
ലോക സന്ധിവാത ദിനമാണ്. എന്തെഴുതണം എന്ന് ഇന്നലെ ആലോചിച്ചിരിക്കുമ്പോഴാണ് ജയശ്രീ ടീച്ചര്‍, ഒ.പിയിലേക്ക് കടന്ന് വരുന്നത്. മുഖത്ത് സുന്ദരമായ ചിരിയുണ്ട്. അപ്പോഴാണ് ഓര്‍ത്തത്, ഒരു ആറ് മാസം മുമ്പ് ടീച്ചര്‍ എന്നെ കാണാന്‍ വരുമ്പോള്‍ മുഖത്ത് ഈ ചിരിയുണ്ടായിരുന്നില്ലല്ലോ എന്ന്. സഹിക്കാന്‍ സാധിക്കാത്ത വേദനയുടെ ദയനീയതയായിരുന്നു അന്ന് ടീച്ചറുടെ മുഖം നിറയെ.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീച്ചര്‍ ഈ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാണാത്ത ഡോക്ടര്‍മാരില്ല, ചെയ്യാത്ത ചികിത്സകളില്ല. ഒടുക്കം ഒരു പേനപോലും കൈകൊണ്ട് പിടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തി. സന്ധികളിലെ നീരും വഴക്കിമില്ലായ്മയും വേദനയും കൊണ്ട് പൊറുതിമുട്ടിയ അവസ്ഥ.
'നടക്കാന്‍ പറ്റിയില്ലേലും സാരമില്ല ഡോക്ടറെ, ഈ വേദനയൊന്ന് മാറ്റിത്തരൂ'
ടീച്ചറെന്നോട് പറഞ്ഞ ആദ്യവാക്ക് അതായിരുന്നു എന്നാണ് ഓര്‍മ്മ. ക്ലാസ്സെടുക്കാന്‍ പറ്റുന്നില്ല, നില്‍ക്കാന്‍ സാധിക്കുന്നില്ല, നടക്കാന്‍ സാധിക്കുന്നില്ല, പേനയോ ചോക്കോ പോലും വിരലുകൊണ്ട് മുറുക്കിപ്പിടിക്കാന്‍ സാധിക്കുന്നില്ല.... ടീച്ചറുടെ സങ്കടകാരണങ്ങളുടെ എണ്ണം നീണ്ടുതന്നെ കിടപ്പുണ്ടായിരുന്നു. എന്റെ മുന്നിലേക്ക് നീക്കിയ റിപ്പോര്‍ട്ടുകളെല്ലാം വിശദമായി നോക്കി. ആമവാതം എന്നറിയപ്പെടുന്ന റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനാണ് സാധ്യത എങ്കിലും രോഗം ഉറപ്പിക്കാനും, മറ്റ് സങ്കീര്‍ണ്ണതകളില്ല എന്ന് മനസ്സിലാക്കാനും, രോഗത്തിന്റെ തീവ്രത അറിയാനുമെല്ലാം കുറച്ച് പരിശോധനകള്‍ കൂടി ആവശ്യമായിരുന്നു. അതെല്ലാം നിര്‍വ്വഹിച്ചു. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് തന്നെയെന്നുറപ്പിച്ചു.
റുമറ്റോളജി എന്ന ചികിത്സാ വിഭാഗത്തെ കുറിച്ച് അവര്‍ക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല, വാതരോഗത്തിന് നിലവില്‍ മികച്ച ചികിത്സ സാധ്യമാണ് എന്ന കാര്യമൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ സമയമെടുത്തു. ടീച്ചറുടെ രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചികിത്സ നിശ്ചയിക്കുകയും ഡിസീസ് മോഡിഫൈയിങ്ങ് ആന്റി റുമാറ്റിക് ഡ്രഗ്സിന്റെയും (DMARDs) ബയോളജിക്സിന്റെയും സമന്വയമായ ചികിത്സയാണ് തീരുമാനിച്ചത്. ഒപ്പം ജീവിതശൈലിയില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചില വ്യായാമങ്ങള്‍ പരിശീലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അധ്യാപികയായതിനാലായിരിക്കാം എല്ലാ കാര്യങ്ങളിലും ടീച്ചര്‍ക്ക് കൃത്യമായ നിഷ്‌കര്‍ഷയുണ്ടായിരുന്നു. മരുന്നും ആവശ്യമായ മറ്റ് നിര്‍ദ്ദേശങ്ങളും അല്‍പ്പം പോലും വ്യതിചലിക്കാതെ ടീച്ചര്‍ പാലിച്ച് വന്നു. അതിന്റെ ഗുണമാണ് ഇപ്പോള്‍ ടീച്ചറുടെ മുഖത്ത് കണ്ട ഈ പുഞ്ചിരി. ടീച്ചര്‍ നടക്കുന്നു, ക്ലാസ്സെടുക്കുന്നു, സ്റ്റെപ്പുകള്‍ കയറുന്നു, ചോക്കും പേനയുമൊക്കെ പിടിക്കുന്നു.... ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം എന്നതാണ് ഇപ്പോല്‍ ടീച്ചറുടെ ചോദ്യം.
വാതരോഗ ചികിത്സയെക്കുറിച്ചുള്ള ധാരണക്കുറവ്
കാലമിത്ര പിന്നിട്ടിട്ടും ശാസ്ത്രീയമായ വാതരോഗ ചികിത്സയെ കുറിച്ചുള്ള വ്യക്തമായ ധാരണ ജനങ്ങള്‍ക്കില്ല എന്നത് യാഥാര്‍ഥ്യമാണ്. എത്രയോ കുട്ടികളെ പഠിപ്പിച്ച, സമൂഹത്തിലെ എല്ലാവിധത്തിലുള്ള ആളുകളുമായി നിരന്തരം ഇടപെടുന്ന ജയശ്രീ ടീച്ചര്‍ക്ക് പോലും ഈ മേഖലയെ കുറിച്ച് ധാരണയില്ല എന്നത് വേദനാജനകമാണ്. ഏതെങ്കിലും ഒരു പ്രത്യേക രോഗത്തെ മാത്രം വിശേഷിപ്പിക്കുന്ന പദമല്ല വാതരോഗമെന്നത്. ഏതാണ്ട് നൂറിലധികം രോഗാവസ്ഥകള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ രോഗാവലിയാണ്. ഓരോ രോഗത്തിന്റെയും കാരണങ്ങള്‍ക്ക് വ്യത്യസ്തതകളുണ്ട് അതുപോലെ തന്നെ ചികിത്സയ്ക്കും വ്യത്യാസമുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിന്റെ പുരോഗതി വാതരോഗ ചികിത്സാമേഖലയിലുണ്ടായ മാറ്റങ്ങള്‍ ഇവയാണ്.
1) നേരത്തെയുള്ള രോഗനിര്‍ണ്ണയവും വ്യക്തിഗതമായ ചികിത്സാ പദ്ധതിയും: രോഗത്തിന്റെ നേരത്തെയുള്ള നിര്‍ണ്ണയം വാതരോഗ ചികിത്സയില്‍ പ്രധാനമാണ്. സന്ധികളുടെ ഘടന ജന്മസിദ്ധമായി ലഭിച്ച അനുഗ്രഹമാണ്. രോഗനിര്‍ണ്ണയം വൈകുന്നതിനനുസരിച്ച് സന്ധികളുടെ ഘടന നശിക്കുന്നത് വര്‍ദ്ധിക്കും. ഒരിക്കല്‍ പൂര്‍ണ്ണമായി നശിച്ചാല്‍ പിന്നീടൊരിക്കലും സ്വാഭാവികതയോട് കൂടിയ യഥാര്‍ത്ഥ ഘടന പുനസ്ഥാപിക്കല്‍ സാധ്യമല്ല. ഈ അവസ്ഥയിലെത്തുന്നത് തടയാന്‍ നേരത്തെയുള്ള രോഗനിര്‍ണ്ണയം അനിവാര്യമാണ്.
എം.ആര്‍.ഐ, യു.എസ്.ജി, ആര്‍.എഫ്. ഫാക്ടര്‍, ആന്റി സിസിപി തുടങ്ങിയ രക്തപരിശോധനകളിലൂടെ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കും. രോഗനിര്‍ണ്ണയം കഴിഞ്ഞാല്‍ രോഗത്തിന്റെ അവസ്ഥ, രോഗിയുടെ ശാരീരികമായ പ്രത്യേകതകള്‍ തുടങ്ങിയവ പരിഗണിച്ച് ഡോക്ടര്‍ വ്യക്തിഗത ചികിത്സാ പദ്ധതിക്ക് രൂപം നല്‍കും. ഇത് വളരെ പ്രധാനമാണ്. ഒരേ രോഗം ബാധിച്ചവര്‍, ചിലപ്പോള്‍ ഒരേ കുടുംബാംഗങ്ങള്‍ ആണെങ്കില്‍ പോലും ശാരീരികമായ അവസ്ഥകള്‍ക്കനുസരിച്ച് ചികിത്സയില്‍ മാറ്റമുണ്ടാകാം.
2) മരുന്നുകളുടെ ഉപയോഗം: രോഗങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്ന മരുന്നുകളിലും വ്യത്യാസമുണ്ടാകും. ഡിസീസ് മോഡിഫൈയിങ് ആന്റി റുമാറ്റിക് ഡ്രഗ്സ്, ബയോളജിക് തെറാപ്പി, ടാര്‍ജറ്റഡ് സിന്തറ്റിക് ഡി.എം.ആര്‍.ഡികള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള മരുന്നുകള്‍ രോഗത്തിന്റെയും രോഗിയുടേയും അവസ്ഥയ്ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെടും.
3) വേദന നിയന്ത്രണവും സന്ധികളുടെ വീണ്ടെടുപ്പും: ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള രോഗാവസ്ഥകളില്‍ വേദനാ നിവാരണവും സന്ധികളുടെ വീണ്ടെടുപ്പും പ്രധാനമാണ്. എന്‍.എസ്.എ.ഐ.ഡി, കോര്‍ട്ടിക്കോസ്റ്റിറോയിഡ് ഇഞ്ചക്ഷന്‍, വിവിധതരം ഫിസിക്കല്‍ തെറാപ്പികള്‍ തുടങ്ങിയവ ഇതിനായി നിര്‍ദ്ദേശിക്കപ്പെടും. സന്ധികള്‍ക്ക് നിലവില്‍ വലിയ തകരാറുകള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ അവ നിലനിര്‍ത്താനാവശ്യമായ ചികിത്സകള്‍ ആവശ്യമായി വരും.
സന്ധിവാത ചികിത്സയുമായി ബന്ധപ്പെട്ട് ഓര്‍മ്മിക്കേണ്ട പ്രധാനകാര്യം രോഗം നേരത്തെ തിരിച്ചറിയുക, ശാസ്ത്രീയമായ ചികിത്സ ഉടന്‍ ആരംഭിക്കുക എന്നിവയാണ്. ഈ രീതിയില്‍ രോഗത്തെ സമീപിച്ചാല്‍ തുടര്‍ജീവിതം ആരോഗ്യപൂര്‍ണ്ണവും ആഹ്ലാദകരവുമാക്കി തീര്‍ക്കാം എന്ന സന്ദേശം ഈ ലോക സന്ധിവാതദിനത്തില്‍ പങ്കുവെക്കുന്നു.
(കോഴിക്കോട് ഡോ. അനൂഫ്സ് റുമകെയര്‍ സെന്ററിലെ ചീഫ് കണ്‍സല്‍ട്ടന്റും മെഡിക്കല്‍ ഡയറക്ടറുമാണ് ലേഖകന്‍)
Content Highlights: World Arthritis Day, mportance of early diagnosis and treatment for a healthier future.
Published: 12 Oct 2024, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented