കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും അനുഭവിക്കുന്നവരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് മലബന്ധം. മലബന്ധം ഒരു രോഗമല്ല, മറിച്ച് പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്. ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് മലബന്ധത്തിന്റെ പ്രധാന കാരണം. മലബന്ധത്തിന് കാരണമാകുന്ന ചില ഭക്ഷണങ്ങളേക്കുറിച്ചും ലഘൂകരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളേക്കുറിച്ചും പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി.

To advertise here,

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. അതിൽ ആദ്യത്തെ ഭക്ഷണമായി അദ്ദേഹം പങ്കുവെക്കുന്നത് ചീസാണ്. ചീസും മറ്റ് പാലുത്പന്നങ്ങളും മലബന്ധം ഉണ്ടാകുന്നതിനുള്ള ഒരു സാധാരണ കാരണമാണെന്ന് അദ്ദേഹം പറയുന്നു. ഇവയിൽ കൊഴുപ്പ് കൂടുതലാണെന്നതും നാരുകൾ അടങ്ങിയിട്ടില്ലെന്നതും ദഹനം മന്ദഗതിയിലാക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

മറ്റൊന്ന് വൈറ്റ് റൈസും വൈറ്റ് ബ്രെഡുമാണ്. ഇവ സംസ്കരിക്കുന്ന വേളയിൽ നാരുകളുള്ള പുറംപാളി നീക്കം ചെയ്യപ്പെടും. നാരുകൾ ഇല്ലാത്തതുമൂലം ദഹനനാളത്തിലൂടെ സുഗമമായി നീങ്ങാൻ കഴിയാതാവുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും. 

ചോക്ലേറ്റ് യഥാർത്ഥത്തിൽ മലബന്ധം ഉണ്ടാക്കുന്നില്ലെങ്കിലും ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പ്, പഞ്ചസാര, പാലുത്പന്നങ്ങൾ തുടങ്ങിയവ ദഹനം മന്ദഗതിയിലാക്കാനും നിർജലീകരണത്തിനും കാരണമാകുമെന്ന് ഡോ. സൗരഭ് പറയുന്നു. ഇത് ക്രമേണ മലബന്ധത്തിലേക്കും നയിക്കും.

വറുത്തതും പൊരിച്ചതുമായ ആഹാര പദാർഥങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളുമൊക്കെ വലിയ അളവിലോ ഇടയ്ക്കിടെയോ കഴിക്കുന്നത് മലബന്ധത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് ഡോക്ടർ പറയുന്നു. ഇത്തരം ഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് കൂടുതലായിരിക്കും. ഇത് മലത്തിൽ ജലാംശം കുറയാനും മലബന്ധത്തിനും കാരണമാകും.

പഴുത്തിട്ടില്ലാത്ത നേന്ത്രപ്പഴവും നേന്ത്രക്കായയും മലബന്ധം കൂട്ടുമെന്ന് ഡോ. സൗരഭ് പറയുന്നു. ഇവയിൽ സ്റ്റാർച്ച്, ടാനിൻ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ദഹനം മന്ദഗതിയിലാവുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.

മലബന്ധത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ് മദ്യം. കൂടുതൽ അളവിൽ മദ്യപിക്കുമ്പോൾ മൂത്രത്തിലൂടെ ശരീരത്തിൽനിന്നുള്ള ജലം ധാരാളം നഷ്ടപ്പെടാനിടയുണ്ട്. ഇത് നിർജലീകരണത്തിനും ഒടുവിൽ മലബന്ധത്തിനും കാരണമാകും.

മലബന്ധം ലഘൂകരിക്കാനുള്ള ഭക്ഷണങ്ങളേക്കുറിച്ചും ഡോ. സൗരഭ് പങ്കുവെക്കുന്നുണ്ട്. കിവി, ഫ്ലാക്സ് സീഡ്സ്, മധുരക്കിഴങ്ങ്, ഉണക്കമുന്തിരി, ചീര, കാപ്പി, ഓട്‌സ്, പിയർ, ചിയാ സീഡ്സ് എന്നിവയുൾപ്പെടെ ഭക്ഷണങ്ങളാണ് മലബന്ധം കുറയ്ക്കാൻ മികച്ചത്. ഈ ഭക്ഷണങ്ങളിൽ നാരുകൾ, സ്വാഭാവിക മലവിസർജ്ജനത്തിന് സഹായിക്കുന്ന സംയുക്തങ്ങൾ, ദഹനത്തെ സഹായിക്കുന്ന പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മലബന്ധം കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.