
ഈ ഭൂമിയിലെ ജന്മത്തിന്റെ ഉദ്ദേശ്യം മനുഷ്യൻ തിരിച്ചറിയുന്ന ചില നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങൾ അവരെ മറ്റൊരാളാക്കുന്നു. മറ്റൊരു ജന്മം അവിടെത്തുടങ്ങുന്നു. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അസമിലെ സിൽചറിൽ എത്തിയപ്പോഴാണ് രവി കണ്ണൻ എന്ന ഡോക്ടർക്ക് തന്റെ ജന്മനിയോഗം തെളിഞ്ഞുകിട്ടിയത്. കാൻസർ ബാധിച്ച് നിസ്സഹായരായി മരണം കാത്തുകിടക്കുന്ന പാവപ്പെട്ടവരായ മനുഷ്യർക്കുമുന്നിൽ അദ്ദേഹം ദൈവെത്തപ്പോലെ നിന്നു. ആതുരസേവനത്തിന്റെ പൂർണതയിൽ ഈ മനുഷ്യനെത്തേടി പദ്‌മശ്രീയും ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന രമൺ മഗ്‌സസെ പുരസ്കാരവും വന്നു... അസമിലെ കച്ചാർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഡയറക്ടർകൂടിയായ രവി കണ്ണൻ സംസാരിക്കുന്നു
നല്ല അർബുദ ചികിത്സാകേന്ദ്രം ആവശ്യമുള്ള എത്രയോ പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. എന്തുകൊണ്ട് താങ്കൾ സിൽചർ തിരഞ്ഞെടുത്തു
= പത്തുമുപ്പതുവർഷം മുമ്പുതന്നെ അർബുദരോഗികൾ കുടുതലുള്ള പ്രദേശമായിരുന്നു സിൽചർ. അസമിലാകെയും അയൽ സംസ്ഥാനങ്ങളിലും രോഗം കൂടുതലായുണ്ട്. മദ്യവും പുകയിലയും ദാരിദ്ര്യവും അജ്ഞതയുംവരെ പല കാരണങ്ങൾ. ആകെയൊരു ചികിത്സാകേന്ദ്രമുള്ളത് ഗുവാഹാട്ടിയിലാണ്. അവിടെ എത്തിപ്പെടാൻ പ്രയാസം. ചികിത്സയ്ക്ക് സമയവുമെടുക്കും. അവിടെ താമസിക്കാനും പണച്ചെലവുണ്ട്. പാവപ്പെട്ട മനുഷ്യരാണ്. ചികിത്സ വേണ്ടെന്നുവെക്കാനേ അവർക്കാവൂ. ആ നാട്ടിലാണ് കുറച്ചുപേർ ചേർന്ന് ഒരു കാൻസർ സൊസൈറ്റിയുണ്ടാക്കുന്നത്. അവരാരും ഡോക്ടർമാരല്ല. എൻജിനിയർമാർ, അഭിഭാഷകർ, കച്ചവടക്കാർ... പണം സമാഹരിക്കാൻ അവർ വീടുകൾ കയറിയിറങ്ങി, സമ്മാനക്കൂപ്പണുകൾ വിറ്റു, ബസ് സ്റ്റാൻഡുകളിൽ യോഗങ്ങൾ നടത്തി... സന്തോഷ് മൊഹന്തെയയായിരുന്നു അന്നത്തെ എം.പി. അദ്ദേഹം ഭൂമികിട്ടാൻ സഹായിച്ചു. ഞാൻ ചെല്ലുമ്പോൾ 23 ജീവനക്കാരാണുള്ളത്. ഇപ്പോൾ 480 പേരുണ്ട്. ഒന്നും എന്റെ മിടുക്കല്ല. ഒരുപാടു മനുഷ്യർ. ഒത്തുചേർന്നുള്ള അവരുടെ പ്രയത്നം. അതാണ് കച്ചാർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ.
ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിൽചറിലേക്കുള്ള യാത്ര ഇപ്പോഴും ഓർമ്മയിലില്ലേ...
= ജോലി തുടങ്ങിയത് അഡയാറിലാണ്. സർജിക്കൽ രജിസ്ട്രാർ പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ നടത്തിയത് ഡോ. കൃഷ്ണമൂർത്തി. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു:
‘‘എന്താണ് സർജിക്കൽ രജിസ്ട്രാർ എന്ന നിലയിൽ എന്റെ ജോലി?’’
അദ്ദേഹം പറഞ്ഞു: ‘‘ഒരു സർജൻ, ഈസോഫീഗൽ ഗ്യാസസ്ട്രമിമുതൽ രോഗിക്ക് പെഡ്പാൻ വെച്ചുകൊടുക്കുന്നതുവരെ എന്തുംചെയ്യണം.’’
ആ ഉപദേശം എന്റെ മനസ്സിൽനിന്ന് ഒരിക്കലും പോയിട്ടില്ല. ആളുകളുടെ സാമ്പത്തികസ്ഥിതി എന്തായാലും അവർക്ക് ചികിത്സകിട്ടണം എന്നതായിരുന്നു അഡയാറിൽ ഞങ്ങളുടെ പോളിസി. അതറിഞ്ഞ് സിൽചറിലേക്ക് വരാൻ നിർബന്ധിച്ചത് അവിടത്തെ ഡയറക്ടറായിരുന്ന ചിൻമോയ് ചൗധരിയായിരുന്നു. എന്റെ ഭാര്യ സീത പക്ഷേ, എതിർത്തു. അന്ന് അസമിൽ എവിടെയും ബോംബും വെള്ളപ്പൊക്കവുമാണ് എന്നതായിരുന്നു കാരണം. പക്ഷേ, അവർ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഞാനും ഭാര്യയും മകളുംകൂടി ഒരാഴ്ചത്തേക്ക് സിൽചറിൽ പോയി.
മകൾ അന്ന് നാലാം ക്ലാസിലാണ്. അവർ അതുവരെ പഠിച്ചത് പരീക്ഷയില്ലാത്ത ഒരു സ്കൂളിലായിരുന്നു. അസമിലെ സ്കൂളിൽ അവൾക്ക് പ്രവേശനം കിട്ടാൻതന്നെ പരീക്ഷ എഴുതണം. പക്ഷേ, എല്ലാ സ്കൂളുകളും അങ്ങേയറ്റം ഞങ്ങളെ പിന്തുണച്ചു. അവർ പറഞ്ഞു: ‘‘ഡോക്ടർ, നിങ്ങൾ ഈ നാട്ടിലേക്ക് വരുന്നതെന്തിനാെണന്ന് ഞങ്ങൾക്കറിയാം, നിങ്ങളുടെ മകൾക്ക് എവിടെവേണമെങ്കിലും പ്രവേശനംതരാം.’’ തിരിച്ചുപോരുംമുന്പ് എന്റെ ഭാര്യ പറഞ്ഞു: ‘‘ഇവിടെ നിങ്ങളെ ആവശ്യമുണ്ട്.’’ അവൾ ജോലി രാജിവെച്ചു. 2007 മുതൽ ഞങ്ങൾ സിൽചറുകാരായി.

എന്ത് അദ്‌ഭുതമാണ് സിൽചറിൽ സംഭവിച്ചത്...
= ഒരദ്‌ഭുതവും ഉണ്ടാക്കാൻ അറിയുന്നവരായിരുന്നില്ല ഞങ്ങൾ. ആകെയറിയുന്നത് ഒരു ആശുപത്രിക്ക് എന്തെല്ലാം വേണമെന്നും അതിന്റെ ഭരണനിർവഹണം എങ്ങനെയാവണം എന്നും മാത്രമാണ്. പതുക്കെപ്പതുക്കെ ആളുകൾ ഞങ്ങളോടു ചേരാൻ തുടങ്ങി. നാട്ടുകാർ, കണ്ടവരും കാണാത്തവരും കേട്ടവരും കേൾക്കാത്തവരുമായ അഭ്യുദയകാംക്ഷികൾ, ഉറ്റവർ, സുഹൃത്തുക്കൾ എല്ലാവരും കൂടെനിന്നു. ഞങ്ങൾ മാത്രമായിട്ടല്ല വളർന്നത്. ഇങ്ങനെയും കാര്യങ്ങൾ കൊണ്ടുപോവാമെന്ന ചിന്തയാണ് വളർന്നത്. ഞാനാണ് മാറ്റം കൊണ്ടുവന്നതെന്ന് ഞാൻ ചിന്തിച്ചാൽ എന്നെക്കാൾ വലിയ വിഡ്ഢി വേറെയുണ്ടാവില്ല.
സിൽചറിനെ ചികിത്സിച്ചു ഭേദമാക്കിയത് എങ്ങനെയാണ്
= സിൽചറിലെ എട്ടു പത്തു വയസ്സുള്ള കുട്ടികൾപോലും പുകയില ചവയ്ക്കുമായിരുന്നു. അവിടെനിന്ന് 25 കിലോമീറ്റർ പോയാൽ മിസോറം എത്തും. മിസോറമിൽ പുകവലിയാണ് കൂടുതൽ. ആണും പെണ്ണും കോളേജ് കുട്ടികളും എല്ലാവരും വലിക്കുന്നവർ. ശ്വാസകോശ അർബുദരോഗികൾ ധാരാളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗ്യാസ്ട്രിക് കാൻസർ കേസുകൾ മിസോറമിലായിരുന്നു. സിൽചറിൽ വായക്കുള്ളിലെ അർബുദമായിരുന്നു സർവസാധാരണം. പൊതുവേ ചെറിയ ടൗണുകൾക്ക് ഒരു സ്വഭാവമുണ്ട്. അടുത്ത വലിയ നഗരത്തിലുള്ള ഡോക്ടറാണ് അവർക്ക് വലിയ ഡോക്ടർ. അതുകൊണ്ട് ചെന്നൈയിൽനിന്ന് ഒരു ഡോക്ടർ വന്നപ്പോൾ രോഗികൾ എന്നെ തേടിവന്നു. അതുവരെ 20 ബെഡ്. മൂന്നോ നാലോ രോഗികൾ. ആ അവസ്ഥ മാറി. വരാന്തയിലും കട്ടിലിനുതാഴെയും നിലത്തുമൊക്കെയായി രോഗികളുടെ എണ്ണം വല്ലാതെ കൂടി. അവർ നല്ല മനുഷ്യരായിരുന്നു. സ്നേഹമുള്ളവർ. പക്ഷേ, രോഗം ധാരാളം പണം വേണ്ട കാര്യമാണെന്ന് അവർ പേടിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ചികിത്സിക്കുമ്പോൾ ഒരു ഡോക്ടർ എങ്ങനെ അവരുടെ മുന്നിൽ നിൽക്കുന്നു എന്നുള്ളത് പ്രധാനമാണ്. ആശുപത്രിയുടെ രൂപം പോലും അവർക്ക് അടുപ്പം തോന്നുന്നതാവണം. മാർബിൾ നിലവും ചുമരിൽ നിറയെ ചിത്രങ്ങളും ജലധാരയുമൊക്കെയുള്ള ആശുപത്രിയിലേക്ക് അവർ വരില്ല. ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കയറാൻ മനസ്സുവരാത്തതുപോലെയാണ് അത്. പകരം ഒരു ഉഡുപ്പി ഹോട്ടലാണെങ്കിൽ അവർ സന്തോഷത്തോടെ കയറും. ആശുപത്രിയിൽ എവിടെയെങ്കിലും അവരെ തടഞ്ഞ് നിങ്ങൾ ഒ.പി.യിലേക്ക് പോവൂ എന്നു പറഞ്ഞാൽപ്പോലും അവർ ചികിത്സ തേടാതെ പോയ്ക്കളയും. അവരുടെ ആകുലതകളെ അവിടെവെച്ചുതന്നെ പരിഹരിക്കണം. ആരോഗ്യരക്ഷ അവകാശമാണെന്ന് അവർക്കറിയില്ല. അവരുടെ വിശ്വാസം നേടുന്നത് വലിയ വെല്ലുവിളിയായിരുന്നു. ചെറിയൊരു തെറ്റുപോലും ആ വിശ്വാസം ഒരിക്കലും തിരിച്ചുകിട്ടാത്ത വിധത്തിൽ നഷ്ടപ്പെടുത്തുമായിരുന്നു.ഡോക്ടർ മാത്രമല്ല; നഴ്‌സ്, സെക്യൂരിറ്റി ജീവനക്കാർ, ഡ്രൈവർ എല്ലാവരും ഈ ദൗത്യത്തിൽ കൂടെക്കൂടി. മലയെയും പുഴയെയുംപോലെ അവർ ഞങ്ങളെയും വിശ്വസിച്ചുതുടങ്ങി.
എപ്പോഴും ആശുപത്രിയിൽ എത്താൻ പ്രയാസമുള്ളവരുണ്ടാവില്ലേ, അവർക്കുവേണ്ടി എന്തു ചെയ്യാനായി
= തുടർചികിത്സയ്ക്കായി അടുത്ത ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും സാറ്റലൈറ്റ് സെന്ററുകൾ തുറന്നു. ഒപ്പം ഒരിക്കൽവന്ന് പിന്നെ തിരിച്ചുവരാത്തവരുടെ വീടുകളിലേക്ക് ഞങ്ങൾ പോയി. ഗ്രാമമാണ്. വന്നവരെ കാണാൻ ഗ്രാമവാസികളെല്ലാം ചുറ്റുംകുടും. ഞങ്ങൾ അവരെയെല്ലാം ചേർത്ത് ബോധവത്കരണം നടത്തും. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗംവരാതിരിക്കാൻ എന്തു ചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കും. അർബുദം മാറില്ലെന്നു കരുതുന്നവരാണ് ഏറെയും. അവർക്ക് ബയോപ്‌സിപോലും ഭയമാണ്. എഴുന്നേറ്റ് ഓടും. സർജറി, കീമോതെറാപ്പി ഒക്കെ പേടിയാണ്. ബദൽ ചികിത്സകളിലാണ് പലർക്കും വിശ്വാസം. പ്രധാനമായും ഹോമിയോപ്പതി. പിന്നെ നാട്ടുമരുന്നുകളും. ആ കാലത്ത് ആശുപത്രിയിൽ ചിലരൊക്കെ പറയും രോഗികൾക്കു വീട്ടിൽ പണമുണ്ട്, ഇവിടെവന്ന് നമ്മളെ പറ്റിക്കുകയാണ് എന്നൊക്കെ. ഗ്രാമങ്ങളിൽ പോയപ്പോൾ ഒന്നു മനസ്സിലായി. അവർ കള്ളം പറയുന്നതല്ല. ഒന്നും കൈയിലില്ലാത്ത മനുഷ്യരാണവർ. യാത്ര അവർക്കുവലിയ പ്രയാസമാണ്. ബറാക് വാലിയാണ് സിൽചറിന്റെ വടക്കേ അതിര്. പടിഞ്ഞാറ് ബംഗ്ലാദേശ്. കിഴക്ക് മണിപ്പുർ, മിസോറം, ത്രിപുര. സിൽചറിൽനിന്ന് ആറേഴു കിലോമീറ്റർവരെയേ വാഹനംപോകുന്ന റോഡുള്ളൂ. അതു കഴിഞ്ഞാൽ നടത്തംതന്നെ. മെലിഞ്ഞ മുളപ്പാലങ്ങൾ, മലകൾ, പുഴകൾ, തോണി... 70 ശതമാനം രോഗികളും ചികിത്സ പൂർത്തിയാക്കിയിരുന്നില്ല. ദിവസക്കൂലിക്കാരാണ്. ആശുപത്രിയിൽ വന്നാൽ അവരുടെ പണി മുടങ്ങും. അതിനു പരിഹാരം വേണം. ചിലർക്കെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചു. അവർക്കത് ആശ്വാസംമാത്രമല്ല ആത്മവിശ്വാസവും നൽകി. ആ ആത്മവിശ്വാസം മറ്റുള്ളവരിലേക്കും പടർന്നു. ജോലി കൊടുക്കാനായത് വെറും 30 പേർക്കുമാത്രമായിരുന്നു. എന്നാൽ, ആ വർഷം 3000-ത്തിൽ അധികം രോഗികൾ മുടക്കംവരുത്താതെ ചികിത്സതേടി.
രോഗികളിൽനിന്ന് ആജീവനാന്ത ചികിത്സയ്ക്ക് 500 രൂപമാത്രം വാങ്ങുന്ന ഒരു സ്ഥാപനത്തിന് എങ്ങനെ ഇതൊക്കെ നടത്തിക്കൊണ്ടുപോവാനാവുന്നു
= 2014 വരെ സാമ്പത്തികകാര്യങ്ങൾ വലിയ ബുദ്ധിമുട്ടായിരുന്നു. അതിനുശേഷം ഇന്ത്യൻ കാൻസർ സൊസൈറ്റി ഞങ്ങളെ സഹായിച്ചു. ഒപ്പം അവർ ഞങ്ങളെ എൻ.എൻ.ബി.ടി.യുമായി ബന്ധപ്പെടുത്തി. അർബുദ നിവാരണത്തിനായി പ്രവർത്തിക്കുന്ന പലരും ഒന്നിനുപുറകെ ഒന്നായി പിന്തുണയുമായെത്തി. ആശുപത്രിയിൽ ഇൻഷുറൻസ് സ്‌കീമുകളുംകൂടി ആയതോടെ കാര്യങ്ങൾ എളുപ്പമായി. ഞങ്ങൾ ധനികരായതല്ല, പിന്തുണ വിപുലമായതാണ് കാരണം.
പ്രളയത്തിന്റെ നാടാണ് അസം. ആശുപത്രിയെ അതു ബാധിക്കാറുണ്ടോ
= കഴിഞ്ഞവർഷം ആശുപത്രിക്കുചുറ്റും ആറടി ഉയരത്തിലായിരുന്നു വെള്ളം. നല്ല ഒഴുക്കും. മറ്റു വഴിയില്ലാതെ ഞങ്ങളൊരു ലോറി കൊണ്ടുവന്നു. അതിനുമുകളിൽ മേൽക്കൂരപോലെ ടാർപോളിൻ കെട്ടി. ലോറിയിൽ നിലയുറപ്പിച്ച് ഒരു മുളന്തണ്ടുകൊണ്ട് ഊന്നിയാണ് അങ്ങോട്ടും ഇങ്ങോട്ടും പോയത്. ആരോ ഒരു ആശയം പറഞ്ഞു, അപ്പുറവും ഇപ്പുറവുമായി ഒരു കയർ കെട്ടാം. പിന്നെ അത് വലിച്ചായി യാത്ര. നിർബന്ധമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരെ അവിടെ എത്തിച്ചു. ബാക്കിയുള്ളവരെ പുറത്തുവെച്ചുതന്നെ ചികിത്സിച്ചു. കീമോ ഉൾപ്പെടെ ഒന്നും മുടക്കിയില്ല. കോവിഡ് കാലത്തും പ്രളയകാലത്തും ഒരു ദിവസംപോലും ആശുപത്രി അടച്ചിട്ടിട്ടില്ല. ചികിത്സാലയങ്ങൾ ദുരന്തമുഖങ്ങളിൽ കുടുതൽ പ്രവർത്തന സജ്ജമാവുകയാണ് വേണ്ടത്. അപ്പോഴാണ് സമൂഹത്തിനു നമ്മളെ ഏറ്റവും ആവശ്യം. നമ്മൾ അടച്ചിട്ടാൽ പിന്നെ ആരാണ് അവരെ സഹായിക്കാനുള്ളത്?
അർബുദം ഭേദമാവുമോ എന്ന സംശയം ആളുകൾക്ക് ഇപ്പോഴുമുണ്ട്.
= സംശയിക്കേണ്ട. ഭേദമാവും. തുടക്കത്തിലേ കണ്ടുപിടിച്ചാൽ 90 ശതമാനംപേർക്കും രോഗം ഭേദമാവും. നിങ്ങൾക്ക് പഴയപോലെ ജീവിക്കാം, വിവാഹം കഴിക്കാം, കുട്ടികളുണ്ടാവാം. ആ കുട്ടികൾക്ക് കാൻസറുണ്ടാവില്ല. അവസാനഘട്ടംവരെ രോഗം അറിയാതെ പോയാൽ ബുദ്ധിമുട്ടുകളുണ്ടാവും. അഡയാറിൽ എന്റെ ഗുരുവായിരുന്ന ഡോ. ശാന്ത പറയും, നമ്മൾ ഭയക്കേണ്ടത് കാൻസറിനെയല്ല, അത് കണ്ടുപിടിക്കാൻ വൈകുന്നതിനെയാണ് എന്ന്. ഷുഗറും പ്രഷറും സ്ഥിരരോഗങ്ങളാണ്. അവ ശരീരത്തിൽ മറ്റ് അസുഖങ്ങളുണ്ടാക്കുകയും ചെയ്യും. എന്നിട്ടും അവയെ നമുക്ക് പേടിയില്ല. ഭേദമാവുന്ന രോഗമാണ് അർബുദം. എന്നിട്ടും അതിനെയാണ് പേടി. സിനിമയിൽപ്പോലും ക്ലൈമാക്സിന് പിരിമുറുക്കം കൂട്ടാൻ നായകനെ അർബുദരോഗിയാക്കും. മാത്രമല്ല, അത് നായികയിൽനിന്ന് മറച്ചുപിടിക്കുകയും ചെയ്യും. ഇതൊക്കെ സമൂഹത്തിലുണ്ടാക്കുന്ന തെറ്റിദ്ധാരണ ചെറുതല്ല.

ഒരിക്കൽ വന്നവർക്ക് വീണ്ടും വന്നേക്കാമെന്ന തെറ്റിദ്ധാരണയുമുണ്ട്..
= അർബുദത്തിൽ അഞ്ചു ശതമാനംമാത്രമാണ് ജനിതകകാരണങ്ങളാൽ വരുന്നത്. മറ്റെല്ലാറ്റിനും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ട്. കവിളിൽ അർബുദംവന്ന ഒരാളെ നോക്കൂ. പുകയിലയാണ് അയാൾക്ക് രോഗമുണ്ടാക്കിയത്. അതേ പുകയില അയാളുടെ എല്ലാ കോശങ്ങളിലും മാറ്റമുണ്ടാക്കിയിട്ടുണ്ടാവും. വലി നിർത്തിയാലും ആ മാറ്റം തിരിച്ചാക്കാൻ പറ്റില്ല. കുറെക്കാലം കഴിയുമ്പോൾ ഒരു ശതമാനം പേർക്ക് വീണ്ടും രോഗമുണ്ടായേക്കാം. അത് പഴയ രോഗം ആവർത്തിക്കുന്നതല്ല. നമ്മളുണ്ടാക്കിവെച്ച രോഗകാരണം വീണ്ടും ശരീരത്തിൽ പ്രവർത്തിക്കുന്നതാണ്.
കേരളത്തിൽ അർബുദം പെണ്ടത്തെക്കാൾ കൂടുതലാണെന്നു തോന്നിയിട്ടുണ്ടോ
= കേരളത്തിൽ അർബുദത്തിന്റെ സ്വഭാവത്തിലാണ് കൂടുതൽ മാറ്റം. ഒരർഥത്തിൽ അത് കേരളത്തിലെമാത്രം മാറ്റമല്ല. ഒരു സമൂഹം നഗരവത്കരിക്കപ്പെട്ട്, ഇല്ലായ്മയിൽനിന്ന് സമ്പന്നതയിലേക്ക് പതുക്കെ എത്തിച്ചേരുമ്പോൾ അവിടത്തെ രോഗങ്ങളുടെ സ്വഭാവവും മാറും. ആദ്യഘട്ടത്തിൽ സാംക്രമിക രോഗങ്ങളാണ് കൂടുതലുണ്ടാവുക. അതു പിന്നെ ജീവിതശൈലീ രോഗങ്ങളായിമാറും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കിടയിൽ ഗർഭാശയഗള അർബുദവും വായ്ക്കുള്ളിലെ അർബുദവും കൂടുതലാണ്. അന്നനാളത്തിലെ സ്ക്യുമസ് കാൻസറും കൂടുതൽ കാണാം. കേരളം വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലെത്തിയതോടെ ഇവിടെ അഡിനോ കാർസിനോമ, വായ്ക്കുള്ളിലെ അർബുദം, ഗർഭാശയ, സ്തന അർബുദങ്ങൾ എന്നിവ കൂടുതലാണ്. ചെെന്നെയുടെയും മുംബൈയുടെയും അവസ്ഥ ഇതുതന്നെയാണ്.
അർബുദത്തിന് ഇപ്പോഴും കൃത്യമായ പ്രതിരോധവാക്സിനുകളില്ലെന്നത് ഒരു പ്രശ്നമല്ലേ
= ജീവിതശൈലി ക്രമപ്പെടുത്തിയാൽമതി; 70 ശതമാനം അർബുദവും വരാതെനോക്കാം. അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽമതി. പുകയില, മദ്യം, അടയ്ക്ക (സുപാരി), ഭക്ഷണരീതി, വ്യായാമം. ആദ്യത്തെ മൂന്നും ഒഴിവാക്കി അവസാനരണ്ടും കൃത്യമാക്കിയാൽ ശരിയായ ജീവിതശെലിയായി. അർബുദംമാത്രമല്ല ഹൃദ്രോഗവും പക്ഷാഘാതവും രക്താതിസമ്മർദവും പ്രമേഹവും ഒഴിവാക്കാം.
ഇന്ത്യയിലെ അർബുദരോഗികൾക്ക് കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ആവശ്യമുണ്ട്. മറ്റെവിടെയെങ്കിലും ഇതുപോലൊരു സെൻറർകൂടി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ
= ഞാൻ ഒരു സാമ്രാജ്യമുണ്ടാക്കാൻ ഉദ്ദേശിക്കുന്നേയില്ല. ഒരു പ്രദേശത്തെ ഏറ്റവും നന്നായി സേവിക്കാനാണ് താത്‌പര്യം. ഒരുപാടു മനുഷ്യർ ഒരേരീതിയിൽ ചിന്തിച്ചതുകൊണ്ടുമാത്രമാണ് ഇങ്ങനെയൊരു സെന്റർ ഉണ്ടായത്. അത്തരം ആശയങ്ങളാണ് വ്യാപിക്കേണ്ടത്; ഞാനല്ല. എന്നെ നന്നായി വളർത്താൻ അച്ഛനമ്മമാർക്കായി. പക്ഷേ, ആ സാഹചര്യം കിട്ടാത്ത പലരുമുണ്ട്.
എന്തുകൊണ്ട് എല്ലാവർക്കും തുല്യസാഹചര്യങ്ങളുണ്ടായില്ല എന്നാലോചിക്കാറുണ്ട്. അതിനെനിക്ക് ഒരു ഉത്തരമുണ്ട്. കൂടുതൽ കിട്ടിയവർ, അത് പണമോ, സൗകര്യങ്ങളോ, വിദ്യാഭ്യാസമോ, കഴിവോ എന്തുമാവട്ടെ, അത്ര കിട്ടാത്തവർക്ക് കൊടുക്കണം. എന്റെ ഗുരുക്കന്മാർ പഠിപ്പിച്ചതാണത്. അങ്ങനെചെയ്യാൻ ശ്രമിക്കുന്ന ഒരാൾ മാത്രമാണ് ഞാൻ.
Content Highlights: Dr. Ravi Kannan, a cancer surgeon, shares his journey of establishing a cancer hospital in Silchar
Published: 30 Sept 2024, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented