ന്ന് ലോക റോസാ ദിനമാണ്. കാൻസർ ബാധിച്ചവർക്ക് സാന്ത്വനമേകുന്നതിനായി മാറ്റിവെച്ച സ്‌നഹത്തിന്റെ, പരിഗണനയുടെ, പരിലാളനത്തിന്റെ ദിനം. അനന്യയിലേക്ക് വരുന്നതിന് മുൻപ് ആ ദിനത്തിന് കാരണക്കാരിയായ മറ്റൊരാളെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. അവളുടെ പേര് മെലിൻഡ റോസ്. റോസാപുഷ്പം പോലെ സുന്ദരിയായിരുന്നു ആ കൊച്ചുപെൺകുട്ടി. കനേഡിയൽ സ്വദേശി. സഹപാഠികൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും അവൾ ഒരു ചിത്രശലഭത്തെപ്പോലെ പാറി പറന്ന് നടന്നു. പ്രിയപ്പെട്ടവർ സ്‌നേഹത്തോടെ അവളുടെ പേരിന്റെ രണ്ടാംഭാഗം മാത്രമായി വിളിച്ചു.

To advertise here,

 

സന്തോഷജീവിതത്തിന്റെ ആയുസ്സ് അധികനാളുണ്ടായിരുന്നില്ല. 1994ൽ തന്റെ പന്ത്രണ്ടാം വയസ്സിൽ നെഞ്ചിൽ അസ്വസ്ഥതയുമായി ചികിത്സ തേടിയ റോസിനെയും കുടുംബത്തെയും കാത്തിരിക്കുന്ന വാർത്ത ഹൃദയഭേദകമായിരുന്നു. റോസ് അസുഖബാധിതയാണ്. സാധാരണ അസുഖമല്ല, നെഞ്ചിന്റെ ഭിത്തിയെ ബാധിക്കുന്ന അപൂർവ്വവും സങ്കീർണ്ണവുമായ ആസ്‌കിൻസ് ട്യൂമർ എന്ന കാൻസർ. ആഴ്ചകൾ മാത്രമേ അവളുടെ ശരീരത്തിൽ ജീവൻ അവശേഷിച്ചിരിക്കുകയുള്ളൂ. അവൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

 

എല്ലാവരും ദുഖിതരായിരുന്നു. എന്നാൽ അവിടെയും അവൾ ചിത്രശലഭമായി മാറി. ദുഖിച്ചിരിക്കുന്നതിന് പകരം മറ്റുള്ളവരുടെ ദുഖമകറ്റാനായി അവൾ പാറിപ്പറന്ന് നടന്നു. എല്ലാവരുടെ അരികിലുമെത്തി. അവളുടെ സാന്നിദ്ധ്യം അവർക്ക് അനുഗ്രഹമായിരുന്നു. പലരിലും അവൾ ആത്മവിശ്വാസമേകി. അവിശ്വസനീയമായ രീതിയിൽ പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ആഴ്ചകൾ മാത്രം ആയുസ്സ് വിധിച്ച റോസ് ആറ് മാസം കൂടി ജീവിച്ചു. റോസിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും സെപ്തംബർ 22 റോസ് ദിനമായി ആചരിക്കുന്നത്.

 

നാല് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഞാൻ അനന്യയെ കാണുന്നത്. ഇതുപോലൊരു റോസ് ദിനത്തിൽ. അന്ന് അവൾ കോളേജ് വിദ്യാർഥിനിയാണ്. മറ്റൊരു ഡോക്ടറുടെ ഒ. പി യ്ക്ക് മുന്നിൽ ഊഴം കാത്തിരിക്കുകയാണ് അവൾ. റോസ് ദിനത്തിൽ ആശുപത്രിയിലെത്തിയ സന്നദ്ധ പ്രവർത്തകരിലാരോ കൈമാറിയ റോസാപുഷ്പം എന്റെ കയ്യിലുണ്ടായിരുന്നു. യാദൃശ്ചികമായാണ് എന്നെയും എന്റെ കയ്യിലുള്ള റോസാപുഷ്പത്തെയും നോക്കിയിരിക്കുന്ന അനന്യയെ ഞാൻ കണ്ടത്. ഒരു നിമിഷം ഞാനവിടെ നിന്നു. റോസാപുഷ്പം അവൾക്ക് കൈമാറി. എഴുന്നേറ്റ് നിന്ന് റോസാപുഷ്പം കൈപ്പറ്റിയ അവളുടെ നിരാശാഭരിതമായ മുഖത്ത് ഒരു ചെറുപുഞ്ചിരിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഒരു മിനിറ്റോളം ഞാനവിടെ നിന്നിട്ടുണ്ടാകും. ചെറിയ വാക്കുകളിൽ മെലിൻഡ റോസിന്റെ കഥ അവൾക്ക് പറഞ്ഞുകൊടുത്തു.

 

പിന്നീട് ഓരോ സന്ദർശനത്തിലും അനന്യ എന്റെ ഒ പി യിലുമെത്തും. ' സുഖമല്ലേ ഡോക്ടർ' എന്ന ഒരു ചോദ്യം. അതിൽ കൂടുതലൊന്നുമുണ്ടാകില്ല. അടുത്ത വർഷം റോസ് ദിനമായപ്പോൾ അവൾ വീണ്ടും വന്നു. ഇത്തവണ കൈ നിറയെ റോസാ പുഷ്പങ്ങളുണ്ടായിരുന്നു. ഒന്നെനിക്കും തന്നു. ബാക്കിയെല്ലാം അവിടെയുള്ള മറ്റ് രോഗികൾക്കായി കൈമാറി. എല്ലാവരോടും അവൾ റോസിന്റെ കഥപറഞ്ഞു. കഴിഞ്ഞ വർഷവും റോസ് ദിനത്തിൽ അവളെത്തി. പതിവ് ആവർത്തിച്ചു. ഇതിനിടയിൽ അനന്യയുടെ രോഗം പൂർണ്ണമായി മാറി. ഇപ്പോൾ അവൾ ബാംഗ്ലൂരിൽ ഐ. ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇത്തവണ നാട്ടിലെത്താൻ സാധിക്കാത്തതിനാലാണ് വാട്‌സ് ആപ്പിൽ റോസാപൂവെത്തിയത്.

 

അന്ന് ആ റോസാപുഷ്പം കൈമാറാൻ തോന്നിയത് യാദൃശ്ചികമായിരുന്നു. എന്നാൽ അത് ആ പെൺകുട്ടിയുടെ ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനം എത്ര വലുതായിരുന്നു എന്ന് തിരിച്ചറിയുന്നു. മരുന്നിനും സർജറിക്കുമെല്ലാമൊപ്പം ഇത്തരം ചെറിയ സ്‌നേഹപ്രകടനവും രോഗികളുടെ ആരോഗ്യത്തിലേക്കുള്ള മടങ്ങിവരവിന് വലിയ ഗുണം ചെയ്യുമെന്നത് അനുഭവങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കുന്നു.

 

' ഹായ് അനന്യ സുഖമാണോ?'

 

' അതെ ഡോക്ടർ. സുഖം, ഞാനിപ്പോൾ ബാംഗ്ലൂരിലെ ഒരു കാൻസർ സെന്ററിലാണ്'

 

' അയ്യോ, അസുഖം വീണ്ടും തലപൊക്കിയോ?'

 

' ഇല്ല ഡോക്ടർ, ഇവിടെയും ധാരാളം അനന്യമാരുണ്ട്. അവർക്കിടയിലെ റോസ് ആവാനുള്ള പരിശ്രമത്തിലാണ്...'.

 

' നല്ല കാര്യം അനന്യ, ഈ ആത്മസമർപ്പണം എന്നും ജീവിതത്തിൽ നിലനിർത്തൂ'.

 

' നന്ദി, ഡോക്ടർ, പതിവ് പോലെ ഇന്നും ഈ ദിനം ഞാൻ ഡോക്ടറെ ഓർത്താണ് തുടങ്ങിയത്...നന്ദി'.

 

പ്രിയപ്പെട്ടവരേ, ഇതിൽപരം സന്തോഷം ഒരു ഡോക്ടർക്ക് മറ്റെന്താണുള്ളത്.

(ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ആണ് ലേഖകൻ)