
ഈ അടുത്ത കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ കേട്ട ഒന്നാണ് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു അഥവാ കോസ് ഓഫ് ഡെത്ത് കാര്‍ഡിയാക് അറസ്റ്റ് എന്നത്. പ്രത്യേകിച്ച് ഇപ്പോള്‍ കോവിഡ് മരണ കണക്കുകള്‍ എല്ലാം വിവാദമാകുന്ന സാഹചര്യത്തില്‍.
ഇവിടെ എല്ലാ മെഡിക്കല്‍ റെക്കാര്‍ഡുകളിലും മരണകാരണം കാര്‍ഡിയാക് അറസ്റ്റ് ആണ് എന്ന രേഖപ്പെടുത്തലാണ് പ്രശ്നമാകുന്നത്. അതല്ലെങ്കില്‍ ഈ വിഷയത്തില്‍ ഉള്ള അവ്യക്തതയോ ധാരണാപിശകോ ഒക്കെ ആവാം കാരണങ്ങള്‍.
ഏതൊരു ജീവിയും ജന്മമെടുത്താല്‍, ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ ഹൃദയമിടിപ്പ് ആരംഭിക്കും. ഇതാണ് ജീവന്റെ അടിസ്ഥാന ശില. ഈ ഹൃദയമിടിപ്പ് പൂര്‍ണ്ണമായും നിലയ്ക്കുന്ന അവസ്ഥയില്‍ നാം മരിച്ചു എന്ന പറയാം. ഹൃദയത്തിന്റെ ഈ മിടിപ്പിലൂടെയാണ് ശരീര കലകളിലേക്കും കോശങ്ങളിലേക്കും ഉള്ള പ്രാണവായു സഞ്ചാരം സാധ്യമാകുന്നത്. ഹൃദയത്തിന്റെ താളാഗതമായ മിടിപ്പിന് ഭ്രംശം വരുന്ന, ഹൃദയത്തിന്റെ ഭ്രാന്തമായ താള വ്യതിയാനങ്ങളില്‍ ഒന്നായ വെന്‍ട്രിക്കുലാര്‍ ഫിബ്രില്ലേഷന് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. 90 ശതമാനം ആളുകളിലും ഇതാണ് കാര്‍ഡിയാക് അറസ്റ്റിന് കാരണം. ഹൃദയത്തിന്റെ മാരക താള വ്യതിയാനങ്ങളായ പള്‍സ് ഇല്ലാത്ത വെന്‍ട്രിക്കുലാര്‍ ടക്കികാര്‍ഡിയ (VT )പള്‍സില്ലാത്ത ഇലക്ട്രിക്കള്‍ ആക്ടിവിറ്റി (PEA), ഹൃദയത്തിന്റെ സമ്പൂര്‍ണ്ണ നിശ്ചലാവസ്ഥ ആയ എസിസ്റ്റോലി (asy stole) എന്നിവയും ഹൃദയസ്തംഭനത്തിന്റെ അവസ്ഥന്തരങ്ങള് ആണ്.
ഒരാള്‍ കാര്‍ഡിയാക് അറസ്റ്റില്‍ ആയ നിമിഷം മുതല്‍ അഞ്ച് മുതല്‍ പത്ത് മിനുറ്റ് നേരത്തേക്ക് കൂടി ജീവന്റെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടായേക്കാം. ഈ പത്ത് മിനുറ്റാണ് സി.പി. ആര് വിന്‍ഡോ. ഈ സമയത്ത് ജീവന് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് ഹൃദയമിടിപ്പ് തിരിച്ചു കിട്ടുന്നതായിരിക്കും.
ഇവിടെ ഞാന്‍ പറയാനാഗ്രഹിക്കുന്ന കാര്യം, മരണത്തിലേക്ക് കയറിപ്പോകുന്ന ഏതൊരാളും തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ കടന്ന് പോകുന്ന ഒരു പൊതു വഴിയാണ് കാര്‍ഡിയാക് അറസ്റ്റ്. കാര്‍ഡിയാക് അറസ്റ്റിലൂടെ അല്ലാതെ ഒരാള്‍ക്ക് മരണത്തിന്റെ വാതില്‍ തുറക്കല്‍ സാധ്യമല്ല. മരിക്കുന്ന എല്ലാവരും ഹൃദയസ്തംഭനം എന്ന അവസ്ഥാ വിശേഷത്തില്‍ എത്തുകയും ഹൃദയതാളം വീണ്ടെടുക്കുന്ന പ്രക്രിയയില്‍ പരാജയപ്പെടുമ്പോള്‍ മരണപ്പെട്ടതായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
അപ്പോള്‍ യഥാര്‍ഥ മരണകാരണം എന്ന് പറയുന്നത് കാര്‍ഡിയാക് അറസ്റ്റ് അല്ല. അത് ഒരു പൊതുവഴി മാത്രമാണ്. മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാവാം. ഉദാഹരണത്തിന് ഹൃദയഘാതം, റോഡപകടങ്ങള്‍, വിഷം തീണ്ടുന്നത്, കാന്‍സര്‍, രക്തത്തിലെ മൂലകങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, തൊണ്ടയില്‍ കുടുങ്ങിയ അന്യ പദാര്‍ഥങ്ങള്‍, കോവിഡും മറ്റ് അണു ബാധകളും മരക വിഷങ്ങളും ചില മരുന്നുകളുടെ ആധിക്യവും, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍, വൃക്കരോഗം, രക്തകുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത്, അമിത രക്തസ്രാവം, അനസ്തേഷ്യ അപകടങ്ങള്‍ തുടങ്ങി അനവധി കാരണങ്ങള്‍ ഉണ്ട് ഒരാളെ മരണത്തിലേക്ക് തള്ളി വിടാന്‍. ഇത് എന്താണ് എന്ന് നിര്‍ണയിക്കാന്‍ ഒരു ഡോക്ടര്‍ക്ക് ചിലപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിന് മാത്രമേ കഴികയുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ ഈ പാനലിനും മരണകാരണം നിര്‍ണയിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃതശരീരം മരണാനന്തര പരിശോധന ആയ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കേണ്ടതുണ്ട്.
(ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന് വിഭാഗം ഡയറക്ടറാണ് ലേഖകന്‍)
Content Highlights: Cardiac Arrest, Health, Covid19
Published: 05 Jul 2021, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented