‘അശ്വമേധം’ ഭവനസന്ദർശനം നാളെമുതൽ

മലപ്പുറം: തൊലിയിലെ പാടുകളും നിറഭേദങ്ങളും വേദനയില്ലാത്ത, ഉണങ്ങാത്ത മുറിവുകൾ ഒന്നും നിസ്സാരമായി കാണരുത്. എല്ലാം കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളാവാം. കുഷ്ഠരോഗനിവാരണത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ ബുധനാഴ്ചമുതൽ 20 വരെ വീടുകൾ സന്ദർശിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ അവരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
‘അശ്വമേധം’ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യപ്രവർത്തകരുടെ ഭവനസന്ദർശനം. രോഗം തുടക്കത്തിലേ കണ്ടെത്തി തടയുകയാണ് ലക്ഷ്യം. അതീവ രഹസ്യമായാണ് രോഗവിവരം സൂക്ഷിക്കുക. ചികിത്സയും സൗജന്യമാണ്. ആദ്യ ഡോസ് മരുന്നുകഴിച്ചാൽപ്പോലും 99 ശതമാനം സുരക്ഷിതരാണ്. ഓർക്കുക, കുഷ്ഠം ഇന്ന് ഭയക്കേണ്ട ഒരു രോഗമല്ല, എന്നാൽ ജാഗ്രത ആവശ്യവുമാണ്. ചർമം, കണ്ണുകൾ, ഞരമ്പുകൾ, ശ്വാസകോശം എന്നിവയെയാണ് ബാധിക്കുക
രോഗമുണ്ടാകുന്നത് എങ്ങനെ
‘മൈക്രോബാക്ടീരിയം ലെപ്രെ’ എന്ന ബാക്ടീരിയയാണ് രോഗകാരി. രോഗം ബാധിച്ചവരുടെ സ്രവങ്ങളിലൂടെയാണ് പകരുന്നത്. രോഗികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ അതിലൂടെ രോഗാണുപകരും. രോഗാണുവിന് പുറത്ത് പത്തോ പതിനഞ്ചോ ദിവസം ജീവിക്കാനും കഴിയും. രോഗിയുടെ ശരീരത്തിലെത്തിയാൽപ്പോലും പതിറ്റാണ്ടുകൾ കഴിഞ്ഞേ പലർക്കും രോഗലക്ഷണങ്ങൾ കാണാനാവൂ. വളരെ മെല്ലെയാണ് ഈ ബാക്ടീരിയയുടെ വംശവർധന.
ലക്ഷണങ്ങൾ
- അരികുകൾ വ്യക്തമല്ലാത്തതും സ്പർശനശേഷിയില്ലാത്തതുമായ ചുവന്ന അടയാളം
- സ്പർശനശേഷിയില്ലാത്ത വെളുത്തതോ ചുവന്നതോ ആയ അടയാളം, തടിപ്പുകൾ
- വേദനയില്ലാത്ത മുറിവുകൾ
- പുരികവും കൺപീലിയും കൊഴിയൽ
- കൈകാലുകളിലെ പേശികളുടെ ബലക്കുറവ്
- കണ്ണടയ്ക്കാനുള്ള പ്രയാസം
ഓർമ്മിക്കേണ്ടത്
തുടക്കത്തിൽത്തന്നെ കണ്ടുപിടിച്ചാൽ വളരെവേഗം പൂർണമായും ഭേദമാക്കാവുന്നതാണ് കുഷ്ഠരോഗം. ആർക്കും പിടിപെടാം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ സൗജന്യമാണ്. അതുകൊണ്ടുതന്നെ വീട്ടിൽ വരുന്ന ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ വിവരങ്ങൾ നൽകുക.
Content Highlights: Don`t ignore skin changes & painless wounds. They could be leprosy. Health workers visiting homes for free `Ashwamedham` screening
Published: 06 Jan 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented