
ശരീരത്തിലെ വിവിധ പാടുകൾ മുതൽ കാൻസർ വരെ ഭേദമാകാൻ കഴിവുള്ളതാണ് മൂത്രപാനം എന്ന വാദം ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി. യൂറിൻ തെറാപ്പി, യൂറോ തെറാപ്പി എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ വരുന്നുണ്ട്. മൂത്രചികിത്സ ഫലം ചെയ്തതായി പ്രശസ്തർ ഉൾപ്പെടെ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ശരീരത്തിന് ഒരു ആവശ്യവുമില്ലാത്ത, മാലിന്യമായി പോകുന്ന മൂത്രത്തെ വീണ്ടും ശരീരത്തിൽ എത്തിക്കുക വഴി എന്ത് ഗുണമാണ് ലഭിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഈ വിഷയത്തിൽ മാതൃഭൂമി ഡോട്ട് കോമുമായി അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് ഡോ. സുൽഫി നൂഹു, ഡോ. ഫർസാന, ഡോ. അസീന, ഡോ. ഉഷ മധുസൂദനൻ എന്നിവർ.
മനുഷ്യമനസ്സ് ചൂഷണം ചെയ്യുന്ന സ്ഥിതി
Also Read
യൂറിൻ തെറാപ്പി പ്രചരിപ്പിക്കുന്നവരെ കാണുമ്പോൾ കഷ്ടം എന്ന ഒറ്റ വാക്കേ പറയാനുള്ളൂവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു പറയുന്നത്. ഒരു മരുന്ന് ഉപയോഗിക്കേണ്ട രീതിയിലേക്ക് എത്തുന്നതിന് വിവിധ ഘട്ടങ്ങളുണ്ട്. വെറുതെ മൂത്രം കുടിച്ചാൽ അസുഖം മാറും എന്നു പറയുന്നത് വീണ്ടും പുരാതന കാലത്തേക്ക് തിരിച്ചുപോകുന്നതു പോലെയാണ്. അദ്ദേഹം പറയുന്നു.
ഉദാഹരണത്തിന് കോവിഡ് വാക്‌സിൻ ഉപയോഗത്തിലെത്തും മുമ്പ് നാലു ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പലവിധ പഠനങ്ങളും റിവ്യൂ ചെയ്തതിനു ശേഷമാണ് പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റാമോൾ പോലും ഉപയോഗത്തിന് നൽകുന്നത്. ഗർഭിണികളിലും കൊച്ചുകുട്ടികളിലും പ്രായമുള്ളവരിലും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരിലുമൊക്കെ ഈ മരുന്നു കൊണ്ടുള്ള ഗുണദോഷ വശങ്ങളെല്ലാം പഠനത്തിന് വിധേയമാക്കും. അതാണ് എല്ലാ മരുന്നുകൾ കണ്ടുപിടിക്കുന്നതിനുമുള്ള അടിസ്ഥാനശാസ്ത്രം.
തെളിവ് പോയിട്ട് ഒരു സാമാന്യയുക്തിക്ക് പോലും ചേർന്നതല്ല ഇതെന്നും അദ്ദേഹം പറയുന്നു. യഥാർഥത്തിൽ ഇത്തരമൊരു ചികിത്സയെക്കുറിച്ച് പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ ക്രിമിനൽ ചട്ടങ്ങൾ അനുസരിച്ച് കേസെടുക്കുകയാണ് വേണ്ടത്. മൂത്രമല്ലേ, കുടിച്ചാലെന്താ എന്നൊക്കെ കരുതുന്നവരുണ്ടാവും, പക്ഷേ, ഇത് ടോക്‌സിക് ആയൊരു പദാർഥമാണ്. ശരീരത്തിന് ആവശ്യമില്ലാത്തവ പുറത്തേക്ക് കളയുന്ന ഘടനാരീതിയാണ് വിയർക്കുക, മലമൂത്രവിസർജനം നടത്തുക എന്നതുവഴി നടത്തുന്നത്.

പുറംതള്ളുന്നവ തന്നെ വീണ്ടും എടുത്തു കുടിക്കുക എന്ന് പറയുന്നതിലെ യുക്തിയെക്കുറിച്ച് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും യൂറിയ, ക്രിയാറ്റിൻ, അമോണിയ തുടങ്ങി മൂത്രത്തിലുള്ള പലതും അമിതമായി ശരീരത്തിൽ എത്തുന്നതും ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
കാൻസറോ മരിച്ചു പോകാൻ സാധ്യതയുള്ള ഗുരുതര രോഗങ്ങളോ വരുമ്പോൾ എന്തും പരീക്ഷിക്കാം എന്ന മാനസികാവസ്ഥയിൽ നിൽക്കുന്നവരുണ്ടാകും. അത്തരം മനുഷ്യരെ ചൂഷണം ചെയ്യുകയുന്ന സാഹചര്യമാണിത്. മരുന്നുകൾക്കെതിരെ സംസാരിച്ച പലരും അവസാന ഘട്ടത്തിൽ മാറി ചിന്തിക്കേണ്ട സ്ഥിതി വന്നിട്ടുണ്ട്. കാൻസറിന് അതിന്റേതായ ചികിത്സയുണ്ട്, അല്ലാതെ മൂത്രം കുടിക്കുകയല്ല വേണ്ടത്.- ഡോ.സുൽഫി നൂഹു പറയുന്നു.
തികച്ചും അശാസ്ത്രീയം
മൂത്രചികിത്സ തികച്ചും അശാസ്ത്രീയമായ ഒന്നാണെന്നാണ് ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലെ ഇ.എൻ.ടി. കൺസൽട്ടന്റ് ഡോ. അസീന പറയുന്നത്. ശരീരം പുറംതള്ളുന്ന ഒരു വിസർജ്യത്തെ എന്തിനാണ് വീണ്ടും കുടിക്കുന്നത്? മൂത്രം കൊണ്ട് പല അസുഖങ്ങളും പരിഹരിക്കാം എന്നു പറയുന്നുണ്ട്. കിഡ്‌നിയെ ബാധിക്കുന്നുണ്ടോ ലിവറിനെ ബാധിക്കുന്നുണ്ടോ എന്നതിലെല്ലാം കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു. പലരും വിശ്വാസത്തിന്റെ പുറത്ത് ഇത്തരത്തിൽ പോകുമ്പോൾ യഥാർഥ ചികിത്സ ലഭിക്കാതെ സ്ഥിതി കൂടുതൽ ഗുരുതരമാകും.

പലരും മൂത്രം കുടിച്ചതിനുശേഷം രോഗശമനം തോന്നുന്നുവെന്ന് പറയുന്നതിലെ കാരണവും അസീന ചൂണ്ടിക്കാട്ടുന്നു. അതിനു പിന്നിലെ പ്രധാന കാരണം രോഗിയുടെ മാനസികാവസ്ഥയാണ്. ഈ രീതി ശരിയാണെന്ന് സ്വയം മനസ്സിൽ തോന്നുന്നതു കൊണ്ടാണ് തുടക്കത്തിൽ പലർക്കും രോഗം ഭേദപ്പെട്ടു എന്നു തോന്നാൻ കാരണം. പക്ഷേ, ഇതുവഴി നിലവിൽ രോഗം ഉള്ളവരുടെ അവസ്ഥ ഗുരുതരമാവാനും പുതിയ രോഗങ്ങൾ പിടിപെടാനും കാരണമായേക്കാം.
പ്രശസ്തരായവർ ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കുമ്പോൾ ആളുകൾ സ്വാഭാവികമായും അതിലേക്ക് ആകൃഷ്ടരാകും. അല്ലെങ്കിൽ ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്തി തെളിയിക്കപ്പെടട്ടെ. ചെലവില്ലാതെ ഏറ്റവും എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന മാർഗം എന്ന നിലയ്ക്കാകും പലരും ഇതൊക്കെ കേൾക്കുമ്പോൾ ചാടിവീഴുന്നത്. അത് നിലവിലുള്ള ആരോഗ്യാവസ്ഥ കൂടുതൽ അപകടകരമാക്കും എന്നു തന്നെയാണ് പറയാനുള്ളത്.
സാമാന്യയുക്തിയാണ് പ്രധാനം
ശരീരത്തിന് ഒരാവശ്യവും ഇല്ലാതെ പുറത്തുപോകുന്ന സംഗതിയെ എന്തിനാണ് കുടിക്കുന്നതെന്നു മനസ്സിലാവുന്നില്ലെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം അസിസ്റ്റൻ പ്രൊഫസർ ഡോ. ഫർസാന പറയുന്നു.
ശരീരത്തിൽനിന്ന് പുറംതള്ളുന്ന ഈ മാലിന്യം കുടിച്ച് വീണ്ടും അത് വയറിലേക്കെത്തി അതേ പ്രക്രിയയിലൂടെ തന്നെ പുറംതള്ളാനല്ലേ. സമൂഹത്തിൽ ചിലർക്കെങ്കിലും ആധുനിക അലോപ്പതി ചികിത്സയോട് അലർജിയുണ്ട്. അതിന് പാർശ്വഫലങ്ങൾ ഉണ്ടെന്നു പറഞ്ഞാണ് എതിർക്കുന്നത്. എഫക്റ്റ് ഉണ്ടാകുമ്പോഴേ, സൈഡ് എഫക്റ്റും ഉണ്ടാകൂ. ഒരു വാക്‌സിൻ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ എത്ര മാത്രം പഠനങ്ങളാണ് നടക്കുന്നത്. ഒരു പാക്കറ്റ് മരുന്നിന്റെ പുറത്തുതന്നെ അവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകിയിരിക്കും. മെഡിസിൻ പഠനത്തിലെ മൂന്നാം വർഷത്തിൽ ഫാർമകോളജിയാണ് പഠിപ്പിക്കുന്നത്. അതിൽ ഓരോ മരുന്നിന്റെയും എഫക്റ്റും സൈഡ് എഫക്റ്റും പഠിച്ചിട്ടാണ് രോഗികൾക്ക് മരുന്നുകൾ നിർദേശിക്കുന്നത്. ഇതൊന്നും അറിയാതെ കുറച്ചു മൂത്രം കുടിച്ചാൽ അസുഖങ്ങൾ മാറും എന്നു പറയുന്നവരോട് എന്താണ് പറയുക?
കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമില്ലാത്തവയെ ക്ഡിനിയിലെ അരിപ്പയിലൂടെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ചുള്ള മാലിന്യമാണ് മൂത്രം. അത് കെട്ടിക്കിടക്കുമ്പോഴാണ് പലർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. മൂത്രം പുറത്തുപോകാതെ കെട്ടിക്കിടന്നാലുള്ള പ്രശ്‌നങ്ങൾ നിസ്സാരമല്ല. മൂത്രസഞ്ചി പൊട്ടി വയറിനുള്ളിലേക്ക് മൂത്രം പോകുന്ന അവസ്ഥയിലൊക്കെ സർജറി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. മാത്രമല്ല, പലവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ വീണ്ടും മൂത്രം കുടിക്കുക വഴി സ്ഥിതി വഷളാവുകയാണ് ചെയ്യുകയെന്നും അവർ പറയുന്നു.
കൂടുതൽ അമോണിയ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ആളാണെങ്കിൽ, മൂത്രം സ്ഥിരമായി കുടിക്കുന്നതു വഴി വീണ്ടും അത് ശരീരത്തിലെത്തുന്നതിലൂടെ, ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. അസിഡിക് ആയ മൂത്രമാണെങ്കിൽ മൂത്രത്തിൽ കല്ല് പോലുള്ള രോഗം ഉള്ളവരിലും അതു പ്രശ്‌നമുണ്ടാക്കാം. മൂത്രത്തിൽ ബാക്റ്റീരിയ കണ്ടന്റ് ഉണ്ടെങ്കിൽ അത് ഇൻഫെക്ഷനാകാനും സാധ്യതയുണ്ട്. അതിനേക്കാളെല്ലാമുപരി സാമാന്യയുക്തി എന്നൊന്നുണ്ട്, അതാണ് പ്രധാനം.
സർജറിയും മറ്റും ആവശ്യമാണെന്ന് പറയുമ്പോൾ പലരും പേടിച്ച് ഇത്തരത്തിലുള്ള ഒരു ശാസ്ത്രീയവശവുമില്ലാത്ത രീതികൾക്ക് പുറകേ പോകും. സ്ഥിതി വഷളായെന്ന അനുഭവം പങ്കുവെക്കുന്ന നിരവധി പേരുണ്ട്. ഇംഗ്ലീഷ് മരുന്നിന് മാത്രമല്ല, എന്തു കാര്യത്തിനാണെങ്കിലും എന്തും അമിതമായാൽ പ്രശ്‌നമാണ്. പനിക്ക് കഴിക്കുന്ന പാരസെറ്റാമോളിന്റെ ഉപയോഗം അമിതമായാൽ കരളിന് പ്രശ്‌നമാണ്. വെള്ളം പോലും ഒരളവിൽ കൂടുതൽ കുടിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. അപ്പോൾ പിന്നെ അലോപ്പതി മരുന്നുകളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ ഒരർഥവുമില്ല.
പഠനം നടത്തുമ്പോഴാണ് ഫലം ലഭിക്കുക
മൂത്രം പുനരുപയോഗിക്കുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നതിൽ കൃത്യമായ പഠനമൊന്നും വന്നിട്ടില്ലെന്നാണ് കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഉഷ മധുസൂദനൻ പറയുന്നത്. പശുവിന്റെ മൂത്രം പല മരുന്നുകൾക്കായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യമൂത്രത്തിന് മെഡിസിനൽ വാല്യൂ ഉണ്ടോ എന്നതെല്ലാം പഠനം നടത്തേണ്ട വിഷയമാണ്.
പാമ്പിന്റെ വിഷമാണെങ്കിൽപ്പോലും വയറിൽ എത്തിക്കഴിയുമ്പോഴല്ല, രക്തത്തിൽ കലരുമ്പോഴാണ് പ്രശ്‌നം. അതുകൊണ്ട് അത്തരം ബുദ്ധിമുട്ട് ഉണ്ടാകണമെന്നില്ല, പക്ഷേ, ദീർഘനാളത്തെ ഉപയോഗത്തിലൂടെ മൂത്രത്തിൽ ബാക്റ്റീരിയയും മറ്റും ഉണ്ടെങ്കിൽ ഏതുവിധത്തിലായിരിക്കും ഫലം എന്നത് പറയാനാകില്ല. ശരിയായ രീതിയിൽ പഠിച്ച് ചെയ്യുമ്പോഴാണ് ഏതു ശാസ്ത്രത്തിനും അതിന്റേതായ ഫലം ലഭിക്കുന്നത്.
Content Highlights: urine therapy, is it safe to drink urine, urine therapy benefits and side effects
Published: 18 May 2022, 03:24 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented