പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതിന് പിന്നാലെ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തകർന്നിരിക്കുമ്പോഴും താനും ഭാര്യ ജിൽ ബൈഡനും ശക്തരാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. ഒപ്പം നിന്നവരോട് നന്ദിയെന്നും അദ്ദേഹം കുറിച്ചു. 

To advertise here,

'കാൻസർ നമ്മളേയും ബാധിച്ചേക്കാം. നിങ്ങളിൽ പലരേയുംപോലെ, തകർന്നിരിക്കുമ്പോഴാണ് ഞങ്ങൾ ഏറ്റവും ശക്തരെന്ന് ഞാനും ജില്ലും തിരിച്ചറിയുന്നു. സ്നേഹവും പിന്തുണയും കൊണ്ട് ഞങ്ങളെ ഒപ്പംനിർത്തിയവർക്ക് നന്ദി', ബൈഡൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ജോ ബൈഡന്റെ ഓഫീസ് അദ്ദേഹത്തിന്റെ രോ​ഗവിവരം പുറത്തുവിട്ടത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. 

എന്താണ് ​ഗ്ലീസൺ സ്കോർ? 
മൈക്രോസ്കോപ്പിൽ കാണുന്ന കാൻസർ കോശങ്ങളെ അടിസ്ഥാനമാക്കി പ്രോസ്റ്റേറ്റ് കാൻസറിന്റെ തീവ്രത വിലയിരുത്താൻ ഉപയോഗിക്കുന്ന ഒരു ഗ്രേഡിംഗ് സംവിധാനമാണ് ഗ്ലീസൺ സ്കോർ. ആറ് മുതൽ പത്ത് വരെയാണ് സ്കോറുകൾ. ഉയർന്ന സ്കോർ കാൻസർ കൂടുതൽ തീവ്രമാണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ, ​ഗ്ലീസൺ സ്കോർ ഒമ്പത് എന്നത് ബൈഡനെ സംബന്ധിച്ച് കാന്‍സര്‍ വളരെ വഷളായ നിലയിലാണ് എന്നാണ് വ്യക്തമാക്കുന്നത്. 

​ഗ്ലീസൺ സ്കോർ ഒമ്പത് എന്നത് (4+5) അല്ലെങ്കിൽ (5+4) പോലുള്ള രണ്ട് പാറ്റേണുകളെ സൂചിപ്പിക്കുന്നു. ഇതിൽ, ആദ്യത്തെ സംഖ്യ ഏറ്റവും സാധാരണയായ കോശങ്ങളുടെ പാറ്റേണിനേയും(most common cell pattern) രണ്ടാമത്ത് സെക്കൻഡറി പാറ്റേണിനേയും പ്രതിനിധീകരിക്കുന്നു. ഗ്ലീസൺ സ്കോർ 9 എന്നത് ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള കാൻസർ ആണെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയും വ്യക്തമാക്കുന്നത്. ഇത് അതിവേഗം വളരാനും പടരാനും സാധ്യതയുണ്ട്.