ചെറിയ മറവികൾ സ്വാഭാവികമാണ്. എന്നാൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിൽ മറവി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വിദഗ്ധ സേവനം തേടേണ്ടതുണ്ട്. ഡോക്ടർ കുടുംബത്തിലെ ഒരു വയോധികന്റെ അനുഭവത്തേക്കുറിച്ച് പങ്കുവെക്കുകയാണ് ഡോ.സുൾഫി നൂഹു. അച്ഛന്റെ പെരുമാറ്റ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയാതിരുന്ന ഡോക്ടർ കൂടിയായ മകനേക്കുറിച്ചാണ് കുറിപ്പ്. ഗുരുതരമായ ഡിമെൻഷ്യ മൂലം പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടായ വയോധികൻ കൊച്ചുമകളോട് മോശമായി പെരുമാറിയതിനേക്കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്. ആ അച്ഛൻ മരിച്ചുപോയിരുന്നെങ്കിലെന്നാെണ് മകൻ പറഞ്ഞിരുന്നത്. ഇത്തരത്തിൽ മറവിരോഗങ്ങളുമായി ജീവിക്കുന്നവരെ തിരിച്ചറിയണമെന്ന സന്ദേശമാണ് ഡോക്ടർ കുറിപ്പിലൂടെ പങ്കുവെക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്..
അച്ഛനൊന്നു മരിച്ചുകിട്ടിയെങ്കിൽ ❗
അച്ഛനൊന്ന് മരിച്ചു കിട്ടിയെങ്കിലെന്ന് അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.
വെറുതെ ഞെട്ടി എന്ന് പറഞ്ഞാൽ പോരാ.
അക്ഷരാർത്ഥത്തിൽ ഞെട്ടി വിറച്ചു .
തല വെട്ടി പിളർന്നത് പോലെ തോന്നി.
ഒരു നിമിഷം ഞാൻ തലയിൽ കൈവെച്ച് അങ്ങനെ തന്നെയിരുന്നു
അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞ് കവിയുന്നുണ്ടായിരുന്നു.
ഞാൻ അടുത്ത ചെന്ന് തോളിൽ കൈവെച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു
കൂടെ ജോലി ചെയ്യുന്ന ഡോക്ടറാണ്. ഏറെനാളായി അടുത്തറിയാവുന്നയാൾ.
അച്ഛൻ മരിച്ചു പോകട്ടെന്ന് കണ്ണിൽ ചോരയില്ലാതെ പറയാനുണ്ടായ കാരണങ്ങൾ കൂടി അറിയണം.
ശ്വാസം വിടാതെ ഞാൻ ആ കഥ കേട്ടിരുന്നു.
ഏറെ നാളായി അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണ്.
ഗുരുതരമായ ഡിമൻഷ്യ രോഗം.
ആദ്യകാലങ്ങളിൽ ചെറിയ ചെറിയ ഓർമ്മക്കുറവുകളിൽ തുടങ്ങി പെരുമാറ്റ വൈകല്യങ്ങളിൽ എത്തിച്ചേരുന്ന അവസ്ഥ.
അദ്ദേഹവും അദ്ദേഹത്തിൻറെ ഡോക്ടറായ ഭാര്യയും കൂടിയായിരുന്നു പരിചരണം.
ഈ മകനോടൊപ്പം നിൽക്കുന്നതിൽ വ്യക്തമായ ഓർമ്മ നിലനിന്ന കാലഘട്ടങ്ങളിൽ വളരെ സന്തോഷം തന്നെയായിരുന്നു ഡോക്ടറുടെ അച്ഛന്.
തിരുവനന്തപുരത്തെ അറിയപ്പെടുന്ന അധ്യാപകനും അത്യാവശ്യം സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വവും കൂടിയായിരുന്നു.
ഒരു ദിവസം , ഡോക്ടർ വീട്ടിലെത്തുമ്പോൾ ഒമ്പതാം തരം പഠിക്കുന്ന മകളുടെ പൊട്ടിക്കരച്ചിൽ. കാര്യം എന്താണെന്ന് പറയുന്നില്ല .
സ്കൂളിലെ എന്തെങ്കിലും പ്രശ്നമായിരിക്കുമെന്ന് കരുതി സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം ഭാര്യയും കൂടെ എത്തി കുട്ടിയോട് സംസാരിച്ചപ്പോൾ അവൻ ഞെട്ടി തെറിച്ചു പോയി.
ഡിമെൻഷ്യമൂലമുള്ള ബിഹേവിയർ ചേഞ്ചസ് ബാധിച്ച വൃദ്ധൻ സ്വന്തം പേരക്കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നു, ഒരുവട്ടമല്ല പലതവണ .
ചെറുമകൾ പിന്നീട് മുത്തച്ഛൻറെ മുറിയിൽ കയറാതായി.
സംഭവ ദിവസവും വീണ്ടും അസ്വാഭാവികമായ പെരുമാറ്റം തുടങ്ങിയപ്പോൾ കൊച്ചുകുട്ടിക്ക് പിടിച്ചുനിൽക്കാനായില്ല. ഡിമെൻഷ്യയുടെ മറ്റൊരു മുഖം !
ഡോക്ടർമാരായ ഭാര്യക്കും ഭർത്താവിനും കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും പെൺകുട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സൈക്യാട്രിസ്റ്റിന്റെ സഹായം തേടേണ്ടി വരുന്നു.
മകളുടെ ഒരു സൈക്യാട്രി സെഷൻ കഴിഞ്ഞ് ആശുപത്രിയിൽ എത്തിയ ഡോക്ടറാണ് എൻറെ മുന്നിൽ ഇങ്ങനെ പൊട്ടിത്തെറിച്ചത്.
"ഇന്ന് ലോക അൽസിമേഴ്സ് ദിനം"
കൂടെയുള്ളവരുടെ ഡിമൻഷ്യ തിരിച്ചറിയുകയും അവർ വീണ്ടും കുട്ടിക്കാലത്തേക്ക് നടന്നു നീങ്ങുകയാണെന്ന് തിരിച്ചറിയുകയും ചെയ്യാൻ പൊതുസമൂഹത്തിന് കഴിയണം
വൃദ്ധന്റെ ചാപല്യങ്ങൾ എന്ന് എഴുതിത്തള്ളുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സ്വയം നിയന്ത്രണത്തിൽ അല്ലാതെ സംഭവിച്ചു പോകുന്ന കാര്യങ്ങളാണെന്നുള്ള അറിവ് തീർച്ചയായും ഉണ്ടാകണം.
പ്രസ്തുത കഥയിലെ രോഗി ഏതാണ്ട് ഒരു കൊല്ലത്തോളം കഴിഞ്ഞാണ് മരിച്ചത്
ഡോക്ടർ ദമ്പതികൾക്കും അവരുടെ മകൾക്കും അടുത്ത ബന്ധുവിന്റെ രോഗം തിരിച്ചറിയാൻ പിൽക്കാലത്ത് കഴിഞ്ഞുവെന്ന് കരുതണം.
ആ തിരിച്ചറിവ് പൊതുസമൂഹത്തിൽ എത്തിക്കേണ്ടത് അവശ്യം.
ഡോ സുൽഫി നൂഹു.
അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചിലകാര്യങ്ങൾ
മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവി രോഗം ആണ് അൽസ്ഹൈമേഴ്സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.
നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.
അൽസ്ഹൈമേഴ്സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന് പഠന വിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത് ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.
Content Highlights: Dementia's Devastating Effects: A Doctor's Story of Family and Alzheimer's Disease
Published: 23 Sept 2025, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented