ഫിറ്റ്നസ്, ഭക്ഷണം എന്നിവയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതെ പോകുമ്പോഴും ഉറക്കത്തിന് അത്ര പ്രാധാന്യം കൊടുക്കാത്തവരാണ് പലരും. വ്യായാമം ചെയ്യുന്നതും ഡയറ്റിങ്ങും മാത്രമാണ് ശരീരത്തിനു പ്രധാനം എന്നു കരുതുന്നവർ. എന്നാൽ മതിയായ ഉറക്കം ശരീരത്തിന് ലഭിച്ചില്ലെങ്കിൽ ദോഷങ്ങളേറെയാണ്. പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ പരിഹാരങ്ങളിലൊന്ന് ഉറക്കമാണെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആയ ഡോ സുൽഫി നൂഹു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഉറക്കത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ്. നാലുംഅഞ്ചും മണിക്കൂർ മാത്രമുറങ്ങി അതിരാവിലെ ഓടാനും നടക്കാനുമൊക്കെ പോകുന്നവർ അറിയാൻ എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. എട്ടുമണിക്കൂർ ഉറക്കം ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നു പങ്കുവെക്കുന്നതാണ് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...
നാലു മണിക്കൂറും അഞ്ചുമണിക്കൂറും മാത്രം ഉറങ്ങി അതിരാവിലയെണീറ്റ്, ഓടുന്നവരോടാണ്, നടക്കുന്നവരോടാണ്! ഫൈവ് എ എം ക്ലബ് ഒക്കെ നല്ലതാണ്. പക്ഷേ എട്ടുമണിക്കൂർ കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങിയിട്ട് മതി 5 എ എം ക്ലബ് ഒക്കെ.
ഉറക്കം ആരോഗ്യമാണെന്ന്, പറഞ്ഞ് തഴമ്പിച്ച ആ പഴയ തള്ള് വീണ്ടും വീണ്ടും പറഞ്ഞു വയ്ക്കാതെ വയ്യ! ഇന്നലെ കേട്ട ഒരു കഥ! 40 വയസ്സുകാരൻ, 24 മണിക്കൂറിൽ 16 മണിക്കൂർ ജോലി. നാലു മണിക്കൂർ ഉറക്കം , ഒരു മണിക്കൂർ നടത്തണം. ആഹാരം കഴിക്കാനും കുളിക്കാനും പോലും സമയമില്ല. ജോലിചെയ്യുന്ന 16 മണിക്കൂറിൽ ഏതാണ്ട് മുഴുവൻ ഭാഗവും കടുത്ത സ്ട്രസ്സ്.
രോഗങ്ങൾ വന്നപ്പോഴാണ് തിരിച്ചറിവ്. ഉറക്കം തലച്ചോറിനെയും സർവ്വ നാഡീഞരമ്പുകളെയും മനസ്സിനെയും സർവ്വതിനെയും
യുവത്വത്തിൽ തന്നെ നിലനിർത്തും.
എട്ടുമണിക്കൂർ 7 മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ പിന്നെ രണ്ടു മണിക്കൂറോ അഞ്ചുമണിക്കൂറോ നടന്നിട്ടും ഒരു കാര്യവുമില്ല. ഈ അടുത്തകാലത്ത് ഒരു സൂപ്പർസ്റ്റാറിന്റെ വീരവാദം കേൾക്കാനിടയായി. അദ്ദേഹം അതിരാവിലെ രണ്ടുമണിക്ക് കിടന്നാലും നാലുമണിക്ക് ഓടാൻ പോകുമത്രേ.
സൂപ്പർസ്റ്റാർ സാർ ആയാലും എട്ടു മണിക്കൂർ ഉറങ്ങണം കുറഞ്ഞത് 7. ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും
ഉറക്കത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും നല്ലോണം കടന്നുപോണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സർവ്വതും രോഗവിമുക്തമാകും. രോഗ പ്രതിരോധശേഷിയെങ്കിലും കൂടും.
ഇന്നലെയും കൂടി ഇമ്മ്യൂണിറ്റി കൂട്ടാൻ ഗുളിക തപ്പി ഒരു ഐടി ചേട്ടൻ എത്തിയിരുന്നു. പോയി ഉറങ്ങടോ എന്ന് ഞാൻ പറഞ്ഞു. ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്. അതില്ലാതെ അതിരാവിലെ എണീറ്റ് നടന്നിട്ടും ഓടിയിട്ടും കാര്യമില്ല. തരികിട ഇമ്മ്യൂണിറ്റി ഗുളിക കഴിച്ചിട്ടും കാര്യവുമില്ല. ആദ്യം ഉറക്കം, പിന്നീട് നടത്തം! ഉറങ്ങാതെ ഓടുന്നവർ സൂക്ഷിച്ചോളൂ!..
Content Highlights: why sleep is essential for health
Published: 06 Oct 2023, 10:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented