മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതക തകരാറാണ് ഡൗണ്‍ സിന്‍ഡ്രോം. ലോകവ്യാപകമായി 800-ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോമുമായി ജനിക്കുന്നു. 1866-ല്‍ രോഗം ആദ്യമായി വിശദീകരിച്ച ഡോ. ജോൺ ലാങ്ടൺ ഡൗണിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നു.
എന്താണ് ഡൗണ്‍ സിന്‍ഡ്രോം?
ഇതൊരു രോഗമല്ല, ഒരു അവസ്ഥയാണ്. മറ്റുള്ളവരില്‍ നിന്നും അല്പം വ്യത്യാസപ്പെട്ട വ്യക്തികള്‍ എന്നു മാത്രം. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നമ്പര്‍ 21 ക്രോമസോമില്‍, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു.
പ്രത്യേകതകള്‍ എന്തെല്ലാം?
മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവും ആയി ഇവരില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. കഴുത്തുറയ്ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധിവികാസത്തിനും കാലതാമസം ഉണ്ടാകും. ശാരീരികമായുള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താന്‍ കഴിയും. പരന്ന മുഖം, കണ്ണിലുള്ള വ്യത്യാസം, പുറത്തേക്ക് തള്ളി നില്ക്കുന്ന നാവ്, പേശീബലക്കുറവ് ഹൃദയസംബന്ധമായ രോഗങ്ങള്‍, കാഴ്ച, കേള്‍വി തകരാറ്, ഇടയ്ക്കിടക്കുള്ള സൈനസ് അണുബാധ, തൈറോയ്ഡ് പ്രശ്നങ്ങള്‍, കുടല് സംബന്ധമായ രോഗങ്ങള്‍, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഈ കുട്ടികളില്‍ ഉണ്ടാകാം. മുതിര്‍ന്നു കഴിയുമ്പോള്‍ രക്താര്‍ബുദം, മറവിരോഗം തുടങ്ങിയവ പൊതുസമൂഹത്തെ അപേക്ഷിച്ച് ഡൗണ്‍ സിന്‍ഡ്രോം ബാധിതരില്‍ ഉണ്ടാകാനുള്ള
സാധ്യത കൂടുതലാണ്.
കാരണം എന്താണ്?
ഇതൊരു പാരമ്പര്യ രോഗമല്ല. ജനിതകമായ ഒരു അവസ്ഥയാണ്. ജനിക്കുന്ന ഏത് കുഞ്ഞിനെയും ബാധിക്കാം. അമ്മയുടെ പ്രായക്കൂടുതല്‍ ആണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി കാണുന്നത്. അമ്മയുടെ പ്രായം 45 വയസ്സിനു മുകളിലാണെങ്കില്‍ ശരാശരി 30-ല്‍ ഒരു കുട്ടി എന്ന രീതിയില്‍ ഡൗണ്‍ സിന്‍ഡ്രോം ഉണ്ടാകാം. പക്ഷേ, ഏതു പ്രായത്തിലുള്ള അമ്മയുടെ കുഞ്ഞിനെയും ഇതുബാധിക്കാം.
നിര്‍ണയം എങ്ങനെ?
ഗര്‍ഭകാലത്തു തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്കാനിംഗ് എന്നിങ്ങനെ സ്ക്രീനിംഗ് ടെസ്റ്റുകള്‍ ലഭ്യമാണ്. സ്ക്രീനിംഗ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്നിയോസെന്റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിങ്ങ് തുടങ്ങിയവ ചെയ്യാം. ജനനശേഷമായാലും കാരിയോടൈപ്പിങ്ങ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്.
എങ്ങനെ ചികിത്സിക്കാം?
ജനിതക തകരാറായതിനാൽ ഒരു മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ശിശുരോഗ വിദഗ്ധന്‍, കാര്‍ഡിയോളജിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്, കണ്ണ്, നേത്രരോഗ വിഭാഗങ്ങള്‍, സര്‍ജറി തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്. നിര്‍ദിഷ്ട സമയങ്ങളില്‍ വിവിധ രോഗങ്ങളുടെ സ്ക്രീനിംഗ് ഈ കുട്ടികളില്‍ ചെയ്യേണ്ടതാണ്. ഒക്ക്യൂപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി തുടങ്ങിയവ കുട്ടികളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കും.
ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ ശരാശരി ബുദ്ധിവികാസം 8-9 വയസ്സിന്റെ ആണ്. പക്ഷേ, ഓരോ വ്യക്തിയെ അനുസരിച്ചും മാറ്റമുണ്ടാകാം. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ വളരെ സൗഹൃദ മനോഭാവം ഉള്ളവരും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്നവരും ആണ്. രക്ഷകര്‍ത്താക്കള്‍ക്കു ഈ രോഗത്തെ പറ്റി ശരിയായ അവബോധം വളര്‍ത്തിയെടുക്കേണ്ടത് ചികിത്സക്ക് അത്യാവശ്യംമാണ്. അവരുടെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും തെറ്റ് കൊണ്ടല്ല കുഞ്ഞിന് ഇങ്ങനെ വന്നത് എന്ന് അവരെ ബോധിപ്പിക്കുക. അവരുടെ കൂടി ശ്രമഫലമായി മാത്രമേ കുഞ്ഞിന്റെ അവസ്ഥയില്‍ ശരിയായ പുരോഗതി ഉണ്ടാവുകയുള്ളൂ. ഇത്തരം കുട്ടികളെയും അവരുടെ കുടുംബത്തെയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ അവര്‍ക്ക് താങ്ങായി നില്ക്കാന് ആണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. ഡൗണ്‍ സിന്‍ഡ്രോം സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഇതിനെ ഒരു പരിധിവരെ സഹായിക്കുന്നു.
നേരത്തെ രോഗനിര്‍ണ്ണയം നടത്തി ശരിയായ ഇടപെടല്‍ നടത്തിയാല്‍ സ്വന്തം കാര്യം നോക്കാനും വരുമാനം ഉണ്ടാക്കാനും ഉതകുന്ന രീതിയില്‍ ഒരു പരിധിവരെ അവരെ പ്രാപ്തരാക്കുവാന്‍ കഴിയും.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യനാണ് ലേഖിക.
Content Highlights: symptoms and causes of down syndrome, world down syndrome day
Published: 21 Mar 2024, 05:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented