ലോക പുകയില വിരുദ്ധ ദിനമാണ് മെയ് 31. 'പുകയില വ്യാപാര ഇടപെടലില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക'എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം. അപകടകാരികളായ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും അവയുടെ വ്യാപാര മേഖലയില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന്  സര്‍ക്കാരും പൊതുസമൂഹവും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന  സന്ദേശമാണ് ഈ പ്രമേയം നല്‍കുന്നത്. പുകയിലയുമായി ബന്ധപ്പെട്ട  വ്യാവസായിക ഉത്പന്നങ്ങള്‍ കുട്ടികളിലും  യുവാക്കളിലും  ചെലുത്തുന്ന ദോഷകരമായ സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഈ വര്‍ഷത്തെ  ദിനാചരണം ലക്ഷ്യമിടുന്നു .
 
പുകയില ഉത്പന്നങ്ങള്‍ സൃഷ്ടട്ടിക്കുന്ന ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും നിക്കോട്ടിന്‍ വ്യവസായത്തിന്റെ ചൂഷണത്തെക്കുറിച്ചും സമൂഹത്തില്‍ ബോധവത്കരണം നല്‍കുന്നതിന് ലക്ഷ്യമിട്ട് 1988 മുതലാണ് മെയ് 31 പുകയില വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്. പുകയില മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ദിനാചരണത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം . പുകയില ഉത്പന്നങ്ങളുടെ ലഹരിയിലേക്കും അനുബന്ധ വ്യവസായങ്ങളിലേക്കും ആകൃഷ്ടരാകുന്നതില്‍ നിന്ന് കുട്ടികളേയും യുവാക്കളേയും  തടയുന്നതിനുള്ള നയങ്ങളും നിയമങ്ങളും ആവിഷ്‌കരിക്കുന്നതിന്  സര്‍ക്കാറുകളെ ഈ ദിനം പ്രേരിപ്പിക്കുന്നു. 
 
പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ വളരെ അപകടകാരിയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഹൃദയ, ശ്വാസകോശ സംബന്ധമായ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇരുപതിലധികം വ്യത്യസ്ത തരം കാന്‍സറിനും മറ്റ് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു പ്രധാന കാരണമാണ് നിക്കോട്ടിന്‍. ചൂടാക്കിയ പുകയില ഉത്പന്നങ്ങള്‍ കൂടുതല്‍ അപകടകാരികളാണ്. അവയില്‍ പലതും കാന്‍സറിന് കാരണമാകുകയും ആരോഗ്യത്തിന് ഹാനികരവുമാണ്. 

To advertise here,

ലോകാരോഗ്യ സംഘടനയുടെ കണക്ക്പ്രകാരം ഓരോ വര്‍ഷവും ലോകത്ത് എട്ട്  ദശലക്ഷത്തിലധികം ആളുകള്‍ പുകയില ഉപയോഗത്താല്‍ മരിക്കുന്നുണ്ട്. പുകയിലയുമായി ബന്ധപ്പെട്ട മിക്ക മരണങ്ങളും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ പുകവലി മൂലമുണ്ടായ മരണങ്ങള്‍ 10 കോടിയാണ്. ലോകത്ത് നടക്കുന്ന മരണങ്ങളുടെ 15%-വും  പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലി മരണങ്ങളില്‍ പകുതിയിലധികം സംഭവിക്കുന്ന പ്രായം 70 വയസ്സ് ആണ് .

ലോകാരോഗ്യ സംഘടനയുടെ 2022-ലെ കണക്കുകള്‍ പ്രകാരം ലോകത്ത് 13-15 വയസ്സിനിടയിലുള്ള 3.7 കോടി കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. യൂറോപ്യന്‍ മേഖലയില്‍, 13-15 വയസ്സ് പ്രായമുള്ള 11.5% ആണ്‍കുട്ടികളും 10.1% പെണ്‍കുട്ടികളും പുകയില ഉപയോഗിക്കുന്നവരാണ് (4 ദശലക്ഷം). ഫലപ്രദമായ  പുകയില വിരുദ്ധ പ്രചാരണങ്ങളുടെയും കര്‍ശനമായ  സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെയും ഫലമായി സിഗരറ്റ്, ബീഡി എന്നിവ വലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും പുകയിലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പുതിയ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയിട്ടുണ്ട്.

ഇലക്ട്രോണിക് സിഗരറ്റ്, നിക്കോട്ടിന്‍ പൗച്ചുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ ഇന്ന് കൂടുതല്‍  പ്രചാരം നേടുകയാണ്. യൂറോപ്യന്‍ മേഖലയിലെ 12.5% കൗമാരക്കാര്‍ 2022-ല്‍ ഇ-സിഗരറ്റ് ഉപയോഗിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് മുതിര്‍ന്നവരില്‍ 2% ആയിരുന്നു. ഈ  മേഖലയിലെ ചില രാജ്യങ്ങളില്‍, സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗത്തിന്റെ നിരക്ക് സിഗരറ്റ് വലിക്കുന്ന നിരക്കിനേക്കാള്‍ 2-3 മടങ്ങ് കൂടുതലാണ്. ഇത്തരം ഉത്പന്നങ്ങള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നേരിട്ട് പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകവലിക്കുന്നവരുമായി സഹവാസമുള്ളവര്‍ക്കും അവരുടെ അടുത്ത് നില്‍ക്കുന്നവര്‍ക്കും അവര്‍ പുക വലിച്ച് പുറത്തു വിടുന്ന പുക (സെക്കന്‍ഡ് ഹാന്‍ഡ് പുക) ശ്വസിക്കുന്നതു മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

നേരിട്ടുള്ള പുകയില ഉപയോഗത്തില്‍ നിന്നുള്ള മരണം ഏഴ് ദശലക്ഷമാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുകവലി മരണങ്ങള്‍ 1.2 ദശലക്ഷം വരും. 28% കുട്ടികളും പാസ്സീവ് സ്‌മോക്കിങ്ങിന്റെ ഇരകളാണ്. സെക്കന്‍ഡ് ഹാന്‍ഡ് പുകയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ഓരോ വര്‍ഷവും 65,000 കുട്ടികള്‍ മരിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ പുകവലിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പുകയില വ്യവസായം പരിസ്ഥിതി നാശത്തിനും കാരണമാകുന്നുണ്ട്. പുകയില കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളും ജലസ്രോതസ്സുകള്‍ മലിനമാക്കുന്നു. പുകയില ഉത്പന്ന നിര്‍മ്മാണവുമായി  ബന്ധപ്പെട്ട വ്യവസായം പ്രതിവര്‍ഷം രണ്ട് ദശലക്ഷം ടണ്‍ മാലിന്യം സൃഷ്ടിക്കുകയും 4.3 ദശലക്ഷം ഹെക്ടര്‍ ഭൂമിയിലെ വനനശീകരണത്തിനും കാരണമാകുന്നു.

പുകയില വ്യവസായം കുട്ടികളെ ലക്ഷ്യമിടുന്നതിനു പിന്നില്‍  നിരവധി കാരണങ്ങളുണ്ട്. പുകയില ഉത്പന്നങ്ങളുടെ അപകടങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് വേണ്ടത്ര അറിവില്ലെന്നത് തന്നെ പ്രധാന കാരണം. ജീവിതത്തില്‍ ഏതു പരീക്ഷണത്തിനും തുനിയുന്ന കൗമാര പ്രായവും ചീത്ത കൂട്ടുകെട്ടും കുട്ടികളെ പുകയില  ഉപയോഗത്തിലേക്കു നയിക്കാം. കുട്ടികള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പുകയില വിരുദ്ധ ബോധവത്കരണം തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കു നിര്‍വഹിക്കാന്‍ കഴിയും.  
    
കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ വില്‍പന നടത്തുന്നതും അവയുടെ വില കുറച്ച് നല്‍കുന്നതുമായ   രീതി കച്ചവടക്കാര്‍ പരീക്ഷിക്കുന്നുണ്ട്. കുട്ടികളേയും കൗമാരക്കാരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെയുമുള്ള  പരസ്യ തന്ത്രങ്ങളും ഈ വ്യവസായം വികസിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ ജാഗ്രത പൊതുസമൂഹം പുലര്‍ത്തേണ്ടതുണ്ട്.

(തിരുവനന്തപുരം സോഷ്യല്‍ ജസ്റ്റിസ് ഡിപാര്‍ട്‌മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)