തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെക്കുറിച്ച് ഫെയ്​സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഷയത്തിൽ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ സംസാരിക്കുന്നു..

To advertise here,

താങ്കൾ ഉന്നയിച്ച വിഷയങ്ങളോട് അനുകൂലമായാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്, താങ്കൾ സത്യസന്ധനായ ഡോക്ടറാണെന്നും മന്ത്രി പറഞ്ഞു

മന്ത്രിക്ക് കാര്യങ്ങൾ മനസ്സിലായതിൽ സന്തോഷം. സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. മന്ത്രി അത് അതേ അർഥത്തിൽത്തന്നെ മനസ്സിലാക്കി. എന്നാലെനിക്ക് പൂർണ സന്തോഷമുണ്ടാകണമെങ്കിൽ പ്രശ്‌നങ്ങൾ പരിഹരിക്കണം.

സർക്കാർ തിരുത്തലിനു തയ്യാറാകുമെന്ന് കരുതുന്നുണ്ടോ

സർക്കാർ മാത്രമല്ല ഇതിന്റെയെല്ലാം ഉത്തരവാദികൾ. സർക്കാരിനെ കാര്യങ്ങൾ യഥാസമയം അറിയിക്കാത്ത മെഡിക്കൽ കോളേജ് ഭരണവിഭാഗമുൾപ്പെടെയുള്ളവരാണ്. ഉപകരണങ്ങൾ ഇല്ലാത്തതും സമയത്ത് ശരിയാക്കാത്തതും പലതവണ സൂപ്രണ്ട് ഓഫീസിന്റെയും ആശുപത്രി വികസനസമിതിയുടെയും ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ഒന്നും സംഭവിച്ചില്ല.

വിവിധ വിഭാഗങ്ങളിലെ മേധാവിമാരും ഇതേ പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് അങ്ങ് പറഞ്ഞു. അവരും ഈ പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ ?

തീർച്ചയായും. എല്ലാവരും തങ്ങൾക്കാവുന്നവിധം ഇക്കാര്യങ്ങളെല്ലാം അപ്പപ്പോൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇവയെല്ലാം ഏതെങ്കിലും ഒരു വിഭാഗത്തിലെ മാത്രം പ്രശ്‌നമല്ല. മിക്ക വിഭാഗങ്ങളും നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു. രോഗികളോടു മറുപടിപറഞ്ഞ് മടുത്തപ്പോഴാണ് ഞാൻ പ്രതികരിക്കാൻ നിർബന്ധിതനായത്. യൂറോളജിയെ സംബന്ധിച്ച് ആഴ്ചയിൽ ആറുദിവസവും ശസ്ത്രക്രിയകളുണ്ട്. ദിവസം ആറെണ്ണംവരെ ചെയ്യും. ഒരെണ്ണം മുടങ്ങിയാൽ പിന്നീട് കാത്തിരിക്കുന്നവരെയും ബാധിക്കും. രൂക്ഷമായ പ്രതിസന്ധിക്കിതു കാരണമാകും.

താങ്കൾ ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉപകരണങ്ങൾ വാങ്ങുന്നതു സംബന്ധിച്ച് യൂറോളജി വിഭാഗത്തിലെ ഒരു ഫയലുകളും തന്റെ ഓഫീസിൽ ഇല്ലെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ ഞായറാഴ്ച പ്രതികരിച്ചത് ?

(ചിരിക്കുന്നു) ഞാൻ കള്ളം പറയുന്നതല്ല. കൊടുത്ത കത്തുകളുടെ പകർപ്പുകളെല്ലാം എന്റെ കൈവശമുണ്ട്. എല്ലാം അതത് സമയത്തുതന്നെ അറിയിക്കേണ്ടവരെ അറിയിച്ചിരുന്നു.

പ്രിൻസിപ്പൽ പറഞ്ഞത് താങ്കളുടെ സാമൂഹികമാധ്യമ പോസ്റ്റിൽ ആലോചിച്ച് നടപടിയെടുക്കുമെന്നാണ്. എന്നാൽ, മന്ത്രി നടപടിയെക്കുറിച്ചൊന്നും സൂചിപ്പിച്ചുമില്ല. അച്ചടക്കനടപടി ഭയക്കുന്നുണ്ടോ ?

നടപടികൾ വന്നോട്ടെ. അതൊരു സാധാരണ നടപടിക്രമമാണ്. സ്വാഭാവികമായും വിശദീകരണം ചോദിക്കുമല്ലോ. അതു വന്നാൽ അപ്പോൾ മറുപടിനൽകും. ഭയക്കുന്നില്ല. ഞാൻ പതിവുപോലെ ജോലിക്കു പോകും. രോഗികൾക്കു ബുദ്ധിമുട്ടുണ്ടാകരുത് എന്നുമാത്രമാണ് ആഗ്രഹം. പിന്നെ പ്രിൻസിപ്പലിനു കാര്യങ്ങൾ എല്ലാം അറിയാം. അദ്ദേഹം എനിക്ക് നല്ലതുവരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞായറാഴ്ച വീട്ടിൽ വന്ന് അദ്ദേഹമെന്നെ കണ്ടിരുന്നു. യൂറോളജി വിഭാഗത്തിലെ മറ്റു വിഷയങ്ങൾ ചർച്ചചെയ്യാൻ പ്രിൻസിപ്പൽ തിങ്കളാഴ്ച യോഗവും വിളിച്ചിട്ടുണ്ട്.

മാറ്റിവെച്ച ശസ്ത്രക്രിയകൾ എന്ന് നടക്കും. ഇതിൽ പ്രിൻസിപ്പൽ എന്തെങ്കിലും ഉറപ്പുനൽകിയിട്ടുണ്ടോ ?

അതാണ് ഒരു പ്രശ്‌നം. രോഗികളും ഇതാണ് ചോദിക്കുന്നത്. പ്രിൻസിപ്പൽമാത്രം വിചാരിച്ചാൽ ഉപകരണങ്ങൾ വാങ്ങിനൽകാൻ സാധിക്കില്ല. എന്റെ ഒരു അനുഭവം വെച്ച് പെട്ടെന്ന് ഉപകരണങ്ങൾ വരാൻ സാധ്യതയില്ല, വന്നാൽ അത് അദ്‌ഭുതമാകും. എത്രയുംവേഗം ഉപകരണങ്ങൾ വാങ്ങി ശസ്ത്രക്രിയകൾ മുടക്കമില്ലാതെ നടക്കണമെന്നാണ് ആഗ്രഹം.