ളരെ അപൂർവമായി മനുഷ്യരെ ബാധിക്കുന്ന രോ​ഗങ്ങളിൽ ഒന്നാണ് സ്മർഫ് സിൻഡ്രോം. ആർഗൈറിയ എന്നറിയപ്പെടുന്ന ഈ രോ​ഗം ബാധിച്ചവരിൽ ചർമം നീലയോ ചാരനിറമോ ആയി  കാണപ്പെടും. അമിതമായി വെള്ളി(സിൽവർ) കണങ്ങൾ ശരീരത്തിൽ ഏൽക്കുകയോ ഉള്ളിൽ ചെല്ലുകയോ ചെയ്യുന്നതാണ് ഈ രോ​ഗത്തിന് കാരണം എന്നാണ് NCBI-യുടെ സ്റ്റാറ്റ്പേൾസിൽ പ്രസിദ്ധീകരിച്ച 'Silver Toxicity' പഠനത്തിൽ പറയുന്നത്. 

To advertise here,

നീലനിറത്തിലുള്ള കാർട്ടൂൺ കഥാപാത്രങ്ങളായ സ്മർഫുകളിൽ നിന്നാണ് രോ​ഗത്തിന് സ്മർഫ് സിൻഡ്രോം എന്ന പേര് വന്നത്. ആരോ​ഗ്യത്തിന് അപകടകരമല്ലെങ്കിലും ചർമത്തിന്റെ നിറംമാറ്റം സ്ഥിരമാണ് എന്നതാണ് രോ​ഗത്തിന്റെ ഏറ്റവും വലിയ പ്രശ്നം. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സ്മർഫ് സിൻഡ്രോം തടസ്സപ്പെടുത്തുന്നില്ല. എന്നാൽ, ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. 

ലക്ഷണങ്ങൾ

  • ചർമത്തിൽ സ്ഥിരമായുണ്ടാകുന്ന നീല, നീലകലർന്ന ചാരനിറം, അല്ലെങ്കിൽ സ്ലേറ്റിന്റെ നിറത്തിലുള്ള നിറവ്യത്യാസം.
  • മുഖം, കൈകൾ, കഴുത്ത് പോലെ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിൽ നിറവ്യത്യാസം ഏറ്റവും കൂടുതൽ പ്രകടമാകും.
  • കണ്ണുകൾ, മോണകൾ, നഖങ്ങൾ എന്നിവയെയും നിറവ്യത്യാസം ബാധിച്ചേക്കാം.
  • ഗുരുതരമായ അവസ്ഥകളിൽ ആന്തരികാവയവങ്ങൾക്കും നീലനിറം വന്നേക്കാം. എന്നാൽ, അവയുടെ പ്രവർത്തനത്തെ ബാധിക്കില്ല.  
  • സൗന്ദര്യപ്രശ്നമാണ് സ്മർഫ് സിൻഡ്രോം. മറ്റ് പൊതുവായ ആരോഗ്യലക്ഷണങ്ങൾ അപൂർവമാണ്.

കാരണങ്ങൾ

  • വെള്ളിയുമായുള്ള സമ്പർക്കം: കൊളോയിഡൽ സിൽവർ സപ്ലിമെന്റുകളുടെയോ വെള്ളി അടങ്ങിയ മരുന്നുകളുടെയോ ദീർഘകാല ഉപയോഗമാണ് ഏറ്റവും സാധാരണമായ കാരണം.
  • തൊഴിൽപരമായ അപകടസാധ്യതകൾ: വെള്ളി ഖനനം, ശുദ്ധീകരണം, അല്ലെങ്കിൽ നിർമാണ വ്യവസായങ്ങളിൽ ജോലി ചെയ്യുന്നവർ.
  • ചികിത്സാരീതികൾ: മുൻകാലങ്ങളിൽ വെള്ളി അടങ്ങിയ മരുന്നുകളും നേസൽ ഡ്രോപ്പുകളും ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് ഈ അവസ്ഥയിലേക്ക് നയിച്ചു.
  • പാരിസ്ഥിതികമായ സമ്പർക്കം: വെള്ളി ഉയർന്ന അളവിൽ അടങ്ങിയ മലിനമായ ഭക്ഷണമോ വെള്ളമോ ഇതിന് കാരണമായേക്കാം.

എങ്ങിനെ തടയാം

  • ഹെൽത്ത് സപ്ലിമെന്റുകൾ എന്ന പേരിൽ വിപണനം ചെയ്യുന്ന കൊളോയിഡൽ സിൽവർ ഉത്പ്പന്നങ്ങളുടെ അനാവശ്യ ഉപയോഗമോ ഒഴിവാക്കുക.
  • വെള്ളിയുടെ പൊടിയോ സംയുക്തങ്ങളോ ഉൾപ്പെടുന്ന വ്യവസായങ്ങളിൽ ജോലി ചെയ്യുകയാണെങ്കിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക.
  • നിയന്ത്രിത അളവിൽ മാത്രം ലോഹാംശമുള്ള സുരക്ഷിതമായ ജലസ്രോതസ്സുകൾ ഉറപ്പാക്കുക.
  • വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട ചികിത്സാരീതികൾ മാത്രം പിന്തുടരുക.