
റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന സിനിമ ആധുനിക ഡിജിറ്റൽ ലോകത്ത് പ്രായമായവർ നേരിടുന്ന പാർശ്വവത്‌കരണത്തെയും ‘പ്രായഭേദചിന്ത’യെയും (Ageism) ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം പ്രായത്തിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ പോലും ഒരാൾ എങ്ങനെ അപ്രസക്തനാക്കപ്പെടുന്നു എന്നതിന്റെ നേർചിത്രമാണ്. ഒരു കാലത്ത് തന്റെ മേഖലയിൽ മിടുക്കനായിരുന്ന ഒലിവർ ട്വിസ്റ്റ്, സ്മാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസര കാലത്ത് ഒറ്റപ്പെടുന്നു. പ്രായമായവർക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയില്ലെന്നോ അവർ കാലഹരണപ്പെട്ടവരാണെന്നോ ഉള്ള പൊതുബോധമാണ് പ്രായഭേദചിന്തയുടെ അടിസ്ഥാനം.
ഒലിവർ തന്റെ മക്കളോട് അടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം “അച്ഛന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല” എന്ന മക്കളുടെ മറുപടി ഈ വിവേചനത്തിന്റെ പ്രതിഫലനമാണ്.
കുടുംബത്തിനുള്ളിലെ ഒറ്റപ്പെടൽ
പ്രായമാകുമ്പോൾ ഒരാളുടെ അനുഭവസമ്പത്തിനെക്കാൾ അവരുടെ പരിമിതികൾക്ക് മുൻഗണന നൽകുന്ന പ്രവണത പലപ്പോഴും ചർച്ചചെയ്യുന്നുണ്ട്. സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടുമാത്രം പരിഹാസപാത്രമായി മാറുന്നവരുണ്ട്. മക്കൾക്ക് അച്ഛനമ്മമാരോടുള്ള സ്നേഹത്തെക്കാൾ കൂടുതൽ അവരോടുള്ള അസഹിഷ്ണുതയാണ് പലപ്പോഴും പ്രകടമാകുന്നത്. ഇത് പ്രായമായവരിൽ ഉണ്ടാക്കുന്ന മാനസികസംഘർഷം ചെറുതല്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയനേട്ടം മക്കൾക്കുമുന്നിൽ തെളിയിക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും.
മുൻവിധികൾ മാറണം
പ്രായമായവർക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയില്ലെന്നോ യുവാക്കൾക്ക് ഉത്തരവാദിത്വം കുറവാണെന്നോ ഉള്ള തെറ്റായ ധാരണകൾ തൊഴിൽ മേഖലയിൽ കാണാറുണ്ട്. പ്രായമായവരുടെ ശാരീരിക ബുദ്ധിമുട്ടുകൾ സ്വാഭാവികമാണെന്ന് കരുതി വേണ്ടത്ര ചികിത്സ നൽകാതിരിക്കുന്നത് ഒരുതരം പ്രായഭേദചിന്തയാണ്. പ്രായമായവർ സമൂഹത്തിന് ഭാരമാണെന്നോ അവർക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നോ ഉള്ള മുൻവിധികൾ മാറ്റേണ്ടതുണ്ട്.
പ്രായത്തെക്കാൾ വ്യക്തിയുടെ കഴിവിനും അനുഭവസമ്പത്തിനും പ്രാധാന്യം നൽകുക. തലമുറകൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക. പ്രായഭേദമെന്യേ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്ന നിയമങ്ങൾ നടപ്പാക്കുക.
മാറേണ്ട മനോഭാവം
പ്രായമെന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നു പറയാറുണ്ട്. സ്നേഹവും പരിഗണനയും ഏതൊരു സാങ്കേതികവിദ്യയേക്കാളും വലുതെന്നുതന്നെ പറയാം. പ്രായമായവരെ മാറ്റിനിർത്തുന്ന സമൂഹത്തിനുള്ള മറുപടിയാണ് ആത്മവിശ്വാസം. പ്രായമായവരെ അറിവില്ലാത്തവരായി കാണുന്ന നമ്മുടെ മനോഭാവത്തിന് ഒരു തിരുത്തൽ ആവശ്യമാണ്. പ്രായമായവർക്ക് വേണ്ടത് സഹതാപമല്ല, മറിച്ച് തുല്യമായ പരിഗണനയും ബഹുമാനവുമാണ്.
-ജോസിലി മാത്യു, സൈക്കോളജി ഗവേഷക, ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
Content Highlights: Elderly isolation & ageism in the digital age.
Published: 11 Jan 2026, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented