി. ഇൻഫ്ളുവൻസ എ വൈറസുകളെ അവയുടെ ഉപരിതല പ്രോട്ടീനുകളുടെ ഘടനയുടെ അടിസ്ഥാനത്തിൽ എച്ച്1എൻ1, എച്ച്5എൻ1, എച്ച്5എൻ8 എന്നിങ്ങനെ ഉപഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. എച്ച്5എൻ1 വൈറസാണ് ചെന്നൈയിൽ സ്ഥിരീകരിച്ചത്. കേരളത്തിലെ ചില ഭാഗങ്ങളിൽ ഇപ്പോൾ വളർത്തു പക്ഷികളിൽ എച്ച്5എൻ8 വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്.
പക്ഷികളുടെ പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന സൂചന. സാധാരണഗതിയിൽ പക്ഷികളിൽ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഈ വൈറസുകൾ. എന്നാൽ, പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകൾക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ രോഗബാധയേൽക്കാൻ സാധ്യതയുണ്ട്. എന്നാൽ, കൊറോണ വൈറസ് പോലെയോ, നിപ പോലെയോ മനുഷ്യരിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന ജന്തുജന്യരോഗമല്ല ഇത്.
പക്ഷിപ്പനി പടരുന്നത് തടയാൻ വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാറുണ്ട്. എന്നാൽ, കാക്കയെപ്പോലുള്ള നാട്ടുപക്ഷികളെ പിടികൂടി സുരക്ഷിതമായി കൊന്നൊടുക്കുന്നത് പ്രായോഗികമല്ല. രോഗമേഖലയിലെ വളർത്തുപക്ഷികൾക്കും മൃഗങ്ങൾക്കും രോഗം ബാധിച്ച കാക്കകളുമായി സമ്പർക്കമുണ്ടാവാതെ നോക്കുകയാണ് പ്രധാന പ്രതിരോധ മാർഗം.
Content Highlights: Bird Flu in Chennai: H5N1 Virus Confirmed After Hundreds of Crows Found Dead
Published: 06 Feb 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented