ശരീരഭാരം വർധിക്കുന്നത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കം, ഭക്ഷണശീലങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ അതിനുകാരണമാണ്. സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നതിനുള്ള പ്രധാനകാരണങ്ങളും പരിഹാരങ്ങളും എന്തെല്ലാമാണെന്ന് പരിശോധിക്കാം.

To advertise here,

ഉറക്കക്കുറവും ഹോർമോൺ അസന്തുലിതാവസ്ഥയും 

പുതിയ തലമുറയിൽ വ്യാപകമായി കണ്ടുവരുന്ന ശീലമാണ് രാത്രി വളരെ വൈകിയുള്ള ഉറക്കം, ഇത് ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോർട്ടിസോളിന്റെ അളവ് കൂടുന്നത് ക്ഷീണവും ശരീരഭാരവും  വർധിക്കുന്നതിന് കാരണമാകുന്നു. വൈകി അത്താഴം കഴിക്കുന്നതും പ്രാതൽ ഒഴിവാക്കുന്നതും വണ്ണം കൂടാൻ കാരണമാകുന്നു.

ദിനചര്യകൾ 6-8 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്ന തരത്തിൽ ക്രമീകരിക്കുക, നിത്യേന ഒരു മണിക്കൂർ മെഡിറ്റേഷൻ ചെയ്യുന്നത്  ഉറക്ക കുറവിനെ മറികടക്കാനും, ഊർജസ്വലരായിരിക്കാനും  സഹായിക്കുന്നു.

വ്യായാമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ 

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് വ്യായാമം അത്യാവശ്യമാണ്. വീട്ടുപണി ചെയ്യുന്നതിനാൽ വ്യായാമം ആവശ്യമില്ല എന്ന് പലരും കരുതുന്നു. വണ്ണം അധികമില്ലെന്ന് കരുതി വ്യായാമം ഒഴിവാക്കേണ്ട ഒന്നല്ല. പല സ്ത്രീകളും വ്യായാമം സന്ധികളുടെ  പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന തെറ്റിദ്ധാരണ ഉള്ളവരാണ്. ഈ ചിന്ത ആരോഗ്യകരമായ  ഒരു ദിനചര്യയിൽ നിന്ന് അവരെ തടയുകയും കാലക്രമേണ ശരീരഭാരം വർധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. വണ്ണം കൂടുംതോറും അത് കുറയ്ക്കാൻ ബുദ്ധിമുട്ട് കൂടുതലാകുന്നു.
നിത്യേനയുള്ള വ്യായാമത്തിന്റെ പ്രയോജനങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കിടുകയും അവരെയും വ്യായാമം ശീലിക്കാൻ  പ്രോത്സാഹിപ്പിക്കുകയും വേണം. എന്നാൽ  വ്യായാമം ശാസ്ത്രീയമായി ചെയ്തില്ലെങ്കിൽ  പേശീവേദനക്കും പരുക്കിനും നട്ടെല്ലിന്റെ ഡിസ്ക് ഇളകുവാനുമെല്ലാം കാരണമാകും. വാം ആപ്പ്, സ്ട്രെച്ചിംഗ്, ഏറോബിക്, അനേറോബിക്, ടോണിങ്, ബാലൻസിംഗ്, കൂൾ ഡൗൺ, സ്ട്രെച്ചിംഗ് എന്നിങ്ങനെ വ്യായാമം ഘട്ടം ഘട്ടമായി ചെയ്യണം. ഒരു ജിം ഇൻസ്ട്രക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിർദ്ദേശാനുസരണം ചെയ്യുന്നതാണ് ഉചിതം.

ആർത്തവ സമയത്ത് പല സ്ത്രീകളും വ്യായാമം ഒഴിവാക്കുന്നതായി കണ്ടുവരുന്നു. എന്നാൽ ആ സമയത്ത് വ്യായാമം ചെയ്യാൻ സാധിക്കുന്നവർക്ക് വ്യായാമത്തിലൂടെ സമ്മർദ്ദങ്ങൾ ഒഴിവാക്കാനും മനസ്സിനെയും ശരീരത്തെയും ഊർജസ്വലമാക്കാനും കഴിയുന്നു.

ഭക്ഷണ ശീലങ്ങൾ 

നാം കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ തീരുമാനിക്കുന്നത്. കൂടിയ അളവിൽ വയറുനിറയെ കഴിക്കുക എന്നല്ല ഇത് അർഥമാക്കുന്നത്. പുറത്തുനിന്നുള്ള ഫാസ്റ്റ് ഫുഡ്, ജങ്ക് ഫൂഡ്സ് എന്നിവ ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ ശരിയായ അളവിൽ സമയത്തിന് കഴിക്കാൻ ശീലിക്കുക. ഉണ്ടാക്കിയ ഭക്ഷണം പാഴായി പോകാതിരിക്കാൻ പരമാവധി കഴിച്ചു തീർക്കുന്നതിന് പകരം ആവശ്യത്തിന് മാത്രം പാചകം ചെയ്യാൻ ശീലിക്കുക. ആരോഗ്യകരമായ ഈ ശീലങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. 

ഗർഭധാരണവും അമിതഭക്ഷണവും

ആഹാര വിഷയത്തിൽ സ്ത്രീകൾക്ക് മിഥ്യാധാരണകളുള്ള ഒരു ഘട്ടമാണ് ഗർഭധാരണം. ഗർഭിണികളായ സ്ത്രീകൾ "രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കുന്നു" എന്ന ധാരണയിൽ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത്  പ്രസവാനന്തരം ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു.   

അതുകൊണ്ട് ഗർഭകാലത്ത്, നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുകയും അതിന്റെ യഥാർഥ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ഭക്ഷണമല്ല, സന്തുലിതമായ ഭക്ഷണമാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സഹായിക്കുന്നത്.  

ഭക്ഷണത്തിനിടയിലെ നീണ്ട ഇടവേളകൾ ഒഴിവാക്കുക 

തിരക്കേറിയ സമയക്രമത്തിൽ, സ്ത്രീകൾ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കുകയോ, കൃത്യമായ സമയങ്ങളിൽ കഴിക്കാതിരിക്കുകയോ ചെയ്യാറുണ്ട് , ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. 

ഇതിനു പകരമായി ഓരോ 2-3 മണിക്കൂറിലും ചെറിയ അളവിൽ ആഹാരമോ, അല്ലെങ്കിൽ ലഘുഭക്ഷണമോ കഴിക്കുക. ഉണർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രഭാതഭക്ഷണം കഴിക്കുക, ഇത് നിങ്ങളുടെ ദിവസം ഊർജസ്വലമാക്കുകയും മെറ്റബോളിസത്തെ കൃത്യമാക്കുകയും ചെയ്യും. 

ആർത്തവവിരാമത്തിന് ശേഷമുള്ള ശരീരഭാര വർധന  

ആർത്തവവിരാമത്തിന് ശേഷം ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുകയും, മെറ്റബോളിക്ക് പ്രവർത്തനങ്ങൾ കുറയുകയും ചെയ്യുന്നു, ഇത് കൂടുതൽ പഞ്ചസാരയും അന്നജവും ശരീരത്തിൽ കൊഴുപ്പായി സംഭരിക്കുന്നതിന് കാരണമാകുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ ശരീരഭാരം നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. 

ആർത്തവവിരാമത്തിന് ശേഷം ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുകയും, പതിവായി വ്യായാമം തുടരുകയും ചെയ്യുന്നത് ഭാരം നിയന്ത്രിക്കുന്നതിനും, ആരോഗ്യ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.  

കൊച്ചി അമൃത ഹോസ്പിറ്റലിൽ എൻഡോക്രിനോളജി&ഡയബറ്റിസ് വിഭാ​ഗം ക്ലിനിക്കൽ പ്രൊഫസറാണ് ലേഖിക.