കണ്ണൂർ: സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട അവസ്ഥയാണ്. ശരീരത്തിലെ ചൂട് വളരെക്കൂടിയാൽ അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. അതിനാലാണ് സൂര്യാഘാതം മരണകാരണമാവുന്നത്. 40 ഡിഗ്രി ചൂട് എന്നത് 104 ഡിഗ്രി ഫാരൻഹീറ്റാണ്. അതികഠിനമായ പനിയുടെ അവസ്ഥ. ശരീരത്തിൽ ഇങ്ങനെ ചൂട് മണിക്കൂറുകൾ കൂടി നിന്നാൽ താങ്ങാനാവാത്ത സ്ഥിതിവരും.
അമിതചൂടിൽ രക്തത്തിന്റെ ഘടനയിൽ മാറ്റം സംഭവിക്കാം. ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലറ്റ് തുടങ്ങിയ ഘടകങ്ങളുടെ അളവുമാറും. രക്തംകട്ടപിടിക്കാം. ഇത് ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കും. പേശികൾക്ക് ക്ഷതം സംഭവിച്ച് മയോഗ്ലോബിൻ എന്ന പ്രോട്ടീൻ ചോർന്ന് രക്തത്തിലെത്താം (റാബ്ഡോമയോലിസിസ്). അത് വൃക്കകളെ ബാധിക്കും. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളുടെ അളവിൽ മാറ്റം വന്നും ശാരീരികപ്രവർത്തനങ്ങളെ ബാധിക്കും.
സൂര്യാഘാതം രണ്ടുവിധം
ക്ലാസിക് ഹീറ്റ് സ്‌ട്രോക്ക്
പ്രധാനമായും പ്രായമേറിയവരിലാണ് കാണുന്നത്. ഇവരിൽ പലരും പ്രമേഹം, അമിത ബി.പി. തുടങ്ങിയ അസുഖമുള്ളവരാവും. ബീറ്റ ബ്ലോക്കർ പോലുള്ള മരുന്നു കഴിക്കുന്നവരുമാവും. ശരീരത്തിലെ ചൂട് പുറത്തുകളയാനുള്ള സംവിധാനം ഇവരിൽ ശരിയായി പ്രവർത്തിച്ചെന്നുവരില്ല. ചർമം വരണ്ടിരിക്കും. ഉഷ്ണതരംഗം ഉണ്ടാകുമ്പോൾ വീട്ടിനകത്തായാലും സൂര്യാഘാതം സംഭവിക്കാം.
എക്‌സേർഷണൽ ഹീറ്റ് സ്‌ട്രോക്ക്
വെയിലത്തും മറ്റും അമിതമായി അധ്വാനിക്കുമ്പോഴും ദീർഘനേരം വെയിൽ കൊള്ളുമ്പോഴും സംഭവിക്കുന്നു. ഇവരിൽ ചർമം വിയർത്തുകുളിച്ചിരിക്കും.
അവയവങ്ങളെ എങ്ങനെ ബാധിക്കും
മസ്തിഷ്കം
മസ്തിഷ്കാഘാതം വരാം. തലവേദന, ആശയക്കുഴപ്പം, അസാധാരണ പെരുമാറ്റം, തലകറക്കം, അബോധാവസ്ഥ എന്നിവയുണ്ടാകാം
ഹൃദയം
ഹൃദയത്തിലേക്ക് രക്തയോട്ടം തടസ്സപ്പെട്ട് ഹൃദയാഘാതം വരാം. ഹൃദയപേശികൾക്ക് തകരാർ സംഭവിച്ച് തെർമൽ കാർഡിയോമയോപ്പതി വരാം. അതുവഴി ഹൃദയപരാജയം
കരൾ
കരളിലെ എൻസൈമുകളുടെ അളവുകൂടും. പ്രവർത്തനം താളംതെറ്റും
വൃക്കകൾ
നിർജലീകരണം, ചൂട് നേരിട്ടുണ്ടാക്കുന്ന ക്ഷതം, റാബ്ഡോമയോലിസിസ് എന്നിവ വൃക്കസ്തംഭനം ഉണ്ടാക്കുന്നു
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ബി. പത്മകുമാർ
Content Highlights: what happens to the body during a heatstroke
Published: 04 May 2024, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented