വളരെ ചെറുതും സങ്കീർണ്ണവുമായ ഇലക്ട്രോണിക് ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഹിയറിങ് എയ്ഡുകൾ അഥവാ ശ്രവണ സഹായികൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുവരാനിടയുണ്ട്. മഴക്കാലമാകുന്നതോടെ ചെവിക്കായം(ear wax)അടിയുന്നത് സംബന്ധിച്ച പ്രശ്നങ്ങളുമായി ഡോക്ടർമാരെ സന്ദർശിക്കുന്നവർ ഏറെയാണ്. മഴക്കാലത്ത് ചെവിക്കായം അടിയുന്നത് കൂടുന്നതല്ല; മറിച്ച് ശ്രവണസഹായി ദീർഘനേരം ഉപയോഗിക്കുന്നതിലൂടെ ഇയർ കനാലിലെ വായുപ്രവാഹം കുറയുകയും ഒപ്പം ഈർപ്പം കൂടുകയും ചെയ്യുമ്പോൾ ചെവിക്കായം അടിയുന്നത് കൂടുകയാണ് ചെയ്യുന്നത്.
മഴക്കാലത്ത് താപനിലയിലെ വ്യതിയാനങ്ങൾ ശ്രവണ സഹായികളെ ദോഷകരമായി ബാധിക്കാറുണ്ട്. മഴക്കാലത്ത് ഹിയറിങ് എയ്ഡുകൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് ഓഡിയോളജിസ്റ്റും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അസ്സോസിയേറ്റ് പ്രഫസറുമായ പി.എം. ജാബിർ.
നേരിട്ടുള്ള ജലസമ്പർക്കം
കനത്ത മഴയത്ത് ഉപകരണം നനയുന്നത് വഴി ഉള്ളിലെ ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം. ഇത് ശബ്ദം പ്രോസസ്സ് ചെയ്യുന്ന ചിപ്പുകളെയും മൈക്രോഫോൺ, സ്പീക്കർ എന്നിവയെയും കേടുവരുത്തും.
ബാറ്ററി തകരാറുകൾ
റീചാർജ് ചെയ്യാവുന്നതോ അല്ലാത്തതോ ആയ ബാറ്ററികൾ എല്ലാ ഹിയറിങ് എയ്ഡുകളുടെയും ഭാഗമാണ്. ഇവ വെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ വളരെ പെട്ടെന്ന് നശിച്ചുപോകും.
അന്തരീക്ഷത്തിലെ ഈർപ്പം
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ ഉപകരണത്തിനുള്ളിൽ വെള്ളത്തിന്റെ കണങ്ങൾ രൂപപ്പെടാനും അത് വഴി മൈക്രോഫോണും മറ്റ് ഭാഗങ്ങളും തകരാറിലാകാനും സാധ്യതയുണ്ട്.
താപനിലയിലെ വ്യതിയാനം
സാധാരണ അന്തരീക്ഷ താപനിലയിൽ (room temperature) കൃത്യമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ശ്രവണ സഹായികൾ. മഴക്കാലത്ത് പെട്ടെന്നുള്ള താപനില വ്യതിയാനങ്ങൾ കാരണം ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
പരിഹാരമാർഗ്ഗങ്ങളും സംരക്ഷണ രീതികളും
ആധുനിക ശ്രവണ സഹായികൾ ഒരു പരിധി വരെ വാട്ടർ റെസിസ്റ്റന്റ് ആണെങ്കിലും പൂർണ്ണമായും വാട്ടർ പ്രൂഫ് അല്ല. അതിനാൽ മഴക്കാലത്ത് താഴെ പറയുന്ന മുൻകരുതലുകൾ എടുക്കുന്നത് അത്യന്താപേക്ഷിതമാണ്.
1. നേരിട്ടുള്ള ജലസമ്പർക്കം ഒഴിവാക്കുക
കനത്ത മഴയുള്ളപ്പോൾ കുടയോ മറ്റ് സുരക്ഷാ മാർഗ്ഗങ്ങളോ ഇല്ലെങ്കിൽ ഹിയറിങ് എയ്ഡ് ധരിക്കുന്നത് ഒഴിവാക്കുക. വെള്ളത്തിലോ വെള്ളക്കെട്ടുകളിലോ ഉപകരണം വീഴാതെ ശ്രദ്ധിക്കുക.
2. ബാറ്ററികൾ ഉണക്കി സൂക്ഷിക്കുക
മഴ നനയാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ കടുത്ത താപനില വ്യതിയാനമുള്ളപ്പോഴോ ശ്രവണ സഹായിയുടെ ബാറ്ററി ഊരിമാറ്റി വെയ്ക്കുക. ബാറ്ററി കേസിനുള്ളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അത് ഉണങ്ങാൻ സഹായിക്കും. വാട്ടർപ്രൂഫ് അല്ലാത്ത ഉപകരണങ്ങൾക്ക് ഈ മുൻകരുതൽ വളരെ പ്രധാനമാണ്. നനവ് തട്ടിയാൽ ഉണങ്ങിയ കോട്ടൺ തുണികൊണ്ട് തുടച്ച് നനവ് മാറ്റാം. പക്ഷേ, ഹെയർ ഡ്രൈയർ പോലെ ഉള്ള ഉപകരണം വെച്ച് ചൂടാക്കി നനവ് കളയാൻ ഒരിക്കലും ശ്രമിക്കരുത്.
3. ഡീഹ്യൂമിഡിഫയർ അല്ലെങ്കിൽ ഡ്രൈയിങ് കിറ്റ് ഉപയോഗിക്കുക
മഴക്കാലത്ത് ഉപകരണ സംരക്ഷണത്തിന് ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഹിയറിങ് എയ്ഡ് ഡീഹ്യൂമിഡിഫയറുകൾ (Hearing aid dehumidifier/Drying kit). സിലിക്ക ജെൽ വഴിയോ ഇലക്ട്രിക്കൽ ഉപകരണം വഴിയോ ഉപകരണത്തിനുള്ളിലെ ഈർപ്പം പൂർണ്ണമായും നീക്കം ചെയ്യാൻ ഇവ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
ഹിയറിങ് എയ്ഡ് ഉപയോഗിക്കാത്ത സമയങ്ങളിൽ ഡ്രൈയിങ് കിറ്റിനുള്ളിൽ സൂക്ഷിക്കുക. ബാറ്ററി ഊരി മാറ്റി, ബാറ്ററിയുടെ അറ (Compartment) തുറന്നുപിടിച്ച വേണം ഇത് ഡീഹ്യൂമിഡിഫയറിനുള്ളിൽ വെയ്ക്കാൻ.
ചെവിയിലെ അണുബാധയും ഹിയറിങ് എയ്ഡ് തകരാറും
ചെവിയിലുണ്ടാകുന്ന അണുബാധ തക്കസമയത്ത് ചികിത്സിക്കാതിരിക്കുന്നത് ചെവിയും ശ്രവണ സഹായിയും ഒരുപോലെ നശിപ്പിക്കും. പഴുപ്പും മറ്റും ഹിയറിങ് എയ്ഡിനുള്ളിൽ കടന്നാൽ ഉപകരണം പൂർണ്ണമായി കേടുവരാൻ കാരണമാകും. മാത്രവുമല്ല ,അണുബാധ പടർന്നു കൂടുതൽ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് കടക്കാനും ഗുരുതരമാകാനും സാധ്യതയുണ്ട്. ചെവിയിലെ അണുബാധ കൂടുകയാണെങ്കിൽ ഹിയറിങ് എയ്ഡ് ഉപയോഗിക്കുന്നത് ഉടൻ നിർത്തുകയും ഇ.എൻ.ടി ഡോക്ടറെ കണ്ട് അണുബാധയ്ക്ക് ചികിത്സ തേടുകയും വേണം.
Content Highlights: How to Protect Your Hearing Aids During the Monsoon Season
Published: 12 Jun 2026, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented