
ന്യൂഡല്‍ഹി: ആറുവര്‍ഷത്തിനുള്ളില്‍ നായ്ക്കളിലൂടെയുള്ള പേവിഷബാധ രാജ്യത്തുനിന്ന് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ ദേശീയ കര്‍മപദ്ധതി നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിവര്‍ഷം നായ്ക്കളുടെ ആക്രമണ കണക്കുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് കേന്ദ്രം നടപടികള്‍ വേഗത്തിലാക്കുന്നത്. രാജ്യത്ത് 2022-ല്‍ 21.8 ലക്ഷം പേര്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായപ്പോള്‍ 2023-ല്‍ അത് 27.5 ലക്ഷമായി വര്‍ധിച്ചുവെന്നുമുള്ള കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കൃത്യസമയത്തെ വാക്‌സിനേഷനാണ് പേവിഷബാധ തടയാനുള്ള ഏക പ്രതിവിധിയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ നിതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍ ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണമില്ലാത്തതാണ് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും കണ്ടെത്തല്‍.
മൃഗങ്ങളുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന് നിതി ആയോഗ് നിര്‍ദേശിക്കുന്നുണ്ട്. 2030-ഓടെ പേവിഷബാധ നിര്‍മാര്‍ജനം ഇന്ത്യയില്‍ സാധ്യമാക്കുന്നതിനായുള്ള കര്‍മപദ്ധതിയുടെ ഭാഗമായി, മനുഷ്യരിലെ പേവിഷബാധയെ ജാഗ്രത ആവശ്യമായ രോഗങ്ങളുടെ പട്ടികയില്‍ (നോട്ടിഫൈയബിള്‍ ഡിസീസ്) ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലുമെത്തുന്ന കേസുകളുടെ പട്ടിക സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് നിര്‍ബന്ധമായും കൈമാറണമെന്നും നിര്‍ദേശമുണ്ട്. പേവിഷബാധയ്ക്കെതിരായ വാക്സിനേഷനും തെരുവുനായ്ക്കളെ വന്ധ്യംകരിക്കലിനും ആവശ്യമായ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കൂടാതെ, ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ശരിയായ നടത്തിപ്പിനായി മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ലോകത്തെ പേവിഷബാധയേറ്റുള്ള മരണങ്ങളില്‍ 36 ശതമാനവും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഇരുപതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതായും ഡബ്ലിയു.എച്ച്.ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ അറുപതുശതമാനവും 15 വയസില്‍ താഴെയുള്ള കുട്ടികളാണ്. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയൊഴികെ രാജ്യത്ത് എല്ലായിടത്തുനിന്നും അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
നായ്ക്കളുടെ ആക്രമണം (അഞ്ച് വര്‍ഷത്തെ കണക്കുകള്‍)
2018 - 75,66,467
2019 - 72,69,410
2020 - 47,58,041
2021 - 32,35,595
2022 - 21,80,185
2023 - 27,59,758
മുന്നില്‍ മഹാരാഷ്ട്ര, പിന്നില്‍ ലക്ഷദ്വീപ് ( 2023 ലെ കണക്ക് )
- മഹാരാഷ്ട്ര (4,35,136)
- തമിഴ്‌നാട് (4,04,488)
- ഗുജറാത്ത് (2,41,846)
- ബിഹര്‍ (2,19,086)
- ആന്ധ്രാപ്രദേശ് (1,89,539)
- കേരളം - 63458
- ലക്ഷദ്വീപ് (0)
- ആന്‍ഡമാന്‍ നിക്കോബാര്‍ (484)
- നാഗാലാന്‍ഡ് (569)
- മിസോറാം (1035)
Content Highlights: central health ministry's national action plan to eradicate rabies within 6 years in india
Published: 03 Jan 2024, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented