മൂന്ന് സെക്കന്റ് ഹൃദയം നിലച്ചാൽ കുഴഞ്ഞുവീഴും, മൂന്ന് മിനിറ്റിനുള്ളിൽ സിപിആർ നൽകിയില്ലെങ്കിൽ മരണവും സംഭവിക്കും.; മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ ഹൃദ്രോ​ഗം വിഭാ​ഗം മേധാവിയും ചെയർമാനുമായ ഡോ. മുഹമ്മദ് മുസ്തഫയുടെ വാക്കുകളാണിത്. ഹൃദയാഘാതം സ്ഥിരീകരിച്ച് മരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ‌ഹൃദയാരോ​ഗ്യം എത്രത്തോളം കരുതലോടെ കാക്കേണ്ടതാണെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർ​ഗങ്ങളേക്കുറിച്ചും യുവാക്കളിൽ ഹൃദയാഘാതമരണങ്ങൾ വർധിക്കുന്നതിനേക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ഡോ. മുഹമ്മദ് മുസ്തഫ.

To advertise here,
placeholder
ഡോ. മുഹമ്മദ് മുസ്തഫ

കഴിഞ്ഞയാഴ്ചയാണ് ചെന്നൈയിൽ നിന്നുള്ള ചെറുപ്പക്കാരനായ ഹൃദ്രോ​ഗവിദ​ഗ്ധൻ ഡോ.​ഗ്രാഡ്ലിൻ റോയ് റൗണ്ട്സിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ് മരിച്ചത്. സഹപ്രവർത്തകർ സിപിആർ നൽകിയെങ്കിലും വൈകാതെ മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലായിട്ടും ഈ മേഖലയിൽ വൈദ​ഗ്ധ്യം ഉള്ളയാളായിട്ടും മരണത്തെ തടുക്കാനായില്ല. എന്തായിരിക്കാം അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്?

മൂന്ന് സെക്കന്റ് ഹൃദയം നിലച്ചാൽ കുഴഞ്ഞുവീഴും, മൂന്ന് മിനിറ്റിനുള്ളിൽ സിപിആർ നൽകിയില്ലെങ്കിൽ മരണവും സംഭവിക്കും. ഹൃദയത്തെ ഒരുമണിക്കൂർ കഴിഞ്ഞാലും പുനരുജ്ജീവിപ്പിക്കാനാവും. പക്ഷേ അപ്പോഴേക്കും മസ്തിഷ്കമരണം സംഭവിച്ചിരിക്കും. ചെന്നൈയിലെ കാർഡിയാക് സർജന്റെ കാര്യത്തിൽ രണ്ടുകാര്യങ്ങൾക്കാണ് സാധ്യത. ഒന്ന് മൂന്നുമിനിറ്റിന് ശേഷമായിരിക്കാം സിപിആർ കിട്ടിയത്. അതല്ലെങ്കിൽ തീവ്രമായ ഹൃദയാഘാതമാവാം ഉണ്ടായത്. അത്തരത്തിലൊന്ന് ഉണ്ടായാൽ സിപിആർ നൽകിയാലും പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത രീതിയിൽ ഹൃദയം തകരാറിലായിട്ടുണ്ടാവും. 

എവിടെയാണ് ഹൃദയാഘാതം ഉണ്ടായത് എന്നതിനനുസരിച്ചാണ് തീവ്രത നിശ്ചയിക്കുക. പക്ഷേ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ തീവ്രമായ ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ ജീവൻ രക്ഷപ്പെടുത്തുക ബുദ്ധിമുട്ടായിരിക്കും. തിരക്കേറിയ ജീവിതത്തിൽ സമ്മർദമില്ലാതെ ജീവിക്കാനാവില്ല. ഡോക്ടർമാർക്ക് ഈ സമ്മർ​ദം കൂടുതലുമായിരിക്കും. ഡോക്ടർമാരാണ് ഏറ്റവും മോശം രോ​ഗികൾ, അവരൊരിക്കലും സ്വന്തം ആരോ​ഗ്യത്തേക്കുറിച്ച് ചിന്തിക്കില്ല. കാർഡിയോളജിയിലൊക്കെ എമർജൻസികൾ ധാരാളം വരും. അതൊക്കെ വളരെ സമ്മർദം നിറഞ്ഞതാണ്. പ്രൊഫഷണലി ഡോക്ടർമാർ ഉയർന്ന സമ്മർദത്തിലുള്ളവരാണ്.

