ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതവും അസാധാരണവുമായ വിഭജനവും വളർച്ചയുമാണ് കാൻസർ അഥവാ അർബുദം. സാധാരണകോശങ്ങൾ നശിക്കുമ്പോൾ പുതിയവ വരുന്നു. എന്നാൽ കാൻസർ ബാധിച്ച കോശങ്ങൾ നശിക്കാതെ പുതിയ കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ട്യൂമറുകൾ (മുഴകൾ) രൂപപ്പെടുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയുംചെയ്യാം.

To advertise here,

രോഗകാരണങ്ങൾ

ജീവിതശൈലിയിലെ മാറ്റങ്ങളാണ് കാൻസറിന് പ്രധാന കാരണം. പുകയിലയും മദ്യപാനവും വായിലെ കാൻസർ, ശ്വാസകോശാർബുദം എന്നിവയ്ക്ക് കാരണമാകുന്നു. ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച ഭക്ഷണം, ചുവന്ന മാംസം എന്നിവയുടെ അമിത ഉപയോഗം, ഹെപ്പറ്റൈറ്റിസ് ബി (കരൾ കാൻസർ), എച്ച്.പി.വി. (ഗർഭാശയമുഖ കാൻസർ) വൈറസുകൾ, പരമ്പര്യം (അഞ്ചുമുതൽ 10 ശതമാനംവരെ കാൻസറുകൾ) തുടങ്ങിയവയാണ് കാരണമാകുന്നത്.

പ്രധാന ലക്ഷണങ്ങൾ

ശരീരത്തിന്റെ ഏതു ഭാഗത്തും മാറ്റമില്ലാതെ നിൽക്കുന്ന മുഴകൾ, കാര്യമായ വ്യായാമമോ ഡയറ്റിങ്ങോ ഇല്ലാതെ ആറു മാസത്തിനുള്ളിൽ അഞ്ചു ശതമാനത്തിലധികം ഭാരം കുറയുക, നാലാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, വായിലോ തൊണ്ടയിലോ ചർമ്മത്തിലോ ഉണങ്ങാത്ത വേദനയില്ലാത്ത മുറിവുകൾ, വിട്ടുമാറാത്ത മലബന്ധം, മൂത്രത്തിലോ മലത്തിലോ രക്തം, അസാധാരണമായ രക്തസ്രാവം, കാരണം വ്യക്തമല്ലാത്ത തുടർച്ചയായ പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചികിത്സാരീതികൾ

ആധുനിക വൈദ്യശാസ്ത്രത്തിൽ കാൻസർ ചികിത്സയിൽ വലിയ പുരോഗതിയുണ്ട്. ശസ്ത്രക്രിയവഴി ട്യൂമർ നീക്കം ചെയ്യുക, മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക (കീമോതെറാപ്പി), ഉയർന്ന വികിരണം ഉപയോഗിച്ച് ട്യൂമറുകളെ നശിപ്പിക്കുക (റേഡിയേഷൻ തെറാപ്പി), ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കാൻസറിനെതിരേ പോരാടാൻ സജ്ജമാക്കുക (ഇമ്മ്യൂണോതെറാപ്പി), കാൻസർ കോശങ്ങളെമാത്രം ലക്ഷ്യമിട്ടുള്ള ചികിത്സ (ടാർഗെറ്റഡ് തെറാപ്പി). പുകയില, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, സ്ഥിരമായി വ്യായാമം ചെയ്യുക. കൃത്യമായ ഇടവേളകളിൽ സ്‌ക്രീനിങ് നടത്തുക. എച്ച്.പി.വി., ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകൾ എടുക്കുക.

കാൻസർ ചികിത്സിച്ചു ഭേദമാക്കാം

2024-25 കാലയളവിൽ കേരളത്തിൽ ഏകദേശം 88,000 കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ മൊത്തം കാൻസർ രോഗികളുടെ 5.7 ശതമാനം വരും. കാൻസർ കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ പൂർണമായും ഭേദമാക്കാവുന്ന ഒരു രോഗാവസ്ഥയാണ്. ലക്ഷണങ്ങളെ ഭയപ്പെടാതെ ജാഗ്രതയോടെ സമീപിക്കുകയെന്നതാണു പ്രധാനം.

 

മഞ്ചേരി മെഡിക്കൽ കോളേജിൽ ഓങ്കോളജി ജൂനിയർ കൺസൾട്ടന്റ് ആണ് ലേഖിക.