
'നിശബ്ദ രോഗം' എന്ന് വിളിക്കപ്പെടുന്ന ഓസ്റ്റിയോപൊറോസിസ് പ്രായമായവരെ ബാധിക്കുന്ന എല്ലുകള്‍ ദുര്‍ബലമാവുന്ന രോഗാവസ്ഥയാണ്. എല്ലുകള്‍ ദുര്‍ബലമാവാനും പൊട്ടാനും ഇത് കാരണമാകുന്നു. പ്രത്യേകിച്ച് നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട എന്നിവയില്‍ ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത ഓസ്റ്റിയോപൊറോസിസ് വര്‍ദ്ധിപ്പിക്കുന്നു.
പ്രായമായ വ്യക്തികളെ സംബന്ധിച്ച് ഈ ഒടിവുകള്‍ ചെറിയ വീഴ്ചകളില്‍ നിന്നോ ശാരീരിക ബുദ്ധിമുട്ടുകളില്‍ നിന്നോ ഉണ്ടാകാം. ഇത് പലപ്പോഴും വിട്ടുമാറാത്ത വേദനയിലേക്കോ ചലന ശേഷി കുറയ്ക്കുന്നതിലേക്കോ മറ്റ് ഗുരുതരമായ സങ്കീര്‍ണതകളിലേക്കോ നയിക്കുന്നു. രോഗം ബാധിച്ചവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും അത്യാവശ്യമാണ്.
പോഷകാഹാരക്കുറവ്, വ്യായാമമില്ലായ്മ, മറ്റ് അസുഖങ്ങള്‍ എന്നിവ ഇതിനെ ത്വരിതപ്പെടുത്തുന്നു. പതിവ് സ്‌ക്രീനിംഗ്, പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ള വ്യക്തികള്‍ക്ക്, ഓസ്റ്റിയോപൊറോസിസ് നേരത്തെ തിരിച്ചറിയുന്നതിന് സഹായിക്കുന്നു.
കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണക്രമം
ശക്തമായ അസ്ഥികളുടെ അടിസ്ഥാന ഘടകമാണ് കാല്‍സ്യം. പ്രായമായവര്‍ക്ക് പ്രതിദിനം 1200 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്. പാല്‍, പച്ച ഇലക്കറികള്‍ തുടങ്ങിയവ കാല്‍സ്യത്തിന്റെ കലവറയാണ്. കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു വിറ്റാമിനാണ് വിറ്റാമിന്‍ ഡി. അതിനാല്‍ കാല്‍സ്യവും വിറ്റാമിന്‍ ഡിയും ഒരുപോലെ പ്രധാനപ്പെട്ടതാണ്. രാവിലെയുള്ള സൂര്യപ്രകാശം കൊള്ളുന്നത് പ്രകൃതിദത്തമായി തന്നെ വിറ്റാമിന്‍ ഡി ശരീരത്തില്‍ ഉദ്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വിറ്റാമിന്‍ ഡി സപ്‌ളിമെന്റേഷന്‍ സ്വീകരിക്കേണ്ടതാണ്.
വ്യായാമം
നടത്തവും വെയിറ്റ് ട്രെയിനിങ് വ്യായാമങ്ങളും എല്ലുകളെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബാലന്‍സ് കേന്ദ്രീകൃത വ്യായാമങ്ങള്‍, യോഗ എന്നിവ ശീലിക്കുന്നത് വീഴാനുള്ള സാധ്യതകളെ കുറയ്ക്കുന്നു. ആഴ്ചയില്‍ മൂന്നോ നാലോ തവണ 30 മിനിറ്റ് എങ്കിലും പതിവായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് വളരെയധികം മാറ്റങ്ങള്‍ മാനസികപരമായും ശരീരികമായും നിങ്ങളിലുണ്ടാക്കും.
പ്രായമായവരില്‍ ഒടിവുകള്‍ തടയുന്നതിന് ഒരാള്‍ വീഴുന്നതിനുള്ള പരമാവധി സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് മാര്‍ഗം. ബാത്ത്‌റൂമുകളില്‍ നോണ്‍-സ്ലിപ്പ് മാറ്റുകള്‍, മതിയായ വെളിച്ചം, ഹാന്‍ഡ് റെയിലുകള്‍ എന്നിവ ഉറപ്പാക്കുന്നത് അപകടസാധ്യതകള്‍ കുറയ്ക്കും.
പ്രതിരോധം മാത്രം അപര്യാപ്തമായ സാഹചര്യങ്ങളില്‍ ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ മരുന്നുകള്‍ സഹായിക്കും. ബിസ്‌ഫോസ്‌ഫോണേറ്റ് മരുന്നുകള്‍ ഉപയോഗിച്ചുളള ചികിത്സ അസ്ഥികളുടെ ശോഷണം മന്ദഗതിയിലാക്കുകയും ശക്തി വര്‍ദ്ധിപ്പിക്കുകയും പൊട്ടലുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നടുവേദന, കൂനിവരുക തുടങ്ങിയ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതും വിദഗ്‌ധോപദേശം തേടേണ്ടതും അത്യാവശ്യമാണ്. പ്രതിരോധ നടപടികള്‍, പരിശോധന, ഫലപ്രദമായ ചികിത്സ എന്നിവ ഓസ്റ്റിയോപൊറോസിസിന്റെ അപകടസാധ്യതകള്‍ ലഘൂകരിക്കാനും സന്തോഷകരമായ വാര്‍ദ്ധക്യജീവിതത്തിനും സഹായിക്കും.
(കൊച്ചി അമൃത ഹോസ്പിറ്റലില്‍ ജെറിയാട്രിക്‌സ് വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖിക)
Content Highlights: ways to help prevent osteoporosis
Published: 21 Dec 2024, 10:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented