ണ്‍ലൈനിലൂടെ സമീപകാലത്തായി പലവിധത്തിലുള്ള ചലഞ്ചുകളും പ്രചരിക്കുന്നുണ്ട്. ഇത്തരം ചലഞ്ചുകളില്‍ പങ്കെടുത്ത ജീവന്‍വരെ നഷ്ടമായ സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ബ്രസീലില്‍നിന്ന് വാർത്തയാകുന്നത്.

To advertise here,

ചിത്രശലഭത്തിന്റെ ശരീരാവശിഷ്ടങ്ങൾ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവെച്ച 14-കാരനാണ് ജീവന്‍ നഷ്ടമായത്. 14-കാരനായ ഡേവി ന്യൂന്‍സ് മോയിറയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മിശ്രിതം കുത്തിവെച്ചതിനെ തുടര്‍ന്ന് രക്തധമനിയിലുണ്ടായ തടസ്സമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. 

വിഷമയമുള്ള മില്‍ക്ക്‌വീഡ് ചെടികള്‍ ചിത്രശലഭങ്ങള്‍ പുഴുവായിരിക്കുമ്പോള്‍ ആഹാരമാക്കാറുണ്ട്. ഇത്തരം ഹാനികരമായ വസ്തുക്കള്‍ ശരീരത്തിനുള്ളിൽ എത്തിയതിനേത്തുടർന്നുള്ള വിഷബാധയാണോ മരണത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. യഥാര്‍ത്ഥ മരണക്കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ സാധിക്കൂ.

ചിത്രശലഭങ്ങളുടെ ശരീരത്തിലെ ഹാനികരമായ പദാര്‍ത്ഥങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് കൂടുതല്‍ പഠനത്തിന് ശേഷമേ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

താൻതന്നെയാണ് ചിത്രശലഭത്തിന്‍റെ ഭാഗങ്ങൾ വെള്ളത്തിൽ കലർത്തി സ്വന്തം ശരീരത്തിൽ കുത്തിവെച്ചതെന്ന് ഡേവി സമ്മതിച്ചിട്ടുണ്ട്. ഇത്തരമൊരു വിചിത്രമായ പ്രവൃത്തിക്കുപിന്നില്‍ സാമൂഹികമാധ്യമങ്ങളിലെ ഏതെങ്കിലും ചലഞ്ച് ആണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഇത്തരം ചലഞ്ചുകളിലൊന്നും പങ്കാളിയായിരുന്നില്ലെന്നാണ് മരണത്തിന് മുന്‍പ് ഡേവി നല്‍കിയ മൊഴി.