തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ മണിക്കൂറുകളോളം ഇരുട്ടിലാക്കി വൈദ്യുതി മുടങ്ങിയ സംഭവത്തെപ്പറ്റിയുള്ള അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.

To advertise here,

ലോകത്ത് ആയിരങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരുന്ന വസൂരിബാധയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ 1812-13 കാലത്ത് സ്വാതിതിരുനാളിന്റെ അമ്മ റാണി ഗൗരിലക്ഷ്മിഭായി അന്നത്തെ ഇംഗ്ലീഷ് റെസിഡന്റ് കേണൽ മൺട്രോയുടെ സഹായത്തോടെ ആരംഭിച്ച വാക്‌സിൻ വകുപ്പാണ് തിരുവിതാംകൂറിൽ ഇംഗ്ലീഷ് വൈദ്യശാസ്ത്രശാഖയുടെ തുടക്കം. ഇതേ സമയത്തുതന്നെ കൊച്ചിയിലും മലബാറിലും വാക്‌സിനുവേണ്ടിയുള്ള നടപടി തുടങ്ങിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ പിന്നീടുള്ള തിരുവിതാംകൂർ ഭരണാധികാരികൾ കൂടുതൽ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതോടെ പല ആശുപത്രികളും സ്ഥാപനങ്ങളും ഉണ്ടായി. ഇതിൽ പ്രധാനം ആയില്യംതിരുനാൾ മഹാരാജാവിന്റെ (1860-1880) കാലത്ത് ദിവാൻ സർ ടി.മാധവറാവുവിന്റെ ശ്രമഫലമായി ഉണ്ടായ സിവിൽ ആശുപത്രി (പിന്നീട് ജനറൽ ആശുപത്രി) ആണ്. 1865 നവംബർ ഒൻപതിനായിരുന്നു ഉദ്ഘാടനം. 

എന്നാൽ, പുതിയ ചികിത്സാരീതികളോട് ജനങ്ങൾ പൊരുത്തപ്പെടാൻ പിന്നേയും സമയമെടുത്തു. സിവിൽ ആശുപത്രിയിൽ, പ്രസവത്തിന് സൗകര്യമുണ്ടായിട്ടും ആരും അവിടെ പോകാറില്ലായിരുന്നു. ഈ സമയത്ത് സെനാന മിഷൻ പ്രവർത്തക മിസ് ബ്ലാൻഫോർഡ് സ്ത്രീകൾക്കുവേണ്ടി ബേക്കറി ജങ്‌ഷനു സമീപത്തായി ഒരു ആശുപത്രി തുടങ്ങി. പ്രസവത്തിന് അവിടെ ഉന്നത കുടുംബങ്ങളിലെ സ്ത്രീകൾ പോകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്നാണ് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒരു പ്രത്യേക ആശുപത്രി സ്ഥാപിക്കണമെന്ന് ശ്രീമൂലംതിരുനാൾ മഹാരാജാവ് (1885-1924) തീരുമാനിച്ചത്. അങ്ങനെയാണ് വിമെൻ ആൻഡ്‌ ചൈൽഡ്‌ ഹോസ്പിറ്റൽ തുടങ്ങിയത്. തുടക്കത്തിൽ ജനറൽ ആശുപത്രിയുടെ വാക്‌സിൻ ഡിേപ്പാ ഒഴിപ്പിച്ച കെട്ടിടത്തിലായിരുന്നു ഇതിന്റെ പ്രവർത്തനം. അവിടേക്ക് കൂടുതൽ ഗർഭിണികളെത്തിയതോടെ മനോഹരമായ ഒരു പ്രത്യേക കെട്ടിടം തൈക്കാട്ട് നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. 2,36,000 രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് 1914-ൽ ആശുപത്രി മാറ്റി.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന്റെ അനന്തരവൻ, കേരളത്തിലെ കായികശില്പി എന്നറിയപ്പെടുന്ന കേണൽ ഗോദവർമരാജയുടെ മകനുമായ അവിട്ടം തിരുനാൾ രാജകുമാരന്റെ അകാലമരണത്തെ തുടർന്നാണ് തിരുവനന്തപുരത്തെ എസ്.എ.ടി. (ശ്രീ അവിട്ടംതിരുനാൾ) ആശുപത്രി സ്ഥാപിച്ചത്. 1944-ൽ ആറാം വയസ്സിലാണ് രാജകുമാരൻ മരിച്ചത്. മരണത്തോടെ ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടി ആധുനിക ആശുപത്രി വേണമെന്ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് തീരുമാനിച്ചു. ഇതിനുള്ള സ്ഥലത്തിനായുള്ള അന്വേഷണം ആദ്യം എത്തിയത് ഇപ്പോൾ മാർ ഇവാനിയോസ് കോളേജുള്ള ഭാഗത്തായിരുന്നു. അവിടെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ബിഷപ്പ് മാർ ഇവാനിയോസ് നടപടി തുടങ്ങിയ സമയമായിരുന്നു അത്. അദ്ദേഹമാണ് ഇന്ന് മെഡിക്കൽ കോളേജും എസ്.എ.ടി. ആശുപത്രിയുമുള്ള കുന്നിൻപ്രദേശം സർ സി.പി.ക്ക് കാട്ടിക്കൊടുത്തത്. ആ കുന്ന് ഏറ്റെടുക്കുന്നതാണ് നല്ലതെന്ന് രാജകുടുംബവും തീരുമാനിച്ചു.

നവോത്ഥാന നായകനായ ഡോ. പൽപ്പുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥലമായിരുന്നു അതെന്ന് 'കേരളത്തിന്റെ ചികിത്സാചരിത്രം' എഴുതിയ ഡോ. പി.വിജയചന്ദ്രൻ രേഖപ്പെടുത്തിയിട്ടുണ്ട്. 1945 -ജൂലായ്‌ 13-ന് മദ്രാസ് ഗവർണർ സർ ആർതർ ഹോപ്പ് ആശുപത്രിക്ക് തറക്കല്ലിട്ടു. തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചശേഷം 1952 ജനുവരി എട്ടിനായിരുന്നു ആശുപത്രിയുടെ ഉദ്ഘാടനം. കേന്ദ്ര ആരോഗ്യമന്ത്രി രാജകുമാരി അമൃത് കൗർ ആണ് ഉദ്ഘാടനം ചെയ്തത്. 140 കുട്ടികളേയും 200 സ്ത്രികളേയും ഒരേസമയം കിടത്തിച്ചികിത്സിക്കാവുന്ന ആശുപത്രിയാണ് നിർമിച്ചത്. പ്രശസ്ത ശസ്ത്രക്രിയാ വിദഗ്‌ധനായ ജേക്കബ് തളിയത്ത് ചുമതലയേറ്റതോടെ തെക്കേ ഇന്ത്യയിലാകെ ഈ സ്ഥാപനം പ്രസിദ്ധമായി.