തൊട്ടടുത്ത രാജ്യമായ പാകിസ്താനിലും അ​ഫ്​ഗാനിസ്താനിലുമെല്ലാം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നമ്മുടെ രാജ്യം പൂര്‍ണ പോളിയോമുക്ത രാജ്യമായി മാറി എന്നത് അഭിമാനകരം തന്നെയാണ്. 2011-ലാണ് പശ്ചിമ ബംഗാളില്‍ ഇന്ത്യയിലെ അവസാനത്തെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്ന് വര്‍ഷത്തെ വിലയിരുത്തലുകള്‍ക്ക് ശേഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ 2014 മാര്‍ച്ച് 27-ന് ഇന്ത്യ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് പോളിയോ ഇല്ലല്ലോ പിന്നെന്തിന് കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കണം എന്ന ചിന്ത ചിലർ പങ്കുവെക്കുന്നത്.

To advertise here,

പോളിയോ വാക്‌സിന്റെ പ്രാധാന്യം

വായയിലൂടെ ഉദരത്തിലെത്തി, രക്തത്തില്‍ കലര്‍ന്ന് കേന്ദ്ര നാഢീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്ന വൈറസാണ് പോളിയോക്ക് കാരണമാകുന്നത്. ഇത് തിരിച്ചു വരാന്‍ സാധിക്കാത്ത വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കാന്‍ കാരണമാകുന്ന ഘടകം കൂടിയാണ്. 1978-ല്‍ തുടങ്ങിയ ഇ.പി.എ. ആണ് പോളിയോയ്ക്കെതിരായി രാജ്യത്ത് നടന്ന ആദ്യ പ്രതിരോധ പ്രവര്‍ത്തനം. 1985-ല്‍ യൂണിവേഴ്‌സല്‍ ഇമ്യുണൈസേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. 1995-ല്‍ പോളിയോ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമും ആരംഭിച്ചു. സംഘടിതമായ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് നിലവില്‍ രാജ്യം പോളിയോ മുക്തമായി തുടരുന്നത്.

ഇപ്പോഴും കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി പോളിയോ വാക്‌സിന്‍ നല്‍കുന്നു എന്നതിനാലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിര്‍ത്തിക്ക് തൊട്ടപ്പുറത്തുള്ള പാകിസ്താനിലും അഫ്ഗാനിസ്താനിലും പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പോളിയോ വൈറസുകള്‍ നമ്മുടെ അന്തരീക്ഷത്തിലും ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗള്‍ഫ് പോലുള്ള രാജ്യങ്ങളില്‍ നമ്മുടെ നാട്ടിലുള്ളവരും ഈ രാജ്യങ്ങളിലുള്ളവരുമൊക്കെ ഒരുമിച്ച് ചേര്‍ന്നാണ് ജീവിക്കുന്നത്. മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്ന നിരവധിയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ പോളിയോക്ക് കാരണമാകുന്ന വൈറസ് നമ്മുടെ അന്തരീക്ഷത്തില്‍ എത്തിച്ചേരാനും നിലനില്‍ക്കാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ പോളിയോയ്ക്കെതിരായ വാക്‌സിനേഷന്‍ നിര്‍ബന്ധമായും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക തന്നെ വേണം.

വാക്‌സിന് ദോഷമുണ്ടോ?

നിരവധി വര്‍ഷങ്ങളായി ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും പോളിയോ വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും അനുബന്ധമായ സര്‍ക്കാരുകളുമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ഇന്നുവരെ വലിയ തോതിലുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല വാക്‌സിനേഷന്റെ നേട്ടം എത്ര വലുതാണെന്ന് നമ്മള്‍ അനുഭവത്തിലൂടെ അറിയുകയും ചെയ്തതാണല്ലോ.