കാഞ്ഞങ്ങാട്: മൂന്നാം തവണ തലച്ചോറിന് അര്‍ബുദം പിടിപെട്ടപ്പോള്‍ ഒരുവേള, ഡോക്ടര്‍മാര്‍പോലും കൈവിട്ടു. തലമുണ്ഡനം ചെയ്ത, വേദനയില്‍ പുളഞ്ഞ ദിവസങ്ങളില്‍ പക്ഷേ, ഒരിക്കല്‍പോലും മരണത്തെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ കയറിവന്നില്ല. എപ്പോഴും പോസിറ്റീവായി മാത്രം ആലോചിക്കുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ പരിശോധനകളില്‍ രോഗത്തിന്റെ തീവ്രത കുറഞ്ഞപ്പോള്‍ ഡോക്ടര്‍മാരിലും പ്രതീക്ഷ. കടന്നുവന്ന ജീവിതത്തിലെ കഠിന വഴികളെ പറയുമ്പോള്‍ സിജി രാജന് മിഴിനിറയുന്നു.

To advertise here,

കാഞ്ഞങ്ങാട് 'കുവൈത്ത് ടവറി'ലെ ഫ്ളാറ്റില്‍ പൂര്‍ണമായും രോഗമുക്തയായി എഴുത്തും സിനിമയുമായി കഴിയുന്നു ഈ വീട്ടമ്മ. 2001-ല്‍ പുറത്തിറങ്ങിയ കലാഭവന്‍ മണി നായകനായുള്ള 'മൂന്നാംനാള്‍' എന്ന സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്. 'ന്നാ താന്‍ കേസ് കൊട്' ഉള്‍പ്പെടെ 20-ലധികം സിനിമയില്‍ വേഷമിട്ടു. പോലീസും വക്കീലും പഞ്ചായത്ത് അംഗവും മുതല്‍ അമ്മയും ഭാര്യയും തുടങ്ങി ഒട്ടേറെ കഥാപത്രങ്ങള്‍. ഷൈന്‍ ടോം ചാക്കോ നായകനായ 'ദ പ്രൊട്ടക്ടര്‍' എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. എസ്.ഐ.യുടെ വേഷമായിരുന്നു ഇതില്‍. 38 ഹ്രസ്വചിത്രത്തില്‍ നായികയായി. നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി. സിനിമാ ഷൂട്ടിങ് കഴിഞ്ഞെത്തിയാല്‍ എഴുത്തിന്റെ പണിപ്പുരയിലാണ്. കഥയും കവിതയുമെഴുതും. 94 കവിതകളടങ്ങുന്ന സമാഹാരവും നൂറ് വീതം കഥകളുള്‍പ്പെടുന്ന രണ്ടു കഥാസമാഹാരവും പുറത്തിറക്കി.

ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്ക്

വെള്ളരിക്കുണ്ട് സ്വദേശിനിയാണ് സിജി രാജന്‍. തോമാപുരം സെയ്ന്റ് തോമസ് സ്‌കൂളില്‍നിന്ന് പത്താംതരം കഴിഞ്ഞു. ബി.എ. മലയാളത്തിന് പഠിക്കുമ്പോള്‍ വിവാഹം. ആദ്യകുട്ടി പിറന്ന് ആറുമാസം കഴിഞ്ഞപ്പോഴാണ് അര്‍ബുദം പിടിമുറുക്കിയത്. സ്തനാര്‍ബുദമായിരുന്നു. കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. ചികിത്സയ്ക്ക് താളപ്പിഴയുണ്ടാകാതെ ശ്രദ്ധിച്ചു. സ്തനാര്‍ബുദം പാടെ മാറി ജീവിതത്തില്‍ സന്തോഷത്തിന്റെ നിറം പകര്‍ന്ന നാളുകള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല.

ഭര്‍ത്താവ് രാജന് അര്‍ബുദം പിടിപെട്ടു. കരളിനായിരുന്നു അസുഖം. അതിനിടെ രണ്ടാമത്തെ പെണ്‍കുട്ടിയും ജനിച്ചു. ആറുവര്‍ഷം നീണ്ട ചികിത്സ. 'എന്നെയും പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളെയും തനിച്ചാക്കി ഒരുനാള്‍ അദ്ദേഹം പോയി'- സിജിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മക്കളെ വളര്‍ത്താന്‍ കല്ലും മണ്ണും ചുമന്നു. കാടുവെട്ടിത്തെളിക്കാന്‍ പോയി. ചെയ്യാത്ത കൂലിപ്പണികളൊന്നുമില്ല. വെള്ളരിക്കുണ്ടിലെ വീട്ടില്‍ താമസിച്ച് അവരെ പഠിപ്പിച്ചു. അതിനിടെ വീണ്ടും അര്‍ബുദം. രണ്ടാമതെത്തിയ വില്ലന്‍ തൊണ്ടയിലാണ് പിടിമുറുക്കിയത്.

ഫാദര്‍ മുള്ളര്‍ ആസ്പത്രിയില്‍ പരിശോധിച്ച് സ്‌കാന്‍ ചെയ്ത് ഒടുവില്‍ ശസ്ത്രക്രിയാ മുറിയിലേക്ക്. ശസ്ത്രക്രിയ ചെയ്യാന്‍ നേരം തൊട്ടുനോക്കിയ ഡോക്ടര്‍, രണ്ടാഴ്ചമുന്‍പല്ലേ സ്‌കാന്‍ ചെയ്തത് ഒന്നുകൂടി സ്‌കാന്‍ ചെയ്യണമെന്ന് പറഞ്ഞു. റിപ്പോര്‍ട്ട് വന്നപ്പോള്‍ രോഗം തനിയെ കുറയുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. ശസ്ത്രക്രിയ ചെയ്തില്ല. മാസങ്ങള്‍ മരുന്നുകഴിച്ചതോടെ അതുമാറി. വീണ്ടും പണിയെടുത്ത് മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ഇതോടെയാണ് സിനിമയില്‍ സജീവമായത്. ഒന്നിലേറെ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറുമായി. ദീര്‍ഘനിശ്വാസത്തോടെ ഒന്നു നടുനീര്‍ക്കാന്‍ നോക്കുമ്പോഴാണ് മൂന്നാമതും അര്‍ബുദം പിടിപെട്ടത്. അതും തലച്ചോറിന്. യോഗയും ഉപാസനയുമൊക്കെ മുറതെറ്റാതെ നടത്തുന്നു.

ആഹാരക്രമത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നു. മരുന്നിലും ചികിത്സയിലും അതിജാഗ്രത. ഇതെല്ലാമായിരിക്കാം ഓരോ തവണ അര്‍ബുദം പിടിമുറുക്കിയപ്പോഴും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന് സിജി രാജന്‍.