പലപ്പോഴും നെഞ്ചുവേദന വരുമ്പോൾ മാത്രമാണ് ഹൃദയാഘാതത്തിന്റേത് ആയിരിക്കുമോ എന്ന് പലരും ചിന്തിക്കുന്നത്. സിനിമകളിലും മറ്റും ഹൃദയാഘാതം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങൾ ചിത്രീകരിക്കുമ്പോഴും നെഞ്ചുവേദനയാണ് പ്രധാന ലക്ഷണമായി കാണിക്കാറുള്ളത്. ​എന്നാൽ ​ഗ്യാസ്ട്രിക് സംബന്ധമെന്ന് കരുതുന്ന പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നോടിയാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. എത്രത്തോളം ​ഗൗരവകരമായി കാണണം ഇത്തരം ലക്ഷണങ്ങളെ?

നിരന്തരം​ ഗ്യാസ് എന്ന പ്രശ്നം ഉണ്ടെങ്കിൽ നിസ്സാരമാക്കരുത്. സാധാരണ ​ഗ്യാസ്ട്രിക് പ്രശ്നം ആണെങ്കിൽ ഭക്ഷണം കഴിച്ചാലോ, വെള്ളം കുടിച്ചാലോ, ​ഗ്യാസിനുള്ള മരുന്നുകൾ കഴിച്ചാലോ ഒക്കെ മാറും. 90 ശതമാനം ആളുകൾക്കും ഇത്തരം മാർ​ഗങ്ങൾ പരീക്ഷിച്ചാൽ ആശ്വാസം ലഭിക്കും. പക്ഷേ ​ഇതൊക്കെ ചെയ്തിട്ടും കുറയുന്നില്ലെങ്കിലും തുടർച്ചയായി സമാനമായ പ്രശ്നം വരുന്നുണ്ടെങ്കിലും ​ഗൗരവത്തിലെടുക്കണം. ഒരുപാടുപേർ ​ഗ്യാസ് ആണെന്ന് കരുതി അവ​ഗണിച്ച് ആശുപത്രിയിലെത്തുമ്പോഴേക്കും വളരെ വൈകിക്കഴി‍ഞ്ഞിരിക്കും. ചിലരുടെ കാര്യത്തിൽ രക്ഷപ്പെടുത്താനായേക്കും, പക്ഷേ അപ്പോഴേക്കും ഹൃദയത്തിന്റെ പ്രവർത്തനം വളരെ ദുർബലമായിക്കഴിഞ്ഞിരിക്കും. ഒരു മിനിറ്റ് വൈകുന്നതുപോലും പ്രശ്നമാണ്.

ഗ്യാസിന്റെ ലക്ഷണങ്ങളെയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെയും വേർതിരിച്ചറിയുക സാധ്യമാണോ?

