ശരീരത്തിന്റെ മൊത്തം ആരോഗ്യം നിലനിർത്തുന്നതിൽ കുടലിന്റെ ആരോഗ്യത്തിനും വലിയ പങ്കാണുള്ളത്. കുടലിന്റെ ആരോഗ്യം നന്നായാൽ അവയവങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടും. കുടലിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി.

To advertise here,

അതിൽ ആദ്യമായി അദ്ദേഹം പങ്കുവെക്കുന്നത് ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ്. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും സീഡ്സിലൂടെയുമൊക്കെ ധാരാളം നാരുകളടങ്ങിയ ഭക്ഷണം ദൈനംദിന ജീവിതത്തിൽ‌ ഉൾപ്പെടുത്തുക. സ്ത്രീകൾക്ക് 25 ഗ്രാം ഫൈബറും പുരുഷന്മാർക്ക് 38 ഗ്രാം ഫൈബറുമാണ് വേണ്ടത്. കുടലിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തിനും മലവിസർജനം ആരോഗ്യകരമാക്കാനും നാരുകൾക്കു കഴിവുണ്ടെന്നും അദ്ദേഹം പറയുന്നു.

ദിവസവും ദിവസവും പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് മറ്റൊന്ന്. തൈര്, മോര് തുടങ്ങിയവ ശീലമാക്കാം. ഇവ കുടലിലേക്ക് നല്ല ബാക്ടീരിയകളെ നൽകുകയും കുടലിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

ദിവസവും നടക്കാനായി കൂടുതൽ സമയം മാറ്റിവെക്കുക എന്നതാണ് മറ്റൊരു നിർദേശം. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും ലളിതമായി ചെയ്യാവുന്ന കാര്യമാണിത്. നടത്തം കുടലിന്റെ ചലനം വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം കുറയ്ക്കുകയും ചെയ്യും.

ഒപ്പം ധാരാളം വെള്ളം കുടിക്കണമെന്നും ഡോ.സൗരഭ് ഓർമിപ്പിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വെള്ളം പ്രധാനമാണ്. നാരുകൾ നന്നായി കഴിക്കുകയും വെള്ളംകുടിക്കാതിരിക്കുകയും ചെയ്യുന്നത് വയറുവീർക്കാനും മലബന്ധത്തിനും കാരണമാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദഹനം സുഗമമാക്കാൻ ചില ടിപ്സ്

  • ദഹനത്തിന് ശരീരത്തിൽ ജലാംശം നിലനിൽക്കേണ്ടത് അത്യാവശമാണ്. ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും കഴിയും.
  • ഇഞ്ചിയും മഞ്ഞളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. സൂപ്പുകൾ, കറികൾ എന്നിവയിൽ ഇവ രണ്ടും കൂടുതലായി ചേർക്കാൻ ശ്രദ്ധിക്കാം. ഇടയ്ക്കിടയ്ക്ക് ജിഞ്ചർ ടീ കുടിക്കുന്നതും നല്ലതാണ്.
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മറ്റൊരു സംഗതി. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജനം കൃത്യമാകാൻ സഹായിക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയാണ് ആരോഗ്യകരമായ കുടലിുനെ പരിപോഷിപ്പിക്കുന്ന ഏതാനും ഭക്ഷണസാധനങ്ങൾ.
  • പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് കുടലിലെ ബാക്ടീരിയയുടെ പ്രവർത്തനത്തിന് നല്ലതാണ്. യോഗർട്ട്, കെഫീർ മുതലായവയിൽ പ്രോബയോട്ടിക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • കട്ടിയുള്ളതും എണ്ണയിൽ വറുക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും. മാത്രമല്ല, സംസ്‌കരിച്ച ഭക്ഷണങ്ങളിൽ നാരുകളും പോഷകങ്ങളും കുറവുമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി ഇവ ഭക്ഷണത്തിൽനിന്ന് പരമാവധി ഒഴിവാക്കൂ.
  • ശരിയായ ദഹനത്ത പരിപോഷിപ്പിക്കാനായി ഭക്ഷണം ശ്രദ്ധയോടെ കഴിക്കാൻ ശീലിക്കുക. ഇത് ഭക്ഷണം ശരിയായ രീതിയിൽ വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കും. സാവധാനത്തിലും ശ്രദ്ധയോടെയും ചവച്ചരച്ച് ആസ്വദിച്ച് വേണം കഴിക്കാൻ. ദഹനം തടസ്സപ്പെടാതിരിക്കാനായി ഭക്ഷണം കാണുമ്പോൾ ടിവിയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കാണുന്നത് ഒഴിവാക്കുക.
  • ദഹനനാളത്തിലെ പേശികളെ ഉത്തേജിപ്പിക്കാനായി യോഗയിലോ നടത്തത്തിലോ മറ്റെന്തെങ്കിലും ശാരീരിക വ്യായാമങ്ങളിലോ മുഴുകാൻ ശ്രദ്ധിക്കുക. ശാരീരികമായി സജീവമായിരിക്കുന്നത് ദഹനം സുഗമമാക്കും.
  • മാനസികസമ്മർദം ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, സമ്മർദനില നിയന്ത്രിച്ചുനിർത്തേണ്ടത് പ്രധാനമാണ്. മെഡിറ്റേഷൻ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയ ഹോബികൾ ശീലിക്കുന്നത് മനസ്സിന്റെ ശാന്തത നിലനിർത്താൻ സഹായിക്കും.
  • ഒരോരുത്തരുടേയും ശരീരത്തിന്റെ ആവശ്യങ്ങളനുസരിച്ച് മാറ്റങ്ങൾ വരുത്തണം. എന്നിട്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടരുന്നുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശത്തിനായി ഒരു ഹെൽത്ത്‌കെയർ സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.