തലച്ചോറിന്റെ ആരോഗ്യം മികച്ച രീതിയിൽ നിലനിർത്തേണ്ടത് മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ പ്രധാനമാണ്. എന്നാൽ, നമ്മളിൽ പലരുടേയും ദിനചര്യകൾ തന്നെ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചാലോ?. അതേ, നമ്മളിൽ മിക്കവരും നിരുപദ്രവകരമെന്ന് കരുതുന്ന ചില ശീലങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുകയാണ്. ഇവ ഓർമക്കുറവിനും രോഗങ്ങൾക്കും വരെ കാരണമായേക്കാം. അതിനാൽ, നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.
വ്യായാമം ചെയ്യാൻ മറക്കരുത്
തലച്ചോറിന്റെ ആരോഗ്യത്തെ സംബന്ധിച്ചും പ്രധാനമാണ് വ്യായാമം. പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ(brain-derived neurotrophic factor) വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഓർമശക്തി വർധിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം പോലെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക.
കൃത്യമായുള്ള ഉറക്കം
രാത്രികൾ ബിഞ്ച് വാച്ച് ചെയ്തും സാമൂഹ്യമാധ്യമങ്ങളിൽ അലക്ഷ്യമായി സ്ക്രോൾ ചെയ്തും കളയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഉറപ്പായും അത് ആരോഗ്യത്തെ ബാധിക്കും. ദീർഘനാളത്തെ ഉറക്കക്കുറവ് ശ്രദ്ധയെയും പ്രതികരണ സമയത്തെയും വരെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ, അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങൾക്കും ഇത് കാരണമാകും. അതിനാൽ, തലച്ചോറിന്റെ ആരോഗ്യത്തിനായി രാത്രി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇൻഫ്ലമേഷന് കാരണമാകുന്ന ഭക്ഷണം
നമ്മുടെ ഭക്ഷണവും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളിൽ പഞ്ചസാരയുടെയും അനാരോഗ്യകരമായ കൊഴുപ്പുകളുടെയും അളവ് വളരെ കൂടുതലാണ്. അവ ഇൻഫ്ലമേഷന് കാരണമാകുന്നു. ഇത് ഓർമക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ആശയക്കുഴപ്പം, വിഷാദം എന്നിവയ്ക്ക് കാരണമായേക്കാം.
വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുന്നത്
അമിതമായി വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുന്നത് തലച്ചോറിനെ ബാധിക്കും. വീടിനുള്ളിൽ തന്നെ തുടരുന്നത് സൂര്യപ്രകാശം ഏൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും അത് വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുകയും ചെയ്യുന്നു. ദിവസവും 15 മിനിറ്റ് സൂര്യപ്രകാശമേൽക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്. കൂടാതെ, വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുന്നത് നമ്മുടെ സിർക്കാഡിയൻ റിഥത്തെ താളംതെറ്റിക്കുകയും സെറോടോണിന്റെ അളവ് കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.
വിട്ടുമാറാത്ത സമ്മർദ്ദം
വിട്ടുമാറാത്ത സമ്മർദ്ദം നിശബ്ദമായി നമ്മുടെ തലച്ചോറിനെ ബാധിക്കും. ഇത്തരം അവസരങ്ങളിൽ ശരീരം കോർട്ടിസോൾ പുറത്തുവിടുന്നു. ഇത് ഓർമ്മശക്തി, ശ്രദ്ധ എന്നിവയെ പ്രശ്നത്തിലാക്കും. പാർക്കിൻസൺസ് പോലുള്ള രോഗങ്ങൾക്കും ഇത് കാരണമായേക്കും.
Content Highlights: Learn how daily habits impact brain health
Published: 21 Jun 2025, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented