ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
926 പേരെ ഒരുവർഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരിൽ അമ്പതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.
കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആഗോളതലത്തിൽനിന്ന് അത്
പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്. കോവിഷീൽഡ് വിവാദങ്ങൾക്കു പിന്നാലെ കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് നേരത്തേ രംഗത്തെത്തിയിരുന്നു. പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നും ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിൻ കോവാക്സിനാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു,
കോവിഡ് വാക്സിന്റെ ഫലപ്രാപ്തിക്ക് ഹ്രസ്വകാലയളവേ ഉള്ളുവെങ്കിലും ആളുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ആഘാതമുണ്ടായാൽ അത് ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്നും തങ്ങളുടെ എല്ലാ വാക്സിനുകളുടെയും പ്രധാനശ്രദ്ധ സുരക്ഷിതത്വത്തിലായിരുന്നുവെന്നും ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു.
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിൽ നൽകിവന്നിരുന്ന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക കമ്പനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നൽകിയത്.
യു.കെയിൽനിന്നുള്ള ജാമി സ്കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്. തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിരുന്നു.
എന്നാൽ അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ പറഞ്ഞിരുന്നു. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പത്തു ലക്ഷത്തിൽ ഏഴോ എട്ടോ വ്യക്തികളിൽ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ ആദ്യഡോസ് എടുക്കുമ്പോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്പോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്പോഴേക്കും തീരെ കുറയുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. വാക്സിന്റെ പാർശ്വഫലം ഉണ്ടാവുകയാണെങ്കിൽത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളിൽ പ്രകടമാവുമെന്നും ഡോ. രാമൻ പറഞ്ഞിരുന്നു.
Content Highlights: bhu university study on covaxin side effects
Published: 16 May 2024, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented