ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിൽ ആളുകളെ ബാധിക്കുന്ന ചുമയും നെഞ്ചിലെ അണുബാധയും ഉൾപ്പെടെയുള്ള രോഗാവസ്ഥകൾക്ക് കാരണം Bordetella pertussis എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന വില്ലൻചുമയാണെന്നാണ് ഇത്രനാൾ കരുതിയിരുന്നത്. എന്നാൽ, അത് അങ്ങനയല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ചണ്ഡീഗഡിലെ PGIMER നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

To advertise here,

Bordetella holmesii എന്ന ബാക്ടീരിയയാണ് വില്ലൻചുമയ്ക്ക് സമാനമായ ഇത്തരം പല അസുഖങ്ങൾക്കും കാരണമെന്നാണ് ഗവേഷകർ പറയുന്നത്. 2019-നും 2023-നും ഇടയിലായിരുന്നു പഠനം. ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് ഏറെ നിർണായകമാണ് പുതിയ പഠനം. രോഗകാരിയായ ബാക്ടീരിയയെ തെറ്റിദ്ധരിക്കുന്നത് തെറ്റായ ചികിത്സയ്ക്കും രോഗവ്യാപനം നിയന്ത്രിക്കുന്നതിലെ വീഴ്ചയ്ക്കും കാരണമായേക്കാം.

Bordetella pertussis മൂലമുണ്ടാകുന്ന കേസുകൾ 15-20 ശതമാനത്തിൽ നിന്ന് രണ്ട് മുതൽ അഞ്ച് ശതമാനമായി കുറഞ്ഞുവെന്ന് പഠനത്തിൽ പറയുന്നു. അതേസമയം, Bordetella holmesii മൂലമുള്ള അണുബാധ വർധിച്ചു. അഞ്ച് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളിലാണ് കൂടുതലായും അണുബാധയുണ്ടാകുന്നത്.

എന്താണ് പ്രാധാന്യം?

  • ഇന്ത്യയിൽ സാധാരണയായി Bordetella holmesii എന്ന ബാക്ടീരിയയെ തിരിച്ചറിയുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു
  • ബാക്ടീരിയ വില്ലൻചുമയുടേതിന് സമാനമായ രോഗലക്ഷണങ്ങളുണ്ടാക്കുന്നു. ഇത് പലപ്പോഴും തെറ്റായ രോഗനിർണയത്തിലേക്ക് നയിക്കുന്നു.
  • നിലവിലുള്ള വാക്സിൻ, രോഗനിർണയ പരിശോധനകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ പ്രധാനമായും ലക്ഷ്യമിടുന്നത് Bordetella pertussis എന്ന ബാക്ടീരിയയെയാണ്.
  • കോവിഡ്-19 വ്യാപനം കുറഞ്ഞതിന് ശേഷം, ആഗോളതലത്തിലും ഇന്ത്യയിലും ശ്വാസകോശ സംബന്ധമായ അണുബാധകൾ വീണ്ടും വർധിച്ചിട്ടുണ്ട്.
  • ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ വില്ലൻചുമയ്ക്ക് സമാനമായ രോഗങ്ങൾ ഒരു പ്രധാന ആരോഗ്യപ്രശ്നമായി തുടരുന്നു.