അന്തരീക്ഷത്തിലെ ചില പ്രേരകഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണ് ആസ്ത്മ. ശ്വസനനാളികളിൽ ഉണ്ടാകുന്ന നീർക്കെട്ട് പേശികളിൽ ഉണ്ടാകുന്ന ചുരുക്കം, കഫം കട്ടിയാവുക എന്നിവ ഈ രോഗത്തിന്റെ പ്രത്യേകതകളാണ്. ശ്വാസനാളികൾക്ക് അകത്തുള്ള ശ്ലേഷ്മ പാളിക്ക് നീർക്കെട്ട് വന്ന് വീങ്ങുകയും ശ്വാസനാളികളുടെ വ്യാസം കുറയുകയും ചെയ്യും. അപ്പോൾ അതുവഴിയുള്ള വായുസഞ്ചാരം തടസ്സപ്പെടും. മാത്രമല്ല നീരുകെട്ടിയ ശ്വാസനാളിയിൽനിന്ന് ധാരാളം കഫം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇതിന് സമീപത്തെ പേശികൾ പെട്ടെന്ന് സങ്കോചിക്കാൻ തുടങ്ങുന്നതോടെ ശ്വാസനാളികളുടെ വ്യാസം വീണ്ടും കുറയുകയും ചെയ്യുന്നു.

To advertise here,

ലക്ഷണങ്ങൾ എന്തൊക്കെ?

ഇടവിട്ടുള്ള ശ്വാസതടസ്സം, ചുമ, ശ്വാസംമുട്ടൽ, വീസ് (ഉയർന്ന പിച്ചുള്ള വിസിൽ ശബ്ദം) എന്നിവയാണ് ആസ്ത്മയുടെ പൊതുവായ ലക്ഷണങ്ങൾ. ഏത് പ്രായത്തിലും ആസ്ത്മ ഉണ്ടാകാം. കുടുംബത്തിൽ ആസ്ത്മയും അലർജികളും ഉള്ള ആളുകൾ ഉണ്ടാവുക, മറ്റ്‌ അലർജി രോഗങ്ങൾ അതായത് തൊലിപ്പുറത്ത് കാണുന്ന എക്‌സിമ, അല്ലർജിക് കൺജങ്ക്റ്റിവിറ്റിസ്, റൈനൈറ്റിസ് എന്നിവ ഉണ്ടെങ്കിൽ ഈ രോഗലക്ഷണങ്ങൾക്ക് പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.  മുതിർന്നവരിൽ പുതുതായി കണ്ടുവരുന്ന ആസ്ത്മയുടെ 10 ശതമാനവും ജോലിസ്ഥലവുമായി ബന്ധപ്പെട്ട ഘടകങ്ങൾ (തൊഴിൽ സ്ഥലത്തെ ആസ്ത്മ) മൂലമാണ്.

എന്താണ് ആസ്ത്മ ട്രിഗർ?

ആസ്ത്മയെ കൂടുതൽ വഷളാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയെ ആസ്ത്മ ട്രിഗറുകൾ എന്ന് വിളിക്കുന്നു. ആസ്ത്മ ട്രിഗറുകൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുന്നത് ആസ്ത്മ തടയാൻ അത്യാവശ്യമാണ്. പൊടിപടലങ്ങൾ, പൂപ്പലുകൾ, രോമമുള്ള മൃഗങ്ങൾ, പാറ്റ, പൂമ്പൊടി എന്നിവ സാധാരണയായി ആസ്ത്മ ലക്ഷണങ്ങളെ ഉത്തേജിപ്പിക്കുന്ന അലർജികളിൽ ഉൾപ്പെടുന്നു.

ശ്വാസകോശ സംബന്ധമായ അണുബാധകൾ (വൈറസ്, ബാക്ടീരിയ), അലർജി ഉണ്ടാക്കുന്നവയുമായുള്ള സമ്പർക്കം,  പുക, തണുത്തതോ വരണ്ടതോ  വായു തുടങ്ങിയവ ആസ്ത്മ ലക്ഷണങ്ങളെ ഉത്തേജിപ്പിക്കുന്നവയാണ്. മാത്രമല്ല താപനില, കാലാവസ്ഥ, ശാരീരിക പ്രവർത്തനങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, ചില മരുന്നുകൾ,വൈകാരിക ഘടകങ്ങൾ (ഉദാ, ഉത്കണ്ഠ, സമ്മർദം)എന്നിവയും ആസ്ത്മയുടെ ട്രിഗർ ഘടകങ്ങളാണ്.

ആസ്ത്മ എങ്ങനെ നിർണയിക്കാം?

ആസ്ത്മ രോഗനിർണയത്തിനുള്ള പ്രധാന ഉപകരണമാണ് സ്‌പൈറോമെട്രി അഥവാ ഊതി പരിശോധന. ഈ ടെസ്റ്റിലൂടെ വായു പ്രവാഹ പരിമിതി എത്രത്തോളമുണ്ടെന്ന് (FEV1 അടിസ്ഥാനമാക്കി) അളക്കുന്നു. കൂടാതെ ഇൻഹേലർ ചികിത്സ ഗുണം ചെയ്യുമോ എന്ന് ഉറപ്പുവരുത്തുന്നു.

രോഗികളിൽ എയർവേ ഹൈപ്പർ റെസ്‌പോൺസിവിറ്റി തിരിച്ചറിയുന്നതിനോ ഒഴിവാക്കുന്നതിനോ ബ്രോങ്കോപ്രോവോക്കേഷൻ ടെസ്റ്റിങ്‌ ഉപയോഗിക്കാം.

ലളിതവും ചെലവ്‌ കുറഞ്ഞതുമായ ഒരു ഉപകരണമാണ് പീക്ക് എക്‌സ്പിറേറ്ററി ഫ്‌ളോ മീറ്റർ(Peak Expiratory Flow Meter). ഇത്  ഉപയോഗിച്ച്, ഹ്രസ്വവും ശക്തവുമായ ശ്വാസം (പീക്ക് എക്‌സ്പിറേറ്ററി ഫ്‌ളോ-PEF) അളക്കാം. ആസ്ത്മ നിയന്ത്രിതമാണോ എന്ന് വീട്ടിൽവെച്ച് തന്നെ മനസ്സിലാക്കാൻ സഹായിക്കുന്നു.

ആസ്ത്മയുള്ള ചിലരുടെ ശ്വാസോച്ഛ്വാസത്തിൽ നൈട്രിക് ഓക്‌സൈഡിന്റെ (ഫ്രാക്‌ഷണൽ എക്‌ഹേൽഡ് നൈട്രിക് ഓക്‌സൈഡ്- FENO) സാന്ദ്രത സാധാരണ വ്യക്തികളിൽ കാണുന്ന അളവിനേക്കാൾ കൂടുതലായിരിക്കും. ഇത് ഫീനൊ ടെസ്റ്റിങ്‌ വഴി കണ്ടുപിടിക്കാം.

അലർജി പരിശോധനകൾ ആസ്ത്മ രോഗനിർണയത്തിന് പൊതുവേ ഉപയോഗപ്രദമല്ല. എന്നാൽ ആസ്ത്മ ഒട്ടും നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളിൽ അലർജി പരിശോധന നടത്താറുണ്ട്. ട്രിഗറുകളോടുള്ള അലർജി സ്ഥിരീകരിക്കുന്നത് വഴി ചുരുക്കം ചിലരിൽ ഇമ്യൂണോ തെറാപ്പി എന്ന ചികിത്സ നടത്തുന്നുണ്ട്.

ആസ്ത്മ ചികിത്സകൾ എന്തൊക്കെ?

ആസ്ത്മയ്ക്ക് കാരണമാകുന്ന ട്രിഗറുകൾ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആസ്ത്മ നിയന്ത്രിക്കാനുള്ള മരുന്നുകൾ ശരീരത്തിലേക്ക് എത്തിക്കാനുള്ള പ്രധാന ഉപകരണം ഇൻഹേലർ ആണ്.

അലർജി ഗുളികകളും സ്റ്റിറോയ്ഡ് ഗുളികകളും ചില അവസരങ്ങളിൽ വേണ്ടി വരാം. ഇൻഫ്ളുവൻസ, ന്യൂമോകോക്കസ്, കോവിഡ് എന്നീ അണുബാധയ്ക്ക് ശേഷം ആസ്ത്മയുള്ള രോഗികൾക്ക് മോശം ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈ രോഗകാരികൾക്കെതിരേ വാക്‌സിനേഷൻ എടുക്കണം. ആസ്ത്മയിലെ ശ്വാസനാളത്തിലെ വീക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന തന്മാത്രകളെ ലക്ഷ്യമാക്കിയുള്ള മോണോക്ലോണൽ ആന്റിബോഡി ചികിത്സ കടുത്ത ആസ്ത്മയുള്ള രോഗികൾക്ക് നൽകുന്നുണ്ട്.

ഇൻഹേലർ മരുന്നുകൾ എന്തൊക്കെയാണ്?

പെട്ടെന്ന് രോഗശമന സഹായി ആയിട്ടുള്ള ഇൻഹേലർ മരുന്നുകളെ റിലീവർ മരുന്നുകൾ എന്ന് പറയുന്നു. എന്നാൽ ദീർഘകാലം ആശ്വാസം തരുന്ന ഇൻഹേലർ മരുന്നുകളെ മെയിന്റനൻസ് മരുന്നുകൾ എന്ന് പറയുന്നു. ഇൻഹേലർ മരുന്നുകളിൽ കോർട്ടികോ സ്റ്റിറോയ്ഡ്, ബീറ്റ അഗോണിസ്റ്റ്, ആന്റി മസ്‌കറിനിക് മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. ആസ്ത്മ ചികിത്സയിൽ മരുന്നുകളുടെ ഉപയോഗം കൃത്യമായ രീതിയിൽ കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടതുണ്ട്.

ആസ്ത്മ നിയന്ത്രണത്തിൽ അല്ലാത്തവരിൽ ചികിത്സാഘട്ടങ്ങൾ വർധിപ്പിക്കേണ്ടത് ആവശ്യമായി വന്നേക്കാം. തുടർന്ന് നല്ല നിയന്ത്രണം കൈവരിച്ചാൽ വീണ്ടും പടിപടിയായി ഡോക്ടറുടെ നിർദേശ പ്രകാരം കുറച്ചുകൊണ്ടുവരികയും വേണം.

ഇൻഹേലർ ഉപയോഗിക്കേണ്ട വിധം എങ്ങനെയാണ്?

ഇൻഹേലർ മരുന്നിന്റെ ഫലപ്രാപ്തി അതാത് പ്രത്യേക ഉപകരണത്തിന്റെ ശരിയായ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. മരുന്ന് ഫലപ്രദമാകണമെങ്കിൽ, അത് ശ്വസന നാളികളിൽ കൃത്യമായി എത്തേണ്ടതുണ്ട്. സ്‌പെയ്‌സറോ ചേംബറോ ഇല്ലാതെ പ്രഷറൈസ്ഡ് മീറ്റർ ഡോസ് ഇൻഹേലർ (എം.ഡി.ഐ) ഉപയോഗിക്കുന്നതിനുള്ള ശരിയായ രീതി ഇപ്രകാരമാണ്:

  • എം.ഡി.ഐ. കാനിസ്റ്റർ 5 സെക്കൻഡ് ശക്തമായി കുലുക്കുക.
  • മരുന്ന് കാനിസ്റ്ററിന്റെ മുകളിൽ നിങ്ങളുടെ ചൂണ്ടുവിരലും ഇൻഹേലറിന്റെ അടിയിൽ നിങ്ങളുടെ തള്ളവിരൽ വെച്ചുകൊണ്ടും എം.ഡി.ഐ കുത്തനെ പിടിക്കുക.
  • സാധാരണ രീതിയിൽ ശ്വാസം വിടുക.
  • നിങ്ങളുടെ പല്ലുകൾക്കിടയിൽ മൗത്ത്പീസ് വയ്ക്കുക,  ചുണ്ടുകൾ അടയ്ക്കുക.
  •  വായു ഉള്ളിലേക്ക് എടുക്കുന്നതിൽ നാവ് തടസ്സമാവാതെ ശ്രദ്ധിക്കുക.
  •  മരുന്ന് പുറത്തുവിടാൻ ചൂണ്ടുവിരൽ ഉപയോഗിച്ച് കാനിസ്റ്ററിന്റെ മുകളിൽ അമർത്തുക.
  • കാനിസ്റ്റർ അമർത്തുമ്പോൾത്തന്നെ, നിങ്ങളുടെ ശ്വാസകോശം പൂർണമായും നിറയുന്നത് വരെ ആഴത്തിലും സാവധാനത്തിലും വായിലൂടെ ശ്വസിക്കുക; ഇതിന് 4 മുതൽ 6 സെക്കൻഡ് വരെ എടുക്കും.
  • വീണ്ടും ശ്വസിക്കുന്നതിന് മുൻപ്‌ മരുന്ന് ശ്വാസകോശത്തിൽ സുഖപ്രദമായി നിൽക്കുന്നിടത്തോളം (ഏകദേശം 5 മുതൽ 10 സെക്കൻഡ് വരെ) പിടിക്കുക.
  • നിങ്ങൾക്ക് രണ്ടാമത്തെ പഫ് ആവശ്യമുണ്ടെങ്കിൽ, പഫുകൾക്കിടയിൽ ഏകദേശം 15 മുതൽ 30 സെക്കൻഡ് വരെ കാത്തിരിക്കുക. അടുത്ത പഫിന്‌ മുൻപ്‌ വീണ്ടും കുലുക്കുക.
  • പൂർത്തിയാകുമ്പോൾ, മൗത്ത്പീസ് റീക്യാപ്പ് ചെയ്യുക.

നിങ്ങളുടെ ഇൻഹേലറിൽ ഒരു സ്റ്റിറോയിഡ് മരുന്ന് അടങ്ങിയിട്ടുണ്ടെങ്കിൽ (ചിലപ്പോൾ ഗ്ലൂക്കോകോർട്ടിക്കോയിഡ് അല്ലെങ്കിൽ കോർട്ടികോസ്റ്റീറോയിഡ് എന്ന് വിളിക്കുന്നു), അത് ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ വായ വെള്ളത്തിൽ കഴുകുക. വെള്ളം തുപ്പിക്കളയണം. അത് വിഴുങ്ങരുത്.

സ്‌പെയ്‌സറോ ചേംബറോ ഉള്ള പ്രഷറൈസ്ഡ് മീറ്റർ ഡോസ് ഇൻഹേലർ (എം.ഡി.ഐ.) ഉപയോഗിക്കുന്ന രീതി  

  • സ്‌പെയ്‌സറിലേക്ക് എം.ഡി.ഐ. ചേർക്കുക.
  • നിങ്ങളുടെ പല്ലുകൾക്കിടയിൽ മൗത്ത്പീസ് വയ്ക്കുക. സ്‌പെയ്‌സറിന്റെ മൗത്ത്പീസിന് ചുറ്റും ചുണ്ടുകൾ മുറുകെ അടയ്ക്കുക.
  • മരുന്ന് പുറത്തുവിടാൻ നിങ്ങളുടെ ചൂണ്ടുവിരൽ ഉപയോഗിച്ച് ക്യാനിസ്റ്ററിന്റെ മുകളിൽ അമർത്തുക.
  • അതേസമയം, നിങ്ങളുടെ ശ്വാസകോശം പൂർണമായും നിറയുന്നതുവരെ ആഴത്തിലും സാവധാനത്തിലും വായിലൂടെ ശ്വസിക്കുക; ഇതിന് 3 മുതൽ 5 സെക്കൻഡ് വരെ എടുക്കും.

വിവിധ ഡ്രൈ പൗഡർ ഇൻഹേലറുകൾ ഉപയോഗിക്കുന്ന രീതി?

  • സിംഗിൾ ഡോസ് ഇൻഹേലറിലേക്ക് ഗുളിക ഇട്ടുകൊണ്ട് ഒരു ഡോസ് ലോഡ് ചെയ്യുക.
  • ഈ ഗുളികയിൽ ദ്വാരങ്ങൾ ഇടാൻ ഇൻഹേലറിൽ ഒന്നോ അതിലധികമോ ബട്ടണുകൾ അമർത്തുക.
  • തുടക്കത്തിൽ പൂർണമായി ശ്വാസംവിടുക.
  • ചുണ്ടുകൾക്കിടയിൽ മൗത്ത്പീസ് വയ്ക്കുക.
  • വായിലൂടെ കഴിയുന്നത്ര ആഴത്തിലും വേഗത്തിലും സ്ഥിരമായും ശ്വസിക്കുക. മൂക്കിലൂടെ ശ്വസിക്കരുത്.
  • ഇൻഹേലർ ശരിയായി ഉപയോഗിക്കുമ്പോഴും നിങ്ങൾക്ക് മരുന്ന് രുചിക്കുകയോ അനുഭവിക്കുകയോ ചെയ്തേക്കില്ല.
  • വായിൽനിന്ന് ഉപകരണം നീക്കംചെയ്യുക.
  • ഏകദേശം 10 സെക്കൻഡ് (അല്ലെങ്കിൽ നിങ്ങൾക്ക് കഴിയുന്നിടത്തോളം) ശ്വാസം പിടിക്കുക. സാവധാനം ശ്വാസം വിടുക.
  •  

എന്താണ് നിയന്ത്രിത ആസ്ത്മ?

ആസ്ത്മ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ ആസ്ത്മ രോഗലക്ഷണങ്ങളുടെ നിയന്ത്രണം ശരിയായ രീതിയിൽ ആവുക എന്നതാണ്. നല്ല നിയന്ത്രിത ആസ്ത്മയുള്ള ഒരു വ്യക്തിക്ക് ശ്വാസോച്ഛ്വാസത്തിന് പരിമിതികളില്ലാതെ ജോലി, സ്കൂൾ, കളി, കായികം എന്നിവയിൽ പങ്കെടുക്കാൻ കഴിയണം എന്നാണ്.

ആസ്ത്മ നിയന്ത്രണ വിധേയമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം?

  • രാത്രിയിലോ അതിരാവിലെയോ ആസ്ത്മ നിങ്ങളെ എത്ര തവണ ഉണർത്തിയിട്ടുണ്ട്?
  • ചുമ, ശ്വാസതടസ്സം, അല്ലെങ്കിൽ നെഞ്ച് ഇറുകൽ എന്നിവയുടെ ലക്ഷണങ്ങൾ ഉണ്ടായി എത്രതവണ വേഗത്തിൽ പ്രവർത്തിക്കുന്ന ആശ്വാസ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നുണ്ട്?
  • അടിയന്തര പരിചരണ സന്ദർശനം, അല്ലെങ്കിൽ എമർജൻസി ഡിപ്പാർട്ട്‌മെന്റ് സന്ദർശനം എന്നിവ ഉൾപ്പെടെ ആസ്ത്മയ്ക്ക് ഷെഡ്യൂൾ ചെയ്യാത്ത പരിചരണം നിങ്ങൾക്ക് ആവശ്യമായി വന്നിട്ടുണ്ടോ?
  • സ്കൂൾ/ജോലി, വിനോദ പരിപാടികൾ എന്നിവയിൽ ആഗ്രഹിക്കുന്ന രീതിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നിട്ടുണ്ടോ?
  • നിങ്ങളുടെ പീക്ക് ഫ്‌ളോ അളക്കുകയാണെങ്കിൽ, അത് വ്യക്തിഗത മികവിനേക്കാൾ കുറവായിരുന്നോ?
  • ഈ പറഞ്ഞ പ്രശ്നങ്ങൾ ഒരു മാസത്തിനുള്ള ഒരുതവണ പോലും ഉണ്ടായിട്ടില്ലെങ്കിൽ നിങ്ങളുടെ ആസ്ത്മ നിയന്ത്രണത്തിലാണ്.
  • ഒരു മാസത്തിനുള്ളിൽ ഒന്നോ രണ്ടോ തവണ ഉണ്ടാ യിട്ടുണ്ടെങ്കിൽ  ആസ്ത്മ  പൂർണമായി നിയന്ത്രണത്തിലല്ല. മൂന്നിലധികം തവണ ഉണ്ടായിട്ടുണ്ടെങ്കിൽ ആസ്ത്മ ഒട്ടും നിയന്ത്രണത്തിലല്ല.

ആസ്ത്മ തീവ്രമായാൽ എന്തുചെയ്യണം?

പക്കലുള്ള റിലീവർ എം.ഡി. ഐ. ഉപയോഗിക്കുക,  മാറ്റം വരുന്നില്ലെങ്കിൽ ആശുപത്രിയിലെത്തി ചികിത്സ തേടുക..

ഗർഭിണികളിലെ ആസ്ത്മ

ഗർഭകാലത്ത് 30 ശതമാനം പേരിൽ  ആസ്ത്മ വർധിക്കുന്നതായും 30 ശതമാനം പേരിൽ രോഗമുക്തി ഉണ്ടാവുന്നതായും പഠനങ്ങളിൽ കാണുന്നു. ആസ്ത്മ നിയന്ത്രണത്തിൽ അല്ലെങ്കിൽ ഗർഭസ്ഥ ശിശുവിനും അപകടമാണ്. ഇൻഹേലർ, നെബുലൈസേഷൻ  ചികിത്സകൾ സുരക്ഷിതമാണ്. ഇങ്ങനെ കൃത്യമായി വൈദ്യസഹായത്തോടെയും  ജീവിതശൈലി പരിഷ്കരണത്തിലൂടെയും ആസ്ത്മയെ വരുതിയിലാക്കാം.

കുട്ടികളിലെ ആസ്ത്മ നീണ്ടുനിൽക്കുമോ?

ആസ്ത്മ കാരണം ആദ്യ മൂന്ന് വർഷങ്ങളിൽ ശ്വാസതടസ്സമുള്ള അറുപത് ശതമാനം കുട്ടികൾക്കും ആറ് വയസ്സിന് ശേഷം ശ്വാസതടസ്സം ഉണ്ടായിരുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആസ്ത്മയുള്ള കുട്ടികളിൽ 30 മുതൽ 70 ശതമാനംപേരും പ്രായപൂർത്തിയാകുമ്പോഴേക്കും രോഗമുക്തി നേടുന്നുണ്ട്. എന്നാൽ ചിലരിൽ കുട്ടിക്കാലത്തെ ആസ്ത്മ ശ്വാസകോശ സംബന്ധമായ പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുകയും  അത് ബാല്യത്തിലും കൗമാരത്തിലും പ്രായപൂർത്തിയാകുമ്പോഴും സ്ഥിരമായി ബാധിക്കുകയും ചെയ്യുന്നു.

കുട്ടികൾക്ക് ആസ്ത്മ ചികിത്സയിൽ ഇൻഹേലർ ഉപയോഗിക്കാറുണ്ടോ?

കുട്ടികളിലും ആസ്ത്മ നിയന്ത്രിക്കാനുള്ള പ്രധാന ചികിത്സ ഇൻഹേലർ മരുന്നുകൾ തന്നെയാണ്. കൃത്യമായുള്ള ചികിത്സ കുട്ടിയുടെ ദൈനംദിന പ്രവൃത്തികൾ എളുപ്പമുള്ളതാക്കും.

കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ സീനിയർ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ആണ് ലേഖിക.