ഭക്ഷണത്തിന്റെ കാര്യത്തില്‍ ചിട്ടയായ ശീലങ്ങള്‍ പിന്തുടരാത്തവരാണ് മിക്കയാളുകളും. കൊഴുപ്പും എണ്ണയുമൊക്കെ നിറഞ്ഞ ഭക്ഷണത്തോടാണ് പലര്‍ക്കും പ്രിയം. ഇത് ഹൃദയാരോഗ്യത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്നതിനു പിന്നിലും കൃത്യമായ കാരണമുണ്ട്. ഹൃദയാരോഗ്യത്തെക്കുറിച്ചും ഹൃദയം കാക്കാന്‍ ശീലിക്കേണ്ട കാര്യങ്ങളേക്കുറിച്ചും മാതൃഭൂമി ഡോട്ട്‌ കോമുമായി പങ്കുവെക്കുകയാണ് കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ആശിഷ് കുമാര്‍.

To advertise here,

മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി ചെറുപ്പക്കാരിലാണ് ഇപ്പോള്‍ ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. ഇരുപതുകളില്‍നിന്നു തുടങ്ങി നാല്‍പതുകളില്‍ വരെയുള്ള പ്രായക്കാരിലും  ഹൃദയാഘാതം സാധാരണമായി കണ്ടുതുടങ്ങി. എന്താകാം ഇതിനു പിന്നില്‍?

എല്ലാ മരണങ്ങള്‍ക്കും, പ്രത്യേകിച്ച് യുവാക്കളിലുള്ള മരണങ്ങള്‍ക്കു പിന്നില്‍ ഹൃദയാഘാതം ആകണമെന്നില്ല. കാര്‍ഡിയോ മയോപ്പതി(ഹൃദയത്തിന്റെ മസിലിനെ ബാധിക്കുന്ന രോഗം), ഇലക്ട്രിക്കല്‍ അബ്നോര്‍മാലിറ്റീസ് അഥവാ പൊട്ടാസ്യം, സോഡിയം തുടങ്ങിയവയുടെ അസന്തുലിതാവസ്ഥ തുടങ്ങിയവ മൂലവും പെട്ടെന്നുള്ള മരണങ്ങളുണ്ടാകാം. ഇരുപതുകളിലും മുപ്പതുകളിലും ഹൃദയാഘാതം വരില്ലെന്നല്ല, പക്ഷേ, അവയുടെ ശതമാനം എടുത്തുനോക്കിയാല്‍ മറ്റു പല ഹൃദ്രോഗങ്ങളായിരിക്കാം കാരണമെന്ന് മനസ്സിലാകും. നൃത്തം ചെയ്യുമ്പോഴും കഠിനമായ വ്യായാമം ചെയ്യുമ്പോഴുമൊക്കെ കുഴഞ്ഞുവീണുള്ള മരണം സംഭവിക്കുന്നവ പലതിനും പിന്നില്‍ കാര്‍ഡിയോ മയോപ്പതിയും ഇലക്ട്രിക്കല്‍ അസന്തുലിതാവസ്ഥകളും ഒക്കെയാവാം കാരണം.

വ്യായാമം ശീലമാക്കിയിട്ടുള്ള ഫിറ്റ്നസ് ഭ്രാന്തുള്ളവരില്‍ പോലും ഇന്ന് ഹൃദയാഘാതം കണ്ടുവരുന്നുണ്ട്. ആരോഗ്യകരമായ ജീവിതരീതി പിന്തുടര്‍ന്നിട്ടും ഹൃദയാഘാതം വരുന്നതിനുള്ള കാരണം എന്താകാം?

ഫിസിക്കല്‍ ഫിറ്റ്നസ് എന്നത് ഹൃദയത്തിന്റെ ആരോഗ്യമായി കാണാനാവില്ല. ശരീരം പാകപ്പെടുന്നു എന്നത് പേശികളുടെ കരുത്താണ് സൂചിപ്പിക്കുന്നത്. കുട്ടിക്കാലം തൊട്ടേ വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പില്‍ക്കാലത്ത് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍, വ്യായാമത്തോടുള്ള സമീപനം തന്നെ ഇന്നുമാറി. മുപ്പതുകളുടെ അവസാനത്തിലും നാല്‍പതുകളിലുമൊക്കെ ഇത്രനാള്‍ ചെയ്യാത്ത വ്യായാമം പെട്ടെന്നു ചെയ്യുന്ന രീതിയാണ് കാണുന്നത്. ഇതിന്റെ ഫലമായി പ്ലാക്സ്(ഹൃദയ ധമനികളുടെ ആന്തരിക ഭിത്തികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും കൊളസ്ട്രോളും) ഉണ്ടാകാന്‍ തുടങ്ങും. രക്തയോട്ടത്തിന് തടസ്സമുണ്ടാക്കാത്ത ചെറിയ തരത്തിലുള്ള  ബ്ലോക്കുകളായിരിക്കാം തുടക്കത്തില്‍ പ്രകടമാവുക. വളരെ പെട്ടെന്ന് വ്യായാമം, പ്രത്യേകിച്ചും വിദഗ്ധ മേല്‍നോട്ടവും വാം അപ്പുമൊന്നുമില്ലാതെ ചെയ്യുമ്പോള്‍ ബ്ലോക് പൊട്ടുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളില്‍ അതിനു മുകളില്‍ ക്ലോട്ട് രൂപപ്പെട്ടാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

placeholder
ഡോ. ആശിഷ് കുമാര്‍.

വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് വിദഗ്ധ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കാമോ?

വ്യായാമം തീരെ ചെയ്യാത്തൊരാള്‍ പെട്ടെന്നു വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്കും രക്തസമ്മര്‍ദവും കൂടാനിടയുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് സമ്മര്‍ദം കൂട്ടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് ഹൃദയത്തിന് ഒരുപാട് സമ്മര്‍ദം നല്‍കുന്നത് ബ്ലോക്കുകള്‍ പൊട്ടാനും പ്ലാക് വീഴാനും ഇടയാക്കും.

മുപ്പതു വയസ്സിനു താഴെയുള്ള, ദുശ്ശീലങ്ങള്‍ ഇല്ലാത്ത, കുടുംബത്തില്‍ ഹൃദ്രോഗങ്ങളോ ജീവിതശൈലീ രോഗങ്ങളോ ഇല്ലാത്തവരാണെങ്കില്‍ വ്യായാമം തുടങ്ങുംമുമ്പ് കാര്‍ഡിയാക് ചെക്കപ്പ് നടത്തേണ്ട ആവശ്യമില്ല. പക്ഷേ, വാം അപ് ഘട്ടത്തിനു ശേഷമായിരിക്കണം വ്യായാമം ചെയ്യേണ്ടത്. പ്രായം കൂടുതലുള്ളവരും അപകടഘടകങ്ങള്‍ ഉള്ളവരും സമ്മര്‍ദം കൂടുതലുള്ളവരുമൊക്കെ ചെക്കപ്പിനു ശേഷം വ്യായാമം ചെയ്യുന്നതായിരിക്കും നല്ലത്. ഹൃദയത്തിന് പരമാവധി സംരക്ഷണം നല്‍കുന്ന രീതിയിലായിരിക്കണം എന്തു പ്രവര്‍ത്തനങ്ങളും ചെയ്യേണ്ടത് എന്നാണ് മനസ്സിലാക്കേണ്ടത്.

 യാതൊരു ലക്ഷണങ്ങള്‍ ഇല്ലാതെയും ഹൃദയാഘാതം സംഭവിക്കുന്നതിനെക്കുറിച്ച്?

ലക്ഷണങ്ങളില്ലാതെയും ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മെഡിക്കല്‍ രംഗത്ത് ഈ രോഗത്തെ അറ്റാക്ക് എന്നുവിളിക്കുന്നതിനു പിന്നിലും കാരണമിതാണ്. പെട്ടെന്ന്, അനിശ്ചിതമായി സംഭവിക്കുന്നതാണിത്. ഒരു ശതമാനം ആളുകള്‍ക്ക് നേരത്തേ തന്നെ ഹൃദയത്തിന് അസുഖമുണ്ടെന്ന് അറിയാനാകും. നടക്കുമ്പോള്‍ അസ്വസ്ഥത, നെഞ്ചുവേദന ഒക്കെയുണ്ടാവാം. പക്ഷേ, ഇതൊന്നും ഇല്ലാതെയും ഹൃദയാഘാതമുണ്ടാകാം. ബ്ലോക്കിന്റെ ശതമാനം കുറവുള്ളവരില്‍ ആന്‍ജിയോഗ്രാം അല്ലാതെ മറ്റെന്തു ടെസ്റ്റ് ചെയ്താലും അതില്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. അത്തരക്കാരിലാണ് ലക്ഷണമില്ലാതെ ഹൃദയാഘാതം വരുന്നത്.

ഹാര്‍ട്ട് അറ്റാക്കിന് മരണനിരക്ക് വളരെ കൂടുതലാണ് എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം. പൂര്‍ണമായും സൈലന്റ് ആയ അറ്റാക്കുകള്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. മറ്റെന്തെങ്കിലും ലക്ഷണങ്ങളുമായി പോകുമ്പോള്‍ ഇ.സി.ജി. എടുക്കുമ്പോഴൊക്കെയാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ആണെന്ന പലര്‍ക്കും മനസ്സിലാവുക. പ്രായമായവര്‍, ബി.പി,. ഡയബറ്റിസ് തുടങ്ങിയവ ഉള്ളവരിലൊക്കെ സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്.

ഹൃദയാഘാതത്തിന്റെ സാധാരണവും അസാധാരണവുമായ ലക്ഷണങ്ങള്‍ ഏതൊക്കെയാണ്?

ഹൃദയാഘാതം എന്നുപറയുമ്പോള്‍ പലരും നെഞ്ചുവേദന എന്നാണ് കരുതുന്നത്.  അതുമാത്രമല്ല, നെഞ്ചില്‍  കട്ടിപോലെ തോന്നുന്നതും കഴപ്പ് അനുഭവപ്പെടുന്നതുമൊക്കെയാണ് കൂടുതലും പേര്‍ക്ക് ഉണ്ടാകുന്നത്. അതിനൊപ്പം എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭീതിയും അനുഭവപ്പെടാം. ഹൃദയാഘാതത്തിന്റെ വേദന പിന്നുവച്ചു കുത്തുന്നതു പോലെയല്ല. നെഞ്ചില്‍ മുഴുവന്‍ അനുഭവപ്പെടുന്ന അസ്വസ്ഥതതയായിരിക്കും. തുടര്‍ച്ചയായുള്ള ഗ്യാസ്ട്രബിള്‍, വയറ് വീര്‍ത്ത അവസ്ഥ പോലെ തോന്നുക, ഏമ്പക്കം വരുക, കൈയിലും താടിയെല്ലിന്റെയും ഭാഗത്തുമാത്രം കടച്ചില്‍ ഒക്കെ അനുഭവപ്പെടുന്നതും അസാധാരണ ലക്ഷണമാണ്. ഡയബറ്റിസ് ഉള്ളവരില്‍ അതിയായ ക്ഷീണം അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ഇക്കൂട്ടര്‍ ഒരു കാരണവുമില്ലാതെ തണുപ്പുള്ള അന്തരീക്ഷത്തില്‍ വിയര്‍ക്കുന്നതും ശ്രദ്ധിക്കണം.

ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഒരുപരിധിവരെ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാണല്ലോ. ദുഃശ്ശീലങ്ങള്‍ കൊഴുപ്പടങ്ങിയ ഭക്ഷണരീതികള്‍ തുടങ്ങിയവയെല്ലാം ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. ഇവയൊക്കെ എത്തരത്തിലാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്?

ഹൃദയാഘാതവും ജീവിതരീതിയും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയാഘാതത്തിന്റെ റിസ്‌ക് ഫാക്റ്ററുകളെല്ലാം ജീവിതരീതിയുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇന്നത്തെ കാലത്ത് വ്യായാമം ചെയ്യുന്നവര്‍ ധാരാളം ചെയ്യുകയും വ്യായാമം ചെയ്യാത്തവര്‍ തീരെ ചെയ്യുന്നുമില്ല. രാവിലെ നന്നായി വ്യായാമം ചെയ്തതിനു ശേഷം ഒരേ ഇരിപ്പ് ഇരിക്കുന്നതും നല്ലതല്ല. ജോലിസ്ഥലത്തായാല്‍ പോലും ലളിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. നന്നായി ഓടിച്ചാടണം എന്നല്ല, മറിച്ച് ഒരിടത്ത് ചടഞ്ഞിരിക്കാതെ നടക്കുകയും ചലിക്കുകയുമൊക്കെ വേണം.
 
കൂടാതെ, നമ്മുടെ ഭക്ഷണരീതിയും വളരെ മോശമാണ്. ഫാസ്റ്റ്ഫുഡ്, അമിതമായി ചോറു കഴിക്കുന്നത്, എണ്ണ ധാരാളം ഉപയോഗിക്കുന്നത്, പുറത്തെ ഭക്ഷണം കൂടിയത്, എണ്ണ പുനരുപയോഗിക്കുന്നത് തുടങ്ങി നിരവധി ഘടകങ്ങള്‍ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ശരീരം പാകപ്പെടുത്താന്‍ വേണ്ടിയാണ് പ്രോട്ടീന്‍ റിച്ച്, ഫാറ്റ് റിച്ച് ഡയറ്റുകളില്‍ പലരും അഭയം തേടുന്നത്. ഇന്ത്യയില്‍ ഡയബറ്റിസ് കൂടുന്നതിനു പിന്നില്‍ കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമായ ഡയറ്റാണ്. എല്ലാം മിതമായ അളവില്‍ കഴിക്കുക എന്നതാണ് പ്രധാനം. ശരീരത്തെ കുറേശ്ശെയായി വ്യായാമം ചെയ്ത് പരുവപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്.

ഹൃദ്രോഗങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ ചെയ്യേണ്ട ടെസ്റ്റുകളെക്കുറിച്ച്?

റിസ്‌ക് ഫാക്റ്റേഴ്സ് തിരിച്ചറിയുക എന്നതാണ് പ്രധാനം. ഡയബറ്റിസ്,കൊളസ്ട്രോള്‍,രക്തസമ്മര്‍ദം തുടങ്ങിയവ പരിശോധിക്കണം. എല്ലാവര്‍ക്കും
എല്ലായ്‌പ്പോഴും ആന്‍ജിയോഗ്രാം ചെയ്യുക പ്രായോഗികമല്ല. ഇ.സി.ജി, ട്രെഡ്മില്‍ ടെസ്റ്റ് തുടങ്ങിയവ ചെയ്ത് പരിശോധിക്കാം. നാല്‍പതു വയസ്സിനു ശേഷമുള്ളവരും റിസ്‌ക് ഫാക്റ്റേഴ്സ് ഉള്ളവരും ഇതുപരിശോധിക്കാം.

ഹൃദ്രോഗങ്ങളും ഉറക്കവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു?

ശരീരത്തിന്റെ എല്ലാഭാഗത്തിനും വിശ്രമം ആവശ്യമാണ്. ഉണര്‍ന്നിരിക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഉറക്കത്തിലാണ് ഇത് കുറയുന്നത്. രക്തസമ്മര്‍ദവും കുറയുന്നത് ഉറക്കത്തിലാണ്. ഇവ രണ്ടും കുറയുന്നതിനനുസരിച്ച് ഉറക്കത്തില്‍ ഹൃദയത്തിന്റെ ജോലിയും കുറയുന്നു. മാനസികാരോഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് ഹൃദയാരോഗ്യത്തിനും.

മാനസിക സമ്മര്‍ദവും  ഹൃദ്രോഗസാധ്യതയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

സമ്മര്‍ദവും ഹൃദയാഘാതവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മാനസിക സമ്മര്‍ദം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കൂടുന്നുണ്ട്. ആങ്സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയവയൊക്കെ ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. വൈകാരികമായ കാര്യങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ് ഹൃദയം. വിഷമം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിലൊക്കെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കൂടാനുള്ള സാധ്യത അധികമാണ്. അധികം ശ്രദ്ധ കൊടുക്കാത്ത വിഷയമാണ് മാനസികസമ്മര്‍ദം.