യഥാർഥത്തിൽ ഹൃദയാഘാതത്തിന് മുന്നോടിയായി കാണുന്ന ​ലക്ഷണങ്ങളെ ​ഗ്യാസിന്റെ പ്രശ്നമാണെന്ന് തെറ്റിദ്ധരിക്കുന്നതിനെ കുറ്റപ്പെടുത്താനുമാവില്ല. ​ഗ്യാസിന്റെയും ഹൃദയാഘാതത്തിന്റെയുമൊക്കെ ലക്ഷണങ്ങൾ ഒരുപോലെയാണ്. വളരെ കുറച്ചുപേർ മാത്രമേ നെഞ്ചുവേദന എന്ന ലക്ഷണവുമായി ചികിത്സയ്ക്ക് എത്താറുള്ളൂ. സാധാരണക്കാർക്ക് ഇപ്പോഴും നെഞ്ചുവേദന വന്നാൽ മാത്രമേ ഹൃദയാഘാതമാണോയെന്ന സംശയം വരികയുള്ളൂ. എന്നാൽ 80 ശതമാനം ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങൾ നെഞ്ചെരിച്ചിൽ, നെഞ്ചിൽ എന്തോ കുടുങ്ങിക്കിടക്കുന്നതുപോലുള്ള തോന്നൽ, ​ഗ്യാസ് കുടുങ്ങിയതുപോലുള്ള തോന്നൽ, അതിയായ ക്ഷീണം, സാധാരണ ഇല്ലാത്തതുപോലെ വിയർക്കുക തുടങ്ങിയവയൊക്കെയാണ്. ഇതെല്ലാം ​ഗ്യാസ് ആണെന്ന് കരുതി തെറ്റിദ്ധരിച്ച് ആശുപത്രിയിൽ എത്തില്ല. ഗുരുതരമായി ഹൃദയസ്തംഭനം ഉണ്ടാവുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ ​ഹൃദയാഘാതത്തിന്റേതാണോ എന്ന് സംശയിക്കുകയുള്ളൂ. വിട്ടുമാറാതെ ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ചികിത്സിക്കാൻ വൈകരുത്, ഹൃദയാഘാതം എന്നാൽ നെഞ്ചുവേദന മാത്രമല്ല എന്നതാണ് പ്രധാനം. ഹൃദയാഘാതം ഉണ്ടായി ചികിത്സിക്കുന്നതിനേക്കാൾ പ്രതിരോധമാണ് ഏറ്റവും പ്രധാനം. സ്ട്രെസ്സ് ഒഴിച്ച് ബാക്കിയെല്ലാം പ്രതിരോധിക്കാവുന്നതാണ്. 

ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതിന് അനുസരിച്ച് കോവിഡ് വാക്സിന്റെ പാർശ്വഫലം ആണിതെന്ന് കരുതുന്ന നിരവധിപേരുണ്ട്. യഥാർഥത്തിൽ കോവിഡ് വാക്സിനും ഹൃദയാരോ​ഗ്യവും തമ്മിൽ ബന്ധമുണ്ടോ?

കോവിഡ് വാക്സിൻ ആണ് ഹൃദയാഘാതമരണങ്ങൾ കൂടുന്നതിന് കരണമെന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. കോവിഡിനുശേഷം ഹൃദയാഘാത സാധ്യതകൾ കൂട്ടിയിട്ടുണ്ട് എന്നതുറപ്പാണ്. പക്ഷേ അതിന് കാരണം കോവിഡ് വാക്സിൻ ആണെന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ കോവി‍ഡ് വൈറസ് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നുവെന്നതിന് നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ആ വൈറസിന് രക്തത്തെ കട്ടപിടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കോവിഡ് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നുവെന്നതുറപ്പാണ്. 

അടുത്തിടെയുണ്ടാകുന്ന ഹൃദയാഘാത മരണങ്ങളിലേറെയും സ്ഥിരീകരിക്കുന്നത് യുവാക്കളിലാണ്. എന്താവാം ഇതിനുപിന്നിൽ?

സത്യത്തിൽ ഹാർട്ട് അറ്റാക്ക് എന്നത് ഈ കാലഘട്ടത്തിന്റെ രോ​ഗമാണ്. നൂറുവർഷം മുമ്പ് വസൂരിയും ടി.ബിയും കോളറയുമൊക്കെ ബാധിച്ചാണ് നിരവധിപേർ മരിച്ചത്. അന്നതിന് ചികിത്സയുണ്ടായിരുന്നില്ല. ഇന്ന് വെറും രണ്ടരരൂപയുള്ള ടെട്രാസൈക്ലിൻ ഉണ്ടെങ്കിൽ പ്ലേ​ഗിനെ ചികിത്സിക്കാം. ഹൃദയാഘാതവും കാൻസറുമൊക്കെ ജീവിതശൈലിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പ്രഷർ, ഷു​ഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോ​ഗങ്ങൾ കൂടി. അമിതവണ്ണക്കാരും ഏറെയാണ്. അതിനാൽ പരമാവധി ജീവിതശൈലീരോ​ഗങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കണം. അതിലൂടെ ഹൃദയാഘാതസാധ്യത കുറയ്ക്കാം.

ശാരീരികാരോ​ഗ്യം മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ ശരീരം കരുത്താർന്നതാക്കാൻ പരിധിയില്ലാതെ വ്യായാമം ചെയ്യുന്നവരുണ്ട്. ഓവർ ട്രെയിനിങ് സിൻഡ്രോം എന്ന ഈ അവസ്ഥ എത്രത്തോളം ​ഗുരുതരമാണ്?

എല്ലാകാര്യവും മിതമായ രീതിയിലാണ് ചെയ്യേണ്ടത്. വ്യായാമത്തിലുമുണ്ട് ആ പരിധി. മസിൽ പെരുപ്പിക്കാൻ മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുന്നവരുണ്ട്. അത് തെറ്റാണ്, അതുപോലെയാണ് ഭക്ഷണവും. ബിരിയാണി കഴിക്കുന്നു എന്നുകരുതി തെറ്റൊന്നുമില്ല എന്നുകരുതി മൂന്നുനേരവും ബിരിയാണ് കഴിച്ചാൽ പ്രശ്നമാണ്. വ്യായാമം, ഭക്ഷണം എന്നിവയിലൊക്കെ മിതത്വം പാലിച്ച് ജീവിതശൈലീ രോ​ഗങ്ങളെ പ്രതിരോധിക്കാനാവും. 

ആരോ​ഗ്യം കാക്കാൻ വ്യായാമത്തിലും ഭക്ഷണത്തിലും ശ്രദ്ധ പുലർത്തുമ്പോഴും ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവരാണ് ഭൂരിഭാ​ഗംപേരും. രാത്രി നന്നായി ഉറങ്ങാതെ തൊട്ടടുത്ത ​ദിവസം ആ ഉറക്കക്കുറവ് പരിഹരിക്കാം എന്ന് കരുതുന്നവരുമുണ്ട്. ഹൃദയാരോ​ഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനമാണ്?

മിതമായ വ്യായാമം, മിതമായ ഭക്ഷണം, മിതമായ ഉറക്കം, ജീവിതശൈലീ രോ​ഗങ്ങൾ നിയന്ത്രിക്കൽ എന്നീ നാല് ഘടകങ്ങളാണ് ഹൃദയാഘാതം പ്രതിരോധിക്കുന്നതിൽ പ്രധാനം. സുഖകരമായ ഉറക്കം കിട്ടുന്നത് പത്തുമണിമുതൽ നാലുവരെയാണ്. എന്നാൽ പലരും രാത്രി ഒരുമണി കഴിഞ്ഞൊക്കെയാണ് ഉറങ്ങുന്നത്. രാത്രി ഉറക്കമൊഴിച്ചതിനുശേഷം തൊട്ടടുത്ത ദിവസം ഉറങ്ങി തലേന്നത്തെ ഉറക്കക്കുറവ് പരിഹരിക്കാം എന്നുകരുതുന്നതിൽ അർഥമില്ല. ക്ഷീണം കൊണ്ട് തൊട്ടടുത്ത ദിവസം ഉറങ്ങിയാലും അത് ശരീരത്തിന് സുഖകരമാകില്ല. 
ശരീരം ഒരു മെഷീൻ പോലെയാണ്. കംപ്യൂട്ടറും മൊബൈലുമൊക്കെ നമ്മൾ സ്വിച്ച്ഓഫ് ചെയ്യാറുണ്ട്. അതുപോലെ ശരീരത്തിനും വിശ്രമം നൽകണം. ശരീരം സജീവമായിരിക്കുന്ന സമയത്ത് ഹൃദയത്തിന്റെ പണിയും കൂടുതലാണ്. ഒരാളോട് തർക്കിക്കുമ്പോൾ പോലുംഹൃദയമിടിപ്പ് കൂടും. പക്ഷേ നാം കിടന്നുറങ്ങുമ്പോൾ ശരീരത്തിന് വിശ്രമം ലഭിക്കും. ശരീരത്തിലെ ഓരോ അവയവത്തിനും ആ വിശ്രമം ആവശ്യമാണ്.