കോഴിക്കോട്: അത്യാവശ്യഘട്ടങ്ങളിൽ ചികിത്സയ്ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യയോജന ഇൻഷുറൻസ് പദ്ധതി. എന്നാൽ, പാവപ്പെട്ടവർക്ക് സഹായം നൽകാനുള്ള പദ്ധതി ഇപ്പോൾ രോഗികൾക്ക് ദുരിതമാവുകയാണ്. രജിസ്റ്റർചെയ്യേണ്ട വെബ്‌സൈറ്റ് ഇടയ്ക്കിടെ സ്തംഭിക്കുന്നതാണ് രോഗികളെ വട്ടംകറക്കുന്നത്. വരുമാനംകുറഞ്ഞ റേഷൻകാർഡുകാർക്കായുള്ളതാണ് പദ്ധതി.
ഇതുകാരണം അഞ്ചും ആറും തവണയാണ് രോഗികൾ ആശുപത്രികൾ കയറിയിറങ്ങേണ്ടിവരുന്നത്. ചികിത്സ വേണ്ടവർ, ചികിത്സതേടുന്ന ആശുപത്രിയിൽത്തന്നെ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ച് അംഗത്വമെടുക്കണമെന്നതാണ് പദ്ധതിയുടെ നിബന്ധന. ഇതിനായി രോഗിയേയുംകൊണ്ട് നേരം രാവിലെത്തന്നെ വണ്ടിയൊക്കെപ്പിടിച്ച് ആശുപത്രിയിലെത്തുമ്പോഴായിരിക്കും അറിയുക, വെബ്‌സൈറ്റ് പണിമുടക്കിയ കാര്യം. ശരിയാവുമെന്ന പ്രതീക്ഷയിൽ, അസുഖംകാരണം ബുദ്ധിമുട്ടുന്ന രോഗിയുമായി മണിക്കൂറുകൾനീണ്ട കാത്തിരിപ്പാണ് പിന്നെ.
ഒടുവിൽ ഒന്നുംനടക്കാതെ വീട്ടിലേക്ക് മടങ്ങും. പിറ്റേദിവസം രാവിലെയും ഇതുതന്നെ ആവർത്തിക്കും. ഇങ്ങനെ നാലും അഞ്ചും തവണപോയാലാണ് പലർക്കും രജിസ്‌ട്രേഷൻ എടുക്കാനാവുന്നത്. സമീപെത്ത ആശുപത്രികളിലോ അക്ഷയകേന്ദ്രങ്ങളിലോ രജിസ്‌ട്രേഷന് സർക്കാർ അനുമതിനൽകിയാലേ ദുരിതത്തിന് പരിഹാരമാവൂ എന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്.
കോഴിക്കോട്ടെയും മറ്റും ആശുപത്രികളിലെത്തുന്ന മറ്റുജില്ലകളിൽനിന്നുള്ള രോഗികളുടെ കാര്യമാണ് ഏറെ കഷ്ടം. വെബ്‌സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ഫോൺ വിളിച്ച് ഉറപ്പുവരുത്തിയാവും പുറപ്പെടുന്നത്. രണ്ടും മൂന്നും മണിക്കൂർ സഞ്ചരിച്ച് ആശുപത്രിയിലെത്തുമ്പോഴേക്കും വെബ്‌സൈറ്റ് സ്തംഭിച്ചിട്ടുണ്ടാവും. തിരിച്ചുപോയി വീണ്ടും പലതവണ വരേണ്ടിവരും.
70 വയസ്സിനുമുകളിലുള്ള രോഗികളുമൊക്കെയായാണ് പലരുമെത്തുന്നത്. ഇതുകാരണം ശസ്ത്രക്രിയകൾ നീട്ടിവെക്കേണ്ട അവസ്ഥവരെയുണ്ടാകുന്നു. രജിസ്ട്രേഷൻ കഴിയാതെ സൗജന്യം നൽകാനാവില്ല. വെബ്‌സൈറ്റ് പ്രശ്നമായതുകൊണ്ട് ആശുപത്രികൾക്കും ഒന്നുംചെയ്യാനാവില്ല.
സംസ്ഥാനത്ത് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന ഇതിൽ 64 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. രാജ്യത്ത് മൊത്തം 50 കോടിയിലേറെപ്പേർക്ക് ഈ പദ്ധതിയിൽ അംഗത്വമുണ്ടെന്നാണ് കണക്ക്. ചികിത്സയ്ക്കായി ഓരോ വർഷവും അഞ്ചുലക്ഷം രൂപവരെ പദ്ധതിവഴി ലഭിക്കും.
Content Highlights: ayushman bharat wesite issue, Health
Published: 22 Oct 2024, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented