
ആലപ്പുഴ: എഴുപതുവയസ്സുകഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയില്‍ സൗജന്യചികിത്സ വാഗ്ദാനംചെയ്ത് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തില്‍. കേന്ദ്ര പോര്‍ട്ടലിലെ പട്ടികനോക്കി കേരളത്തില്‍ സൗജന്യചികിത്സ തേടുന്നവരെ അറിയിപ്പുകിട്ടിയില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയാണ് ആശുപത്രിക്കാര്‍. അതിനാല്‍, ഇവിടെ പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത് വയോവന്ദന കാര്‍ഡ് കിട്ടിയവര്‍ക്ക് ചികിത്സയ്ക്കു പണംനല്‍കേണ്ട സ്ഥിതിയാണ്.
സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി സംസ്ഥാനത്തെ 588 ആശുപത്രികളെയാണ് 70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സാപദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ ആയുഷ്മാന്‍ ഭാരത് (കേരളത്തില്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായ ആശുപത്രികളുടെ പട്ടിക അതേപടി 70 കഴിഞ്ഞവരുടെ പദ്ധതിയിലേക്കും കേന്ദ്രം മാറ്റിയിരിക്കുകയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെയോ ആശുപത്രികളെയോ അറിയിച്ചിട്ടില്ല. അതാണ് കേന്ദ്രപോര്‍ട്ടലിലൂടെ നേരിട്ട് പദ്ധതിയുടെ ഭാഗമായവര്‍ക്ക് സൗജന്യചികിത്സ കിട്ടാത്ത സ്ഥിതിയുണ്ടാകുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പുചുമതല സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി(എസ്.എച്ച്.എ.)ക്കാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് മാര്‍ഗനിര്‍ദേശം ലഭിച്ചാലേ 70 കഴിഞ്ഞവരുടെ സൗജന്യചികിത്സ സംബന്ധിച്ച് ഇവര്‍ക്കു തീരുമാനമെടുക്കാനാകൂ.
കാരുണ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി സൗജന്യചികിത്സ നല്‍കിയ വകയില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് കോടിക്കണക്കിനു രൂപ കുടിശ്ശികയാണ്. അതിനാല്‍, കേന്ദ്രനിര്‍ദേശംവന്നാലും ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നേ ചികിത്സകിട്ടൂ.
ക്ഷമിക്കണം, നോഡല്‍ ഓഫീസര്‍ വിരമിച്ചു
70 വയസ്സുകഴിഞ്ഞവര്‍ക്ക് സൗജന്യചികിത്സ നല്‍കാന്‍ എംപാനല്‍ ചെയ്ത ആശുപത്രികളുടെ പട്ടിക കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് ഏജന്‍സി(എന്‍.എച്ച്.എ.)യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയുമുണ്ട്. ഇവിടത്തെ നോഡല്‍ ഓഫീസറായ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. പക്ഷേ, സൗജന്യ ചികിത്സയെക്കുറിച്ചറിയാന്‍ അതിലേക്കു വിളിച്ചാല്‍ ജോലിയില്‍നിന്നു വിരമിച്ചെന്നാകും ഡോക്ടറുടെ മറുപടി. വിരമിച്ച് വര്‍ഷം ഒന്നുകഴിഞ്ഞ ഡോക്ടര്‍ പിന്നെ എന്തുപറയാനാണ്? പഴയ എംപാനല്‍ ആശുപത്രികളുടെ പട്ടിക, കേന്ദ്രം അതേപടി പ്രസിദ്ധപ്പെടുത്തിയതാണെന്ന് ഇതില്‍നിന്നു വ്യക്തം.
Content Highlights: Ayushman bharat health scheme controversy in hospital lists
Published: 05 Nov 2024, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented