Representative Image| Photo: Gettyimages
ഫൈബ്രോമയാൽജിയ ( Fibromyalgia) - അധികം ആളുകൾക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8 ശതമാനം വ്യക്തികളിൽ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദേഹ൦മുഴുവനു൦ ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്.
ഫൈബ്രോമയാൽജിയ എന്നത് ഒരു ഫങ്ഷണൽ സൊമാറ്റിക് സിൻഡ്രോം (functional somatic syndrome) ആണ്. അതായത് ഒരു വ്യക്തി രോഗാവസ്ഥയിലാണെന്നു തോന്നിപ്പിച്ചാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു സാരം. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാൽജിയ. ഇതിന്റെ കൃത്യമായ കാരണം കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.
ഫൈബ്രോമയാൽജിയയുടെ ലക്ഷണങ്ങൾ നിരവധി ആയതിനാൽ സന്ധി - പേശിസംബന്ധമായവ (Rheumatological), നാഡീവ്യൂഹസംബന്ധമായവ (Neurological), ഉദരം - കുടൽ സംബന്ധമായവ (Gastrointestinal), മൂത്രസംബന്ധമായ (Urological) എന്നീ രോഗങ്ങളുമായി തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യത അധികമാണ്. അതുകൊണ്ടു ഈ പ്രശ്നങ്ങൾ തള്ളിക്കളയുന്നതിനു വിപുലമായ നടപടിക്രമം തന്നെ ആവശ്യമായി വന്നേക്കാം. ഫൈബ്രോമയാൽജിയ മാരകമല്ലെങ്കിലു൦ അതിന്റെ വേദന വിട്ടുമാറാത്തതും വ്യാപകവുമാണ്.ഇതു പേടിക്കേണ്ട ഒരു അസുഖമല്ല. എങ്കിലും രോഗികൾക്ക് ദുസ്സഹമായി തോന്നാ൦. പൂർണശമന൦ കിട്ടാത്തതുകൊണ്ട് പലപ്പോഴും പല ഡോക്ടർമാരുടെ സേവനം തേടേണ്ടി വരുന്നു.
ഫൈബ്രോമയാൽജിയ പ്രധാനമായും താഴെ പറയുന്ന നാല് ഘടകങ്ങളുടെ സമ്മിശ്രണമാണെന്നു കരുതാവുന്നതാണ്.
- മനഃശാസ്ത്രപരമായ ഘടകങ്ങൾ
- ജനിതകമായ ഘടകങ്ങൾ
- ന്യൂറോളജിക്കൽ ഘടകങ്ങൾ
- പാരിസ്ഥിതിക ഘടകങ്ങൾ
ദേഹ൦മുഴുവനും ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. ഇത് സംഭവിക്കുന്നതിൻെറ മുഖ്യകാരണം ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥയാണ്. തലച്ചോറിലെ കോശജ്വലന പാതകൾ (Inflammatory Pathways) ഈക്കാരണത്താൽ ത്വരിതപ്പെടുകയും അതുവഴി വേദന സംസ്കരണത്തിൽ അസാധാരണത്വത്തിന് കാരണമാവുകയും ചെയ്യുന്നു.
തലച്ചോറിലെയും സ്പൈനൽകോർഡിലെയും പെയിൻ സെൻസിറ്റീവ് നാഡീകോശങ്ങളുടെ പ്രതിപ്രവർത്തനം വർധിച്ചിരിക്കുന്നകൊണ്ട് ഫൈബ്രോമയാൽജിയ രോഗികളിൽ വേദനയുടെ പരിധി (pain threshold) തീർത്തും കുറവായാണ് കാണപ്പെടുന്നത്. ഇതിനെല്ലാം ഉപരിയായി ഫൈബ്രോമയാൽജിയയും ന്യൂറോപ്പതിക് വേദനകളും വിഷാദരോഗവും ഒരേസമയം ഒരേ വ്യക്തിയിൽ നിലകൊള്ളുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇവ മൂന്നും ഒരേ ജനിതക തകരാറുകൾ കാരണമാണ് ഉണ്ടാവുന്നത്.
ഫൈബ്രോമയാൽജിയയിൽ സംഭവിക്കുന്ന ന്യൂറോകെമിക്കൽ തകരാറുകൾ അതുമായി ബന്ധപ്പെട്ട വ്യക്തിയുടെ മാനസികാവസ്ഥയെയും, ഉറക്കത്തെയും, ഉന്മേഷത്തേയു൦ നിയന്ത്രിച്ചുപോരുന്നു. ഇതുകൊണ്ടു തന്നെയാണ് ഫൈബ്രോമയാൽജിയയുള്ള വ്യക്തിയിൽ ഉൻമേഷരാഹിത്യം, തളർച്ച, ഉറക്കം സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒരുമിച്ചു കണ്ടുവരുന്നത്.
"Mode of Inheritance" എന്നത് അജ്ഞാതമാണ് എങ്കിലും ഫൈബ്രോമയാൽജിയ പൊതുവായി പോളിജെനിക് ആയാണ് കരുതപ്പെടുന്നത്. പോളിജെനിക് കൊണ്ട് അർത്ഥമാക്കുന്നത് ഒന്നിൽ അധികം ജീനുകളുടെ സ്വാധീന൦ എന്നതാണ്.
ശരീരം മുഴുവനുമുളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ മുഖ്യ സ്വഭാവമായി കാണുന്നത്. "Allodynia" അഥവാ സ്പർശനത്തോടുളള വേദനാജനകമായ പ്രതികരണം ആണ് മറ്റൊരു ലക്ഷണമായി കരുതപ്പെടുന്നത്.
വേദന കൂടാതെ ഫൈബ്രോമയാൽജിയയുടെ മറ്റ് പൊതുവായുള്ള ലക്ഷണങ്ങൾ
- ശരീരത്തെ ദുർബലമാക്കുന്ന ക്ഷീണം
- അസ്വസ്ഥമായ ഉറക്കം
- സന്ധിബന്ധങ്ങളിലെ കഠിനീഭവിക്കൽ
- വിഴുങ്ങുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുക
- മലവിസർജ്ജനം, മൂത്രസഞ്ചി എന്നിവയുടെ തകരാറുകൾ
- മരവിപ്പ്, തരിപ്പ് തുടങ്ങിയവ അനുഭവപ്പെടുക
- കാര്യങ്ങൾ ഗ്രഹിക്കുന്നതിലുള്ള അപര്യാപ്തത (Cognitive Dysfunction)
- കഴുത്ത്, തോൾ, നടുവ്, ഇടുപ്പ് എന്നിവിടങ്ങളിലെ അസാധാരണമായ സംവേദനം.. എന്നിരുന്നാലും എല്ലാ വ്യക്തികളിലും ഈ ലക്ഷണങ്ങൾ എല്ലാം കണ്ടുവരണമെന്നു നിർബന്ധമില്ല.
- വിട്ടുമാറാത്ത ക്ഷീണം (Chronic Fatigue Syndrome)
- പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder-ഏതെങ്കിലും അപകടം കൊണ്ടോ അല്ലെങ്കിൽ കടുത്ത മാനസിക ആഘാതത്തിന്റെ ഫലമായോ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ സമ്മർദ്ദം)
- സ്ട്രെസ് മൂലം ഉണ്ടാവുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (Irritable Bowel Syndrome-വലിയ കുടലിനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണിത്. മലബന്ധം, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ)
അതുപോലെ തന്നെ പുകവലി, അമിതവണ്ണം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം (Lack of Physical Activity) തുടങ്ങിയ മോശമായ ജീവിതശൈലികൾ ഒരു വ്യക്തിയിൽ കാലക്രമേണ ഫൈബ്രോമയാൽജിയ രൂപപ്പെട്ടു വരാനുള്ള സാധ്യതകൾ കൂട്ടുന്നു.
ഫൈബ്രോമയാൽജിയയുടെ രോഗനിർണ്ണയം
ഫൈബ്രോമയാൽജിയ ഒരു ക്ലിനിക്കൽ ഡയഗ്നോസിസ് ആണ്.
രക്തപരിശോധനകളും എക്സ് റേ,സ്കാനിംഗ് മുതലായ പരിശോധനകളും മിക്കപ്പോഴും നോർമലായിരിക്കു൦.
ഫൈബ്രോമയാൽജിയയുടെ രോഗനിർണയം പ്രധാനമായും സ്കോറിങ് സിസ്റ്റം ആസ്പദമാക്കിയാണ്. വ്യാപകമായ വേദന സൂചികയെയും രോഗലക്ഷണ തീവ്രതയെയും അടിസ്ഥാനമാക്കിയാണ് സ്കോറിംഗ് സിസ്റ്റം ഉപയോഗിക്കുന്നത്.
ഫൈബ്രോമയാൽജിയയുടെ രോഗനിർണ്ണയത്തിന്റെ ഭാഗമായി രോഗികളിൽ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ തീർച്ചയായും വേണ്ടുന്നതാണ്. എന്നാൽ മാത്രമേ രോഗനിർണയത്തിൽ 90 ശതമാനം എങ്കിലും കൃത്യത കൈവരിക്കാൻ സാധിക്കുകയുള്ളു.
- മൂന്നുമാസത്തിലധികം നീണ്ടുനിൽക്കുന്ന തുടർച്ചയായ വേദന.
- 18 ടെൻഡർ പോയിന്റുകളിൽ കുറഞ്ഞത് 11 എണ്ണത്തിലും ഉളള വേദന.(ഫൈബ്രോമയാൽജിയയുടെ രോഗനിർണ്ണയത്തിന്റെ ഭാഗമായി നിയുക്തമാക്കപ്പെട്ടിരിക്കുന്ന 18 സ്ഥാനങ്ങൾ പ്രധാനമായും കാണപ്പെടുന്നത് കഴുത്ത്, തോൾ, നെഞ്ച്, ഇടുപ്പ്, കൈകാൽമുട്ട് എന്നിവിടങ്ങളിലാണ്).
ഫൈബ്രോമയാൽജിയ ചികിത്സാരീതി
ഫൈബ്രോമിയൽജിയയ്ക്ക് സാർവ്വത്രികമായി അംഗീകരിച്ച ചികിത്സ ഒന്നും തന്നെയില്ല എന്നുതന്നെയല്ല ചികിത്സയോടുള്ള പ്രതികരണവു൦ കുറവാണ്.
മരുന്നുകൾ, രോഗികളിൽ അവബോധം സൃഷ്ടിക്കൽ, എയ്റോബിക് എക്സർസൈസ്, കൊഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പി (Cognitive Behavioral Therapy) എന്നിവ ഉൾക്കൊള്ളുന്ന ചികിത്സാ പദ്ധതികൾ, ഫൈബ്രോമയാൽജിയാ സംബന്ധിച്ച ലക്ഷണങ്ങളും അതോടൊപ്പം തന്നെ വേദനയും ലഘൂകരിക്കാൻ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു.
കൊഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പികളും അനുബന്ധ മാനസിക, പെരുമാറ്റ ചികിത്സാരീതികളും താരതമ്യേന കുറച്ചു മാത്രം ഫലപ്രാപ്തിനല്കുന്നവയയാണ്. കൊഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പിയുടെ ഒപ്പം വ്യായാമം കൂടെ ഉൾപ്പെടുത്തുമ്പോൾ മികച്ച ഫലപ്രാപ്തി കാണുന്നു.
രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ 3-6 മാസം വരെ ആന്റിഡിപ്രസന്റ്സ് , ആന്റി എപിലെപ്റ്റിക് എന്നിവ ഉൾപ്പെടെയുള്ള പല മരുന്നുകളും പരീക്ഷിക്കാം . സാധാരണ വേദനസംഹാരികൾ തൃപ്തികരമായ ആശ്വാസം നൽകില്ല.
ഫൈബ്രോമയാൽജിയയുള്ള ചില വ്യക്തികളിൽ വ്യായാമം മൂലം ശാരീരികക്ഷമത വർധിക്കുകയും ഉറക്കം നല്ല രീതിയിൽ വരികയും അതോടൊപ്പം തന്നെ ക്ഷീണവും, വേദനയും കുറഞ്ഞതായും കാണപ്പെടുന്നു. ചിലരിൽ കാർഡിയോ വസ്കുലാർ വ്യായാമങ്ങൾ ഫലം ഉളവാക്കുന്നു. കാർഡിയോ വസ്കുലാർ വ്യായാമത്തെ പ്രതിരോധ പരിശീലനവുമായി സംയോജിപ്പിക്കുന്നത് നല്ലതാണ്. ദീർഘകാല ജല അധിഷ്ഠിത വ്യായാമം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഫൈബ്രോമിയൽജിയ ബാധിച്ച രോഗികളിൽ ഹാപ്പിനസ്സ് ഹോർമോൺ എന്നറിയപ്പെടുന്ന എൻഡോർഫിൻ ഹോർമോൺ കുറവ് കാണാം. വിഷാദവു൦ ഉത്കണ്ഠയു൦ ജീവിതസമ്മർദ്ദവു൦ കുറച്ചാൽ ഒരുപരിധിവരെ ഫൈബ്രോമയാൽജിയ നിയന്ത്രിക്കുവാൻ സാധിക്കും. അതിനെ മനസ്സിലാക്കി തന്നെ നമുക്ക് നേരിടാം.
Content Highlights: What is Fibromyalgia, How to cure Fibromyalgia, How to manage Fibromyalgia, Stress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..