
തൃശ്ശൂർ : രാജ്യത്തെ അർബുദരോഗചികിത്സയിൽ ആയുഷ്മാൻ ഭാരത് പദ്ധതി വലിയ നേട്ടമുണ്ടാക്കിയതായി പഠനം. രോഗം സ്ഥിരീകരിച്ചാൽ വേഗം ചികിത്സ തുടങ്ങാനായെന്ന നേട്ടമാണ് പദ്ധതിമൂലം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് ആശുപത്രികളിലെ രോഗികളെ കേന്ദ്രീകരിച്ചുനടത്തിയ പഠനം ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കിയ 2018-നുശേഷം വേഗത്തിലുള്ള ചികിത്സയിൽ 36 ശതമാനം നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 20 ദിവസത്തിനുള്ളിൽപ്പോലും ചികിത്സ ആരംഭിച്ച സന്ദർഭങ്ങളുണ്ട്. രോഗം സ്ഥിരീകരിച്ച് 30 ദിവസത്തിനകം ചികിത്സ തുടങ്ങുകയെന്നതാണ് ഏറ്റവും ഗുണകരം. ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഡോ. പ്രിഞ്ച ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം 6695 രോഗികളുടെ വിവരമാണ് പഠിച്ചത്. 1995 മുതൽ 2017 വരെയുള്ള രോഗികളുടെ വിവരങ്ങളുമായാണ് പുതിയതിനെ താരതമ്യം ചെയ്തത്. ഇതിനെത്തുടർന്നാണ് ആയുഷ്മാൻ ഭാരതിന്റെ പ്രസക്തി വെളിവായതെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
പാവപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സാമ്പത്തികം വിലങ്ങുതടിയാകുന്നെന്ന വസ്തുതയും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. പരിശോധിച്ച രോഗികളിൽ 61 ശതമാനവും വനിതകളായിരുന്നു. മൊത്തം രോഗികളിൽ 60 ശതമാനവും ഗ്രാമീണരും. അഞ്ചിൽ രണ്ടുപേരും ഒരു ചികിത്സാപദ്ധതിയിലും അംഗങ്ങളായിരുന്നില്ല. 48.6 ശതമാനമാണ് സർക്കാർ പദ്ധതിയിൽ അംഗമായിട്ടുണ്ടായിരുന്നത്.
റേഡിയോതെറാപ്പി കേന്ദ്രങ്ങളുടെ ദൗർലഭ്യമാണ് പഠനം എടുത്തുകാട്ടുന്ന പ്രധാന പോരായ്മ. ഇന്ത്യയിൽ നിലവിൽ ആയിരം കേന്ദ്രങ്ങൾ മാത്രമാണുള്ളത്. രോഗികളുടെ എണ്ണമനുസരിച്ച് 5,000 എണ്ണമെങ്കിലും വേണം.
Content Highlights: Ayushman Bharat driving big gains in cancer treatment, says study
Published: 24 Dec 2024, 09:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented