മേരിക്കൻ നടനും ​ഗായകനുമായ ബോബി ഷെർമാൻ അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലിരിക്കെയാണ് താരത്തിന്റെ മരണം. ബോബിയുടെ ഭാര്യ ബ്രിഗെറ്റ് ഷെർമാൻ ഇൻസ്റ്റ​ഗ്രാം വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുവരും ഒപ്പമുള്ള ഏതാനും ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ആദ്യമാണ് ഷെർമാൻ വൃക്കയിൽ അർബുദബാധിതനാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. 

To advertise here,

വൃക്കയിലെ അർബുദം?

രക്തം ശുദ്ധീകരിക്കാനും മൂത്രത്തിലൂടെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഉത്തരവാദികളാണ് നമ്മുടെ ശരീരത്തിലെ വൃക്കകൾ. വൃക്കയിലെ കാൻസറുകൾ പലവിധത്തിലുണ്ട്. റീനൽ സെൽ കാർസിനോമ, ട്രാൻസിഷണൽ സെൽ കാൻസർ, റെനാ‍ൽ സാർകോമ, വിൽസ് ട്യൂമർ എന്നിവയാണ് അവ. സാധാരണയായി ഏറ്റവും അധികം കാണപ്പെടുന്ന വൃക്കാർബുദമാണ് റീനൽ സെൽ കാർസിനോമ.

പലപ്പോഴും രോ​ഗത്തിന്റെ ആദ്യഘട്ടം തിരിച്ചറിയാനാകില്ല എന്നതാണ് രോ​ഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മൂത്രത്തിൽ രക്തം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്താൻ സാധ്യതയുണ്ട്. ഏകദേശം 50 ശതമാനം റീനൽ സെൽ കാർസിനോമ കേസുകളും വളരെ വൈകിയാണ് കണ്ടെത്തുന്നത്. സ്റ്റേജ് 4 ഘട്ടത്തിലേക്കൊക്കെ എത്തുമ്പോഴാണ് പലരിലും രോ​ഗനിർണയം പോലും നടത്തുന്നത്. 

വൃക്കാർബുദത്തിന്റെ ലക്ഷണങ്ങൾ‌

മറ്റു വൃക്കരോ​ഗങ്ങളെപ്പോലെ തന്നെ പലപ്പോഴും ലക്ഷണങ്ങളിലാതെ തന്നെയാണ് വൃക്കയിലെ കാൻസറുകൾ പ്രത്യക്ഷമാകാറുള്ളത്. മിക്കപ്പോഴും മറ്റൊരു അസുഖത്തിനു വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോഴോ മറ്റോ ഒക്കെ അസുഖം കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. താഴെ നൽകിയിരിക്കുന്നവയാണ് വൃക്കാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

  • ഉയർന്ന രക്തസമ്മർദം
  • അനീമിയ
  • വയറിനുള്ളിൽ മുഴ
  • വയറുവേ​ദന
  • മൂത്രത്തിന് ചുവന്ന നിറം
  • അമിതമായ ക്ഷീണം
  • വിശപ്പില്ലായ്മ
  • ഛർദി
  • ഹീമോ​ഗ്ലോബിന്റെ അളവ് കൂടുതൽ
  • നീണ്ടുനിൽക്കുന്ന പനി 
  • ഭാരക്കുറവ്
  • സന്ധിവേദന

കിഡ്നി കാൻസർ നിർണയം

സി.ടി. സ്കാൻ ആണ് രോ​ഗനിർണയത്തിനായി സ്വീകരിക്കുന്നത്. സാധാരണയായി ശരീരത്തിന്റെ ഏതുഭാ​ഗത്ത് കാൻസർ ഉണ്ടായാലും ബയോപ്സി എടുക്കുകയാണ് ചെയ്യുക. പക്ഷേ കിഡ്നിയെ ബാധിക്കുന്ന കാൻസറിൽ അത് ചെയ്യാറില്ല. കാരണം ബയോപ്സി എടുക്കുക വഴി രോ​ഗവ്യാപനത്തിന് സാധ്യതയുണ്ട് എന്നതുകൊണ്ടാണ്. സി.ടി. സ്കാൻ ചെയ്ത് രോ​ഗനിർണയം നടത്തി സർജറിയാണ് ആവശ്യമെങ്കിൽ അതും വ്യാപനം ഉണ്ടെങ്കിൽ കീമോതെറാപ്പിയോ ഇമ്മ്യൂണോ തെറാപ്പിയോ നിർദേശിക്കുകയും ചെയ്യും.

വൃക്കാർബുദത്തിനുള്ള ചികിത്സ

കിഡ്നി കാൻസറിന്റെ സ്റ്റേജിന് അനുസരിച്ചാണ് ചികിത്സ എപ്രകാരമാണ് നൽകേണ്ടത് എന്ന് നിർണയിക്കുക. ചിലതരം കാൻസറുകൾ കിഡ്നിയെ മാത്രം ബാധിക്കുന്നവയായിരിക്കും. എന്നാൽ വഷളാകുന്നതിന് അനുസരിച്ച് മറ്റു ഭാ​ഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. കരളിലേക്കും രക്തത്തിലൂടെ ശ്വാസകോശം, മസ്തിഷ്കം തുടങ്ങിയവയിലേക്ക് ഒക്കെ കാൻസർ പടരാം. കിഡ്നിയിൽ മാത്രമുള്ള കാൻസറാണെങ്കിൽ അതിന് ചികിത്സ സർജറിയാണ്. രോ​ഗം വ്യാപിച്ചു കഴിഞ്ഞെങ്കിൽ സർജറിയിൽ കാര്യമില്ല. പകരം ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സാ മാർ​ഗങ്ങൾ തിരഞ്ഞെടുക്കാം. കിഡ്നിയിലെ ചില തരം ട്യൂമറുകൾ കാൻസറിന് ഇടയാക്കുന്നവയല്ല. അവ കാൻസർ ട്യൂമറുകളേക്കാൾ ചെറുതും ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലേക്ക് പടരാത്തവയും ആയിരിക്കും. കാൻസറസ് അല്ലാത്ത ട്യൂമർ സർജറിയിലൂടെ നീക്കം ചെയ്യുകയാണ് അഭികാമ്യം.