'കാലഭോജനം ആരോഗ്യകരാണാം ശ്രേഷ്ഠം'

To advertise here,

ശരിയായ സമയത്ത് ആഹാരം കഴിക്കുന്നത് ഏറ്റവും ആരോഗ്യകരമാകുന്നു.

ശരിയായ ഭക്ഷണ കാലം എങ്ങനെ മനസ്സിലാക്കാം?

മുന്‍പ് കഴിച്ചഭക്ഷണം ദഹിച്ചതിനു ശേഷമേ അടുത്ത ഭക്ഷണം കഴിക്കാവൂ.
വിശപ്പ് അനുഭവപ്പെടുന്നതാണ് ദഹനം കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വ്യക്തമായ ലക്ഷണം. ശരീരത്തിന് ഭക്ഷണം കാലമായി എന്ന് ആവശ്യപ്പെടുന്ന ഒരു സ്വാഭാവിക പ്രതികരണമാണ് വിശപ്പ്. പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വയറിന് കാളല്‍ എന്നത്. വിശപ്പാണ് എന്ന് പലപ്പോഴും ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇവയെ വേര്‍തിരിച്ചറിയാന്‍ അല്‍പം ചൂടുവെള്ളം കുടിച്ച് നോക്കുക. കുറച്ചു സമയത്തിനു ശേഷം നെഞ്ചെരിച്ചില്‍ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അനുഭവിച്ചിരുന്നത് 'കാളല്‍' ആണ്.

വിശപ്പ് അനുഭവപ്പെടാത്ത സന്ദര്‍ഭങ്ങളില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നത് സഹായകരമായിരിക്കും.

1. ഏമ്പക്കത്തില്‍ മുന്‍പ് കഴിച്ച ഭക്ഷണ പദാര്‍ഥങ്ങളുടെ മണമോ രുചിയോ ഇല്ലാതിരിക്കുക. സ്വാഭാവികമായി ഏമ്പക്കം ഉണ്ടാകുന്നില്ലെങ്കില്‍ ചെറുചൂടുള്ള വെള്ളം കുടിച്ചാല്‍ ഉണ്ടായി വരും. ഏമ്പക്കം ശുദ്ധമാണെങ്കില്‍ അതായത് ആഹാരത്തിന്റെ രുചിയോ മണമോ ഇല്ലാതെ ആണെങ്കില്‍ ദഹനം പൂര്‍ത്തിയായി എന്ന് മനസ്സിലാക്കാം.

2. ഉത്സാഹം തോന്നുക- ദഹനം കഴിഞ്ഞാല്‍ ശരീരത്തിന് ഊര്‍ജം ലഭിക്കും. ബിരിയാണിയോ പായസമോ കഴിച്ചതിനു ശേഷവും സാധാരണ ചോറും പച്ചക്കറികളും കഴിച്ചതിനു ശേഷവും നിങ്ങളുടെ ഉത്സാഹത്തിലെ വ്യത്യാസം നിരീക്ഷിക്കാവുന്നതാണ്. മേല്‍ പറഞ്ഞ സന്ദര്‍ഭങ്ങളില്‍ എത്ര സമയത്തിനു ശേഷമാണ് നിങ്ങളുടെ സ്വഭാവിക ഉത്സാഹത്തിലേക്ക് മടങ്ങി എത്തുന്നത് എന്നതും നിരീക്ഷണ യോഗ്യമാണ്.

3. ദിവസവും രാവിലെ മലവിസര്‍ജനവും സമയാസമയങ്ങളില്‍ മൂത്ര വിസര്‍ജനവും ഉണ്ടാവുകയാണെങ്കില്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണമെല്ലാം ശരിയായി പചിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാം.

4. ശരീരത്തിന് ലാഘവം തോന്നുക എന്നതും ശരിയായ ദഹനത്തിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ സ്വാഭാവികമായും ശരീരത്തിന് പ്രത്യേകിച്ച് വയറിന് കനം തോന്നാറുണ്ട്. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ഇത് മാറി ലാഘവം അനുഭവപ്പെടുന്നു. ദഹനം പൂര്‍ത്തിയാകുന്നതോടെ ആണ് ഇപ്രകാരം ഉണ്ടാകുന്നത്. 

ഇവ കൂടാതെ ഭക്ഷണങ്ങള്‍ക്കിടയിലെ സമയവും ശ്രദ്ധിക്കേണ്ടതാണ്. പ്രാതല്‍, ഉച്ചഭക്ഷണം തുടങ്ങിയ ആഹാരങ്ങള്‍ക്കു ശേഷം മൂന്നു മണിക്കൂറിനു ശേഷം മാത്രമേ അടുത്ത ആഹാരം കഴിക്കാവൂ. ലഘുഭക്ഷണത്തിനു ശേഷമുള്ള അടുത്ത ഭക്ഷണം ആറു മണിക്കൂറില്‍ കൂടുതല്‍ വൈകുവാനും പാടില്ല.

വിശപ്പ്, ശുദ്ധമായ ഏമ്പക്കം, ഉത്സാഹം, കൃത്യമായ വേഗപ്രവര്‍ത്തനങ്ങള്‍, ലാഘവം തുടങ്ങിയ ലക്ഷണങ്ങള്‍ ഭക്ഷണം ദഹിച്ചു എന്ന് മനസ്സിലാക്കിക്കാന്‍ ശരീരം പ്രകടിപ്പിക്കുന്നു. ഇവയെ സ്വന്തം ശരീരത്തില്‍ നിരീക്ഷിക്കുക - ശ്രദ്ധിക്കുക- മനസ്സിലാക്കുക - അവക്കനുസൃതമായി പ്രവര്‍ത്തിക്കുക. ദഹന വ്യവസ്ഥയും അതുവഴി ശരീരവും ആരോഗ്യത്തോടെ തുടരും.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പഞ്ചകര്‍മവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: What is hunger and when to eat, Health, Ayurveda