ഫാൻ, വാഷിങ് മെഷീൻ, കാർ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ അടുത്തെത്തുമ്പോൾ ശരീരം വിറയ്ക്കുന്ന അപൂർവ അവസ്ഥ. ഹൈദരാബാദിൽ നിന്നുള്ള നാൽപതുകാരിയാണ് അപൂർവമായ ആരോഗ്യപ്രശ്നവുമായി ഡോക്ടർക്കരികിലേക്ക് എത്തിയത്. യുവതിയുടെ പ്രശ്നം എന്താണെന്ന് കണ്ടെത്തിയ ന്യൂറോളജിസ്റ്റ് കൂടിയായ ഡോ.സുധീർ കുമാറാണ് ഇതേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്.
ശരീരം ഇത്തരം ഉപകരണങ്ങൾക്ക് അരികിലെത്തുമ്പോൾ വിറയലും കമ്പനവുമൊക്കെ അനുഭവപ്പെടുന്നതായിരുന്നു യുവതിയുടെ പ്രശ്നം. ആറുമാസം പല ചികിത്സകളും നടത്തിയെങ്കിലും ഫലംകണ്ടില്ല. അങ്ങനെയാണ് ഡോ.സുധീർ കുമാറിന്റെ അടുക്കലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ ലക്ഷണങ്ങൾ പെരിഫെറൽ ന്യൂറോപ്പതി, റെസ്റ്റ്ലസ് ലെഗ് സിൻഡ്രോം എന്നിവയെ സൂചിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വിറ്റാമിൻ ബി12, അയൺ എന്നിവയുടെ അപര്യാപ്തതയാണ് ഇവ രണ്ടിലേക്കും നയിക്കുന്നതെന്ന് ഡോക്ടർ കുറിക്കുന്നു.
എക്സിലൂടെയാണ് ഡോ.സുധീർ കുമാർ ഇതേക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഫാൻ ഓൺ ചെയ്താലോ,അടുത്തുള്ള മുറിയിൽ ആണെങ്കിൽപ്പോലും യുവതിക്ക് ഉറക്കം തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു. ശേഷം സുധീർ കുമാറിന്റെ പരിശോധനയിലാണ് വിറ്റാമിന്റെയും അയണിന്റെയും അഭാവമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. പരിശോധനകളിൽ വിറ്റാമിൻ ബി13, അയൺ എന്നിവ നന്നേ കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ സ്ഥിരമായി തുടരുന്ന, ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് അരികിലെത്തുമ്പോഴുള്ള വിറയലിനും കമ്പനത്തിനും പിന്നിൽ സമ്മർദം കൂടി ഘടകമാണെന്നും ഡോക്ടർ കണ്ടെത്തി. ഇതൊരു ആരോഗ്യപ്രശ്നമല്ലെന്നും സമ്മർദം, ഉത്കണ്ഠ എന്നിവ കൂടുന്ന സമയത്താണ് പലപ്പോഴും അധികരിക്കുന്നതെന്നും ഡോ.സുധീർ കുമാർ പറയുന്നു. യുവതിയുടെ കാര്യത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളാകാം സമ്മർദത്തെ ട്രിഗർ ചെയ്യുന്നത്. വിറ്റാമിൻ ബി 13, അയൺ സപ്ലിമെന്റുകൾ നൽകിയതിനൊപ്പം തന്റേത് വലിയ ആരോഗ്യപ്രശ്നമല്ലെന്ന് യുവതിയെ പറഞ്ഞുമനസ്സിലാക്കുക കൂടി ചെയ്തതോടെ എളുപ്പത്തിൽ ആ അവസ്ഥയെ മറികടക്കാനായെന്നും ഡോക്ടർ പറയുന്നു.
പെരിഫെറൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന നാഡികളുടെ തകരാറാണ് പെരിഫെറൽ ന്യൂറോപ്പതി. മസ്തിഷ്കത്തിനും സുഷുമ്നാ നാഡിക്കും പുറത്തുള്ള നാഡികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണിത്. കാലുകളിൽ ചൊറിച്ചിൽ, തരിപ്പ്, വേദന എന്നിവ അനുഭവപ്പെടുന്ന അവസ്ഥയാണ് റസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം. കാലുകൾ അനക്കാനുള്ള തോന്നലുണ്ടാവുകയാണ് പ്രധാനലക്ഷണം.
Content Highlights: A 40-year-old woman experienced body vibration near electrical appliances
Published: 22 May 2025, 12:